വിലക്കുറവിൽ വീട്ടുസാധനങ്ങൾ വാങ്ങണോ? സപ്ലൈകോ ഓണം ഫെയറുകൾ 18ന് തുടങ്ങും
text_fieldsതിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം പിടിച്ച് നിർത്താൻ ഓണം ഫെയറുമായി സപ്ലെകോ. ഈമാസം 18 മുതൽ 28 വരെ ഓണം ഫെയർ നടത്തുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന ഓണം ഫെയർ 18 ന് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യും. ജില്ലാ കേന്ദ്രങ്ങളിലും 18 ന് ഓണം ഫെയർ തുടങ്ങും.
ശബരി മട്ടയരി, ആന്ധ്ര ജയ അരി ,പുട്ടുപൊടി, ആട്ട, അപ്പപ്പൊടി എന്നിങ്ങനെ പൊതുവിപണിയിൽ നിന്നും 5 രൂപ വില കുറവിൽ 5 ഉൽപന്നങ്ങൾ സപ്ലൈകോ പുതുതായി വിപണിയിൽ എത്തിക്കും. സബ്സിഡി ഇനത്തിൽ നൽകിവരുന്ന 13 ഭക്ഷ്യ വസ്തുക്കളിൽ 3 ഇനത്തിന്റെ കുറവ് മാത്രമാണ് സ്റ്റോറുകളിൽ ഉള്ളതെന്നും പ്രശ്നങ്ങൾ പെരുപ്പിച്ച് കാട്ടി ആളുകളെ ഭീതിയിലാകുന്നത് മാധ്യമങ്ങളാണെന്നും മന്ത്രി പറഞ്ഞു.
250 കോടിയുടെ വിറ്റുവരവാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. ആധുനിക സൂപ്പർ മാർക്കറ്റുകളോട് കിടപിടിക്കുന്ന രീതിയിലുള്ള വിൽപ്പന തന്ത്രങ്ങളും ഇന്റീരിയർ സൗകര്യങ്ങളുമാണ് ജില്ലാ ഓണം ഫെയറുകളുടെ പ്രത്യേകത. മിൽമ , കേരഫെഡ്, കുടുംബശ്രീ ഉൾപ്പെടെയുളള സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ജില്ലാ ഫെയറിൽ ഉണ്ടാകും. പ്രാദേശിക കർഷകരിൽ നിന്നും സംഭരിക്കുന്ന പച്ചക്കറികളും ജില്ലാ ഫെയറിൽ ലഭിക്കും.
ചന്തകളിലെ വിൽപ്പന വർധിപ്പിക്കുന്നതിനായി പൊതുമേഖല / സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് അവിടങ്ങളിലെ ജീവനക്കാർക്ക് 500/- 1000- രൂപ നിരക്കിലുള്ള കൂപ്പണുകൾ സൗജന്യ നിരക്കിൽ വിതരണം ചെയ്യും. 20 കൂപ്പൺ ഒരുമിച്ചെടുക്കുന്ന സ്വകാര്യ കമ്പനികൾക്കും പൊതുമേഖലാസ്ഥാപനങ്ങൾക്കും ഒരു കൂപ്പൺ സൗജന്യമായിരിക്കും.
ഈ കൂപ്പൺ ഉപയോഗിച്ച് സപ്ലൈകോയുടെ ഇഷ്ടമുള്ള വിൽപ്പനശാലയിൽ നിന്നും സാധനങ്ങൾ വാങ്ങാം.
സബ്സിഡി സാധനങ്ങൾക്ക് പുറമെ വിവിധ നിത്യോപയോഗ സാധനങ്ങൾക്ക് കോമ്പോ ഓഫറുകളടക്കം വമ്പിച്ച ഓഫറുകളാണ് നൽകുക.5 ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൾ ലഭിക്കും.
ആഗസ്റ്റ് പത്തോടുകൂടി എല്ലാ അവശ്യസാധനങ്ങളുടെയും ലഭ്യത സപ്ലൈകോ വിൽപ്പനശാലകളിൽ ഉറപ്പുവരുത്തും. സപ്ലൈകോ വിൽപ്പനശാലകളിലെ ഒരു മാസത്തെ ശരാശരി വിൽപ്പന 270 കോടിയാണ്. മുമ്പ് ഇത് 252 കോടിയായിരുന്നു.സബ്‌സിഡി സാധനങ്ങൾ വാങ്ങാനായി ഒരു മാസം 45 ലക്ഷത്തോളംപേർ സപ്ലൈകോ വിൽപ്പനശാലകളെ ആശ്രയിക്കുന്നുണ്ട്. സപ്ലൈകോയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധി ഒരു തരത്തിലും ഓണം ഫെയറുകളെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.