സബ്സിഡിയില്ലാത്ത സാധനങ്ങൾക്ക് സപ്ലൈകോ കുത്തനെ വില കൂട്ടി
text_fieldsതൃശൂർ: കോവിഡ് കാലത്ത് സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) വിൽപനശാലകളിൽ സബ്സിഡി ഇതര സാധനങ്ങൾക്ക് വില കുത്തനെ കൂട്ടി. സൗജന്യകിറ്റിൽ നൽകാത്ത സാധനങ്ങൾക്കാണ് 41 രൂപ വരെ നവംബറിൽ വില വർധിപ്പിച്ചത്.
ആഗസ്റ്റിൽ 172 രൂപയായിരുന്നു ഒരു കിലോ ശബരി ലൂസ് ചായയുടെ വില. സെപ്റ്റംബർ, ഒക്ടോബറിൽ ഇത് 37 രൂപ കൂടി 209 ആയി. നവംബറിൽ 250 രൂപയാണ് വില. 250 ഗ്രാമിെൻറ ശബരി സൂപ്രിം പാക്കറ്റ് ചായപ്പൊടി വില 48ൽനിന്ന് 60 ആയി. ആഗസ്റ്റിൽ 120 രൂപയുണ്ടായിരുന്ന മുളകിന് രണ്ട് മാസങ്ങളിൽ നാല് രൂപയാണ് കൂടിയത്.
നവംബറിൽ 124ൽ നിന്ന് 164 രൂപയാക്കി വർധിപ്പിക്കുകയായിരുന്നു. ഉലുവക്ക് മൂന്ന് മാസത്തിനിടെ 18 രൂപയാണ് കൂടിയത്. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ 66 രൂപയുണ്ടായിരുന്നത് ഒക്ടോബറിൽ 80 ആയി. നവംബറിൽ 84 ആയി. ആഗസ്റ്റിലെ 60 രൂപയിൽനിന്ന് നവംബറിൽ 76 രൂപയിലേക്ക് കടുക് വില ഉയർന്നു.
18 രൂപയാണ് ഇൗമാസം പരിപ്പിന് കൂടിയത്. ചെറുപയർ 102 ആയി. 69 രൂപയുണ്ടായിരുന്ന പയർ അഞ്ച് രൂപ കൂടി 74ൽ എത്തി. കടല ഒക്ടോബറിൽ 68ഉം നവംബറിൽ 70 ഉം ആയി ഉയർന്നു. ആഗസ്റ്റിൽ 88 രൂപയുണ്ടായിരുന്ന മല്ലി രണ്ട് രൂപ കൂടി 90 രൂപയായി. സൗജന്യകിറ്റിൽ ലഭിക്കാത്ത സബ്സിഡിയിതര സാധനങ്ങൾക്കാണ് ഈ വിലക്കയറ്റം.
കിറ്റ് ഒരുക്കലിെൻറ സാഹചര്യത്തിൽ സബ്സിഡി സാധനങ്ങൾ വിൽപനശാലകളിൽ ആവശ്യത്തിനില്ലാത്ത സാഹചര്യവുമുണ്ട്. സർക്കാർ നൽകേണ്ട കോടിക്കണക്കിന് രൂപയുടെ തുക നൽകാത്തതാണ് കാര്യങ്ങൾ കുഴയാൻ കാരണം. അതേസമയം, അരി വില കുറഞ്ഞത് ആശ്വാസമായി. കുറുവ അരി 30ൽ നിന്ന് 29 ആയി കുറഞ്ഞപ്പോൾ ജയ 34ൽ നിന്ന് 32 രൂപയായി കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.