1650 കോടി കുടിശ്ശികക്കായി കെഞ്ചി സപ്ലൈകോ; പണം തരൂ, ഇല്ലെങ്കിൽ പൂട്ടും
text_fieldsകൊച്ചി: കടക്കെണിയിൽ പിടിച്ചുനിൽക്കാൻ വിഷമിക്കുന്ന സപ്ലൈകോ, കുടിശ്ശികയിൽ പകുതിയെങ്കിലും തന്നില്ലെങ്കിൽ ഔട്ട്ലറ്റുകൾ അടച്ചിടേണ്ടിവരുമെന്ന് സർക്കാറിനെ അറിയിച്ചു. വിവിധ ഘട്ടങ്ങളിലായി വിപണിയിൽ ഇടപെട്ട വകയിൽ ഏകദേശം 1650 കോടി രൂപയാണ് സർക്കാറിൽനിന്ന് കിട്ടേണ്ടത്. 820 കോടി കുടിശ്ശികയായതോടെ സ്ഥിരം കരാറുകാര്‍ ആരും ടെൻഡറിൽപോലും പങ്കെടുക്കുന്നില്ല. ക്രിസ്മസ്-പുതുവത്സര വിപണിയിലടക്കം കടുത്ത പ്രതിസന്ധി നേരിട്ടതോടെ നാമമാത്ര ചന്തകൾ മാത്രമാണ് തുടങ്ങാനായത്. ഇതെങ്കിലും സാധിച്ചത് കരാറുകാർക്ക് അവസാന നിമിഷം കുടിശ്ശിക 40 ശതമാനം വരെ ലഭ്യമാക്കിയാണ്. എന്നിട്ടും സബ്സിഡി സാധനങ്ങൾ ലഭ്യമാക്കാനായില്ല.
ബാധ്യത സംബന്ധിച്ച സപ്ലൈകോ എം.ഡിയുടെ റിപ്പോർട്ട് സഹിതം ധനമന്ത്രിയുമായി ഭക്ഷ്യമന്ത്രി നടത്തിയ ചർച്ചയിലാണ് അടിയന്തര ഇടപെടൽ ആവശ്യം മുന്നോട്ടുവെച്ചത്. മാസങ്ങളായി ഉന്നയിക്കുന്ന 500 കോടിയുടെ സഹായംപോലും അനുവദിക്കാത്ത പശ്ചാത്തലത്തിലാണ് ഔട്ട്ലറ്റുകൾ പൂട്ടിയിടേണ്ടിവരുന്ന സ്ഥിതി ബോധ്യപ്പെടുത്തിയത്.
കുടിശ്ശിക തീര്‍ത്തുനൽകാതെ വിപണി ഇടപെടൽ സാധ്യമാകില്ല. വിപണി ഇടപെടലിന് ഓണത്തിനുശേഷം തുകയൊന്നും നൽകിയിട്ടില്ല. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ അഞ്ഞൂറിലേറെ വിതരണക്കമ്പനികൾക്കാണ് കോടികൾ കുടിശ്ശികയുള്ളത്. പൊതുവിപണി ഇടപെടലിന് 1525 കോടി കിട്ടേണ്ടിടത്ത് 120 കോടി മാത്രം അനുവദിച്ചതും പ്രശ്നമായി. വിദ്യാഭ്യാസ വകുപ്പ് 200 കോടിയും കിറ്റ് വിതരണത്തിന്റെ 158 കോടിയും കിട്ടാനുണ്ടെന്നും സപ്ലൈകോ ചൂണ്ടിക്കാട്ടുന്നു.
വിതരണക്കാർക്കുള്ള കുടിശ്ശികയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. കുടിശ്ശിക തീർക്കാത്തതിനാൽ ടെൻഡർ എടുക്കാനാളില്ലാത്ത സ്ഥിതി തുടരുകയാണ്. സംസ്ഥാനത്തെ മിക്ക ഔട്ട്ലറ്റുകളിലും സബ്സിഡി സാധനങ്ങൾ മാസങ്ങളായി എത്തിയിട്ടില്ല.
സബ്സിഡി സാധനങ്ങളുടെ വിലവർധന ഉടന്‍
വിദഗ്ധസമിതി ഭക്ഷ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരിക്കെ സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വിലവർധന ഉടനുണ്ടാകും. ബുധനാഴ്ചത്തെ മന്ത്രിസഭ ഇതിന് അംഗീകാരം നൽകിയേക്കും.
2016നുശേഷം സപ്ലൈകോയിൽ വിലവർധന ഉണ്ടായിട്ടില്ലെന്നാണ് സർക്കാർവാദം. അന്ന് വിലകൂട്ടിയപ്പോൾ വിപണി വിലയുടെ 25 ശതമാനം മാത്രമായിരുന്നു സപ്ലൈകോയിലെ വില. ഇക്കുറി വില കൂട്ടുമ്പോഴും വിപണി വിലയുടെ 25 ശതമാനം മാത്രമായിരിക്കും സപ്ലൈകോയിലെ നിരക്കെന്നാണ് ഭക്ഷ്യ വകുപ്പ് നൽകുന്ന വിവരം. നിലവിൽ 13 സാധനങ്ങളാണ് സബ്സിഡി നിരക്കിൽ നൽകുന്നത്. സബ്സിഡി സാധനങ്ങളുടെ എണ്ണം കൂട്ടുന്നതും പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.