സപ്ലൈകോയോട് ധനവകുപ്പ്; പണം തരില്ല
text_fieldsകൊച്ചി: പൊതുവിപണിയിൽ ഇടപെടൽ സാധിക്കാത്ത വിധം സപ്ലൈകോ പ്രതിസന്ധിയിലായത് പിടിപ്പുകേട് കാരണമെന്ന് ധനവകുപ്പ്. സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ തീർന്നിരിക്കെ പൊതുവിപണിയിൽ അവശ്യസാധന വില ഉയരുകയാണ്. കുടിശ്ശിക തുക അനുവദിക്കാൻ ധനവകുപ്പ് തയാറായിട്ടുമില്ല. സപ്ലൈകോ മാനേജ്മെന്റിന് സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിലടക്കം വീഴ്ച സംഭവിച്ചെന്ന വിലയിരുത്തലിലാണ് സർക്കാർ.
വീഴ്ച ചൂണ്ടിക്കാട്ടുന്ന ധനവകുപ്പ്, ചോദിക്കുന്ന പണം അത്രയും ‘കണ്ണടച്ചു നൽകി’ സപ്ലൈകോയെ നിലനിർത്താനാകില്ലെന്നും കഴിഞ്ഞദിവസം ഭക്ഷ്യവകുപ്പിനെ അറിയിച്ചു. വിപണി ഇടപെടലിന് സപ്ലൈകോയെ സജ്ജമാക്കാൻ 500 കോടി അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യവകുപ്പ് ധനവകുപ്പിന് കത്ത് നൽകുകയും മന്ത്രി ജി.ആർ. അനിൽ, ധനമന്ത്രി കെ.എൻ. ബാലഗോപാലുമായി ചർച്ച നടത്തുകയും ചെയ്തെങ്കിലും കാര്യങ്ങൾ വരുതിയിലായ ശേഷമേ പണം നൽകൂവെന്ന കർശന നിലപാടിലാണ് ധനവകുപ്പ്.
വിലക്കയറ്റത്തിന്റെ കാലത്ത് വിപണി ഇടപെടൽ പൂർണമായും പാളിയെന്നും 13 ഇനം അവശ്യസാധനങ്ങൾക്ക് വിലക്കയറ്റം ഉണ്ടാകില്ലെന്ന സർക്കാർ വാഗ്ദാനം അട്ടിമറിക്കപ്പെട്ടെന്നും വിലയിരുത്തിയാണ് നിലപാട് കടുപ്പിച്ചത്. സർക്കാറിന്റെ സാമ്പത്തിക ബുദ്ധിമുട്ടും കാരണമാണ്. സംഭരണ കുടിശ്ശിക തീര്‍ക്കാൻ സഹകരണ കണ്‍സോർട്യത്തിൽനിന്ന് പണമെടുക്കുന്ന പതിവ് മാറ്റി മൂന്ന് ബാങ്കുകളുടെ കൺസോർട്യത്തെ സമീപിച്ച സപ്ലൈകോയുടെ ഏകപക്ഷീയ നടപടി കുഴപ്പമായെന്നും നന്നായി പോയിരുന്ന സംവിധാനത്തെ ഇത് തകിടംമറിച്ചെന്നും ധന-സഹകരണ വകുപ്പ് പറയുന്നു.
നെല്ല് സംഭരണത്തിൽ കേന്ദ്ര കുടിശ്ശിക നേടിയെടുക്കുന്നതിലും സപ്ലൈകോ ഗുരുതര വീഴ്ച വരുത്തി. 2018 മുതലുള്ള ഓഡിറ്റ് റിപ്പോര്‍ട്ടുവെച്ച് താമസിപ്പിച്ച സപ്ലൈകോ ഇപ്പോഴാണ് ശ്രമം വേഗത്തിലാക്കിയത്. തുക വകമാറ്റി ചെലവഴിക്കുന്നെന്നും ധനവകുപ്പ് പറയുന്നു. 719 കോടി വിതരണ ഏജൻസികൾക്കു നൽകാനുള്ളതിനാൽ അത്യാവശ്യ സാധനങ്ങളുടെ വിതരണം നിലച്ചതായാണ് സപ്ലൈകോ പറയുന്നത്. കുടിശ്ശിക തീര്‍ത്ത് നൽകാതെ വിപണി ഇടപെടൽ സാധ്യമാകില്ല.നെല്ല് സംഭരണത്തിനായി 200 കോടി അനുവദിച്ച ധനവകുപ്പ് വിപണി ഇടപടലിന് ഓണത്തിനുശേഷം തുകയൊന്നും തന്നിട്ടില്ല. പൊതുവിപണി ഇടപെടലിന് 1525 കോടി കിട്ടേണ്ടിടത്ത് 120 കോടി മാത്രമാണ് അനുവദിച്ചതെന്നും പ്രശ്നമായി. വിദ്യാഭ്യാസ വകുപ്പ് 200 കോടിയും കിറ്റ് വിതരണത്തിന്റെ 158 കോടിയും കിട്ടാനുണ്ടെന്നുമാണ് സപ്ലൈകോയുടെ ന്യായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.