സപ്ലൈകോ ഓണച്ചന്തക്ക് ഇന്ന് തുടക്കം
text_fieldsകൊച്ചി: സപ്ലൈകോ ഓണം ഫെസ്റ്റിന്റെ ഭാഗമായുള്ള ഓണം ഫെയറിന് വെള്ളിയാഴ്ച വൈകീട്ട് 3.30ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിക്കും. റീബ്രാൻഡ് ചെയ്ത ശബരി ഉൽപന്നങ്ങളും പുതിയ ശബരി ഉൽപന്നങ്ങളും മന്ത്രി വി. ശിവൻകുട്ടി പരിചയപ്പെടുത്തും. ആദ്യ വിൽപന മന്ത്രി ആൻറണി രാജു നിർവഹിക്കും.
ഓണം ഫെയറിലും സപ്ലൈകോ വിൽപന ശാലകളിലും സബ്സിഡി സാധനങ്ങൾ നൽകുന്നതിന് പുറമെ, 28 വരെ നിത്യോപയോഗ സാധനങ്ങൾക്ക് ഓഫർ ഉണ്ടാകുമെന്ന് വാർത്തക്കുറിപ്പിൽ അറിയിച്ചു. ജില്ല ഫെയറുകളിൽ ശബരി വെളിച്ചെണ്ണ രണ്ട് ലിറ്ററിന് ഒരു ലിറ്റർ സൗജന്യം, ശബരി ആട്ട രണ്ടുകിലോ വാങ്ങുമ്പോൾ ഒരു കിലോ സൗജന്യം എന്നീ ഓഫറുകൾക്ക് പുറമെ തെരഞ്ഞെടുത്ത ശബരി ഉൽപന്നങ്ങൾക്ക് 25 ശതമാനം വരെ വിലക്കുറവുമുണ്ടാകും.
തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ 19നാണ് ഫെയർ ആരംഭിക്കുക. വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഓണത്തിന് 500, 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ നൽകാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇരുപതോ അതിലധികമോ വൗച്ചറുകൾ ഒരുമിച്ച് എടുക്കുന്ന സ്വകാര്യ കമ്പനികൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും ഓരോ 20 വൗച്ചറിനും ഒരു വൗച്ചർ സൗജന്യമായി നൽകും.
ഈ വൗച്ചറുകൾ ഉപയോഗിച്ച് സപ്ലൈകോ വിൽപനശാലകളിൽനിന്നോ ഓണം ഫെയറുകളിൽനിന്നോ ഇഷ്ടാനുസരണമുള്ള സബ്സിഡി ഇതര സാധനങ്ങൾ വാങ്ങാം. വിവിധ ജില്ലകളിലെ ഫെയറുകൾ രാത്രി ഒമ്പതുവരെയാണ് പ്രവർത്തിക്കുക. എറണാകുളത്ത് കലൂർ ജവഹർലാൽ നെഹ്റു ഇൻറർനാഷനൽ സ്റ്റേഡിയത്തിലാണ് ജില്ല ഫെയർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.