സർക്കാർ സഹായം കാത്ത് സപ്ലൈകോ; കിട്ടാനുള്ളത് 250 കോടി
text_fieldsകൊച്ചി: പൊതുവിപണിയിൽ വില ഉയരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളുടെ ആശ്രയമായി മാറേണ്ട സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് (സപ്ലൈകോ) സർക്കാർ സഹായം വൈകുന്നു. കുടിശ്ശികയുള്ള 450 കോടി ഉടൻ അനുവദിക്കണമെന്ന് സപ്ലൈകോ ആവശ്യപ്പെെട്ടങ്കിലും 200 കോടി മാത്രമാണ് അനുവദിച്ചത്.
വിലക്കയറ്റം തടയാൻ സർക്കാർ ഇടപെടുന്നില്ലെന്നും സപ്ലൈകോയിൽ സബ്സിഡി ഉൽപന്നങ്ങൾക്ക് ക്ഷാമം നേരിടുന്നെന്നും ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് ഇത്. ഉൽപന്നങ്ങൾ സബ്സിഡി നിരക്കിൽ വിറ്റഴിച്ചതടക്കം വിവിധയിനങ്ങളിലായാണ് സപ്ലൈകോക്ക് സർക്കാർ കോടികൾ നൽകാനുള്ളത്. ഇൗ തുക കിട്ടിയാൽ വാങ്ങൽ നടപടികൾ ഉൗർജിതപ്പെടുത്താനും അവശ്യസാധനങ്ങളുടെ ലഭ്യത ഒരു പരിധിവരെ ഉറപ്പാക്കാനും കഴിയും. പൊതുവിപണിയിൽ അരിയും വെളിച്ചണ്ണയുമടക്കം ഉൽപന്നങ്ങൾക്ക് വില അനുദിനം ഉയരുന്ന സാഹചര്യത്തിൽ സപ്ലൈകോയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.
എന്നാൽ, സബ്സിഡി ഉൽപന്നങ്ങൾ കിട്ടാനില്ല എന്നാണ് ഉപഭോക്താക്കളുടെ പരാതി. ഇത്തരം സാധനങ്ങൾ സ്വകാര്യ കച്ചവടക്കാർക്ക് മറിച്ചുവിൽക്കുന്നതായും ആരോപണം ഉയർന്നിരുന്നു. പൊതുവിപണിയിലേതിന് ആനുപാതികമായി സബ്സിഡി ഇതര ഉൽപന്നങ്ങൾക്ക് സപ്ലൈകോയും വില ഉയർത്തുന്നുണ്ട്. ഇത് സപ്ലൈകോയുടെ നയമാണെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം, പൊതുവിപണിയിൽ വില കൂടിയതോടെ സപ്ലൈകോ വിൽപനശാലകളിൽനിന്ന് വാങ്ങുന്നവരുടെ എണ്ണം വർധിച്ചതാണ് സബ്സിഡി ഉൽപന്നങ്ങൾ പെെട്ടന്ന് തീരാൻ കാരണമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.പി.എം. മുഹമ്മദ് ഹനീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
പൊതുവിപണിയിൽ 240 രൂപയുള്ള വെളിച്ചെണ്ണ 90 രൂപക്ക് നൽകുേമ്പാൾ സ്വാഭാവികമായും എല്ലാവർക്കും കിട്ടണമെന്നില്ല. എങ്കിലും സബ്സിഡി സാധനങ്ങളുടെ ലഭ്യത പരമാവധി ഉറപ്പാക്കിയിട്ടുണ്ട്. ടെൻഡർ നടപടികൾക്ക് തടസ്സമില്ല. വിതരണക്കാർ യഥാസമയം ഉൽപന്നങ്ങൾ എത്തിച്ചുതരുന്നതിൽ വീഴ്ചവരുത്തുന്നുണ്ടെങ്കിൽ അക്കാര്യം ഗൗരവമായി പരിശോധിക്കുമെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.