സപ്ലൈകോ ഔട്ട്ലെറ്റുകൾ പൂട്ടുന്നു
text_fieldsകൊച്ചി: വിപണി ഇടപെടലിന് സാധിക്കാത്തവിധം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഭക്ഷ്യവകുപ്പ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഫണ്ട് അനുവദിക്കാത്ത സാഹചര്യത്തിൽ പ്രവർത്തനം വഴിമുട്ടി സപ്ലൈകോ. കച്ചവടം ഏതാണ്ടില്ലാതായതോടെ, മിക്ക ഔട്ട്ലെറ്റുകളും അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണ്. എറണാകുളം കടവന്ത്ര ഗാന്ധിനഗറിലെ സപ്ലൈകോ ആസ്ഥാനത്തെ ഹൈപ്പർ മാർക്കറ്റിന്റെ ഒന്നാംനില സാധനങ്ങളില്ലാത്തതിനാൽ പൂട്ടി. ഈ നിലയിൽ വെച്ചിരുന്ന സബ്സിഡി സാധനങ്ങളുൾപ്പെടെയുള്ളവ താഴത്തെ നിലയിലേക്ക് മാറ്റി. താഴത്തെ നിലമാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
കടക്കെണിയിൽ പിടിച്ചുനിൽക്കാൻ വിഷമിക്കുന്ന സപ്ലൈകോക്ക് കരാറുകാർ സാധനങ്ങൾ നൽകാത്തതാണ് പ്രതിസന്ധി. കോടികളുടെ കുടിശ്ശിക വന്നതാണ് കരാറുകാർ മുഖംതിരിക്കാൻ കാരണം. സബ്സിഡി സാധനങ്ങളുടെ വിലവർധന നടപ്പാക്കിയിട്ടുപോലും പിടിച്ചുനിൽക്കാനാകാത്ത സ്ഥിതിയുണ്ടായത് ഇതോടെയാണ്. സബ്സിഡിയിതര സാധനങ്ങളും ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഔട്ട്ലെറ്റുകൾ കാലിയായത്. വൻ കുടിശ്ശികയുള്ളതിനാൽ കമ്പനികൾ സബ്സിഡിയിതര സാധനങ്ങൾ സപ്ലൈകോയിൽ നിന്ന് തിരിച്ചെടുക്കുന്നുമുണ്ട്.
വിൽപന കുറഞ്ഞതോടെ പലയിടത്തും കരാർ ജീവനക്കാരുടെ എണ്ണവും വെട്ടിക്കുറച്ചു. ഓണക്കാലം മുതലാണ് ഔട്ട്ലെറ്റുകളിൽ സബ്സിഡി സാധനങ്ങളിൽ ക്ഷാമം തുടങ്ങിയത്. എട്ടുമാസമായി സപ്ലൈകോയില്‍ പഞ്ചസാര കിട്ടാക്കനിയാണ്. വിതരണം ചെയ്ത വകയിൽ കിട്ടാനുള്ള 200 കോടിയിലധികം കിട്ടാതെ പഞ്ചസാര നൽകില്ലെന്ന നിലപാടിലാണ് കരാറുകാർ. സബ്സിഡി നിരക്കിൽ നൽകുന്ന വെളിച്ചെണ്ണക്കാകട്ടെ, പൊതുവിപണിയെക്കാൾ ഉയർന്ന വിലയാണ്.
ഇതുവരെ വിപണിയിലിടപെട്ട വകയിൽ 1650 കോടിയോളം കുടിശ്ശികയാണ് സർക്കാറിൽനിന്ന് സപ്ലൈകോക്ക് കിട്ടേണ്ടതെന്നാണ് ഭക്ഷ്യവകുപ്പിന്റെ കണക്ക്. വിതരണക്കാര്‍ക്ക് മാത്രമായി 600 കോടിയും. കോടികൾ കുടിശ്ശികയായതോടെ സ്ഥിരം കരാറുകാരാരും ടെൻഡറിൽ പങ്കെടുക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.