ചെറുകിടക്കാർക്ക് വിലക്ക്, ബഹുരാഷ്ട്ര കമ്പനികൾക്ക് വഴിവെട്ടി സപ്ലൈകോ
text_fieldsകൊച്ചി: ചെറുകിട, തദ്ദേശ ഉൽപാദകരുടെ നിത്യോപയോഗ സാധനങ്ങളുടെ വിൽപനക്ക് ഷോറൂമുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി സപ്ലൈകോ. അതേസമയം, ബഹുരാഷ്ട്ര കമ്പനികളുടെ ഉൽപന്നങ്ങൾ യഥേഷ്ടം വിതരണം ചെയ്യാനും അനുമതി.
ചെറുകിട-സൂക്ഷ്മ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന സർക്കാർ നിലപാടുകളെ കാറ്റിൽ പറത്തിയാണ് ഈ നീക്കം. പത്തുകോടിയിലധികം വിറ്റുവരവുള്ള സി.സി.ഐ.എസ് കമ്പനികൾ, പത്തോ അതിലധികമോ ഡിപ്പോകളിൽ വിൽപനയും അഞ്ചുകോടിയുടെ വാർഷിക വിൽപനയുമുള്ള സി.എൽ.സി കമ്പനികൾ, ഉൽപാദകർതന്നെ വിതരണക്കാരായ പ്രാദേശിക എൽ.എൽ.സി കമ്പനികൾ എന്നിവ വഴിയാണ് സപ്ലൈകോ ഡിപ്പോകളിൽ ഉൽപന്നങ്ങൾ എത്തിക്കുന്നത്. എന്നാൽ, രണ്ടുമാസമായി ഇതിലെ ചെറുകിടക്കാരായ സി.എൽ.സി, എൽ.എൽ.സി കമ്പനികൾക്ക് ഔട്ട്ലെറ്റ് മാനേജിങ് സിസ്റ്റം (ഒ.എം.എസ്), പ്രീ ഓഡിറ്റ് എന്നിവ ഏർപ്പെടുത്തി. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ വിൽപനക്ക് വെക്കുന്ന ഉൽപന്നങ്ങളിൽ നിശ്ചിതദിവസം ബാക്കിയാകുന്ന എണ്ണം കണക്കാക്കി അടുത്ത ഓർഡറിൽ കുറവുവരുത്തുന്ന കമ്പ്യൂട്ടറൈസ്ഡ് സംവിധാനമാണിത്.
ഇതോടെ ചെറുകിട, ഇടത്തരം ഉൽപാദകരുടെയും വിതരണക്കാരുടെയും ഉൽപന്നങ്ങൾ ഔട്ട്ലെറ്റുകളിൽനിന്ന് ഇല്ലാതായിത്തുടങ്ങി. എന്നാൽ, ഇതേ ഇൻഡന്റ് സമ്പ്രദായം വൻകിട കമ്പനികളുടെ ഉൽപന്നങ്ങൾക്ക് ബാധകമല്ലെന്ന് വിവരിച്ച് സപ്ലൈകോ എഫ്.എം.സി.ജി മാനേജർ വ്യാഴാഴ്ച ഉത്തരവും ഇറക്കി. ഔട്ട്ലെറ്റുകളിലെ വിറ്റുവരവ് മനസ്സിലാക്കി ഇന്ത്യൻ, വിദേശ, പ്രാദേശിക ബ്രാൻഡുകളുടെ സ്റ്റോക്ക് ആവശ്യാനുസരണം ഡിപ്പോ മാനേജർമാർക്ക് ആവശ്യപ്പെടാമെന്നും (ഇൻറൻഡ്) അതേ ഉത്തരവിൽ പറയുന്നുമുണ്ട്. വൻകിട കമ്പനികൾക്ക് യഥേഷ്ടം ഉൽപന്നം നൽകാൻ മാത്രം സഹായകമാകുന്ന നിലപാടാണ് ഇതെന്ന് ചൂണ്ടിക്കാട്ടി ചെറുകിട ഉൽപാദകരുടെയും വിതരണക്കാരുടെയും സംഘടന വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.സപ്ലൈകോയിലെ വിതരണത്തിൽനിന്നും 500ലേറെ ചെറുകിട ഉൽപാദകരെ ഒഴിവാക്കിയും ബഹുരാഷ്ട്ര കമ്പനികൾക്ക് കൂടുതൽ പരിഗണന നൽകിയും നടത്തുന്ന നീക്കങ്ങൾക്ക് പിന്നിൽ ഉദ്യോഗസ്ഥ ലോബിയാണെന്നാണ് ആരോപണം. ചെറുകിടക്കാരുടെ ഇൻഡന്റ് വിലക്കി ഡിപ്പോ മാനേജർമാർക്ക് ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്ന് നിർദേശങ്ങൾ നൽകുന്നതായും അറിയുന്നു.
സപ്ലൈകോക്ക് വിറ്റുവരവിൽ കൂടുതൽ മാർജിൻ നൽകുന്നവരാണ് ചെറുകിടക്കാർ. 35 മുതൽ 45 ശതമാനം വരെ മാർജിൻ ഇവർ നൽകുമ്പോൾ 12 മുതൽ 20 ശതമാനം വരെ മാത്രമാണ് ബഹുരാഷ്ട്ര കമ്പനികളുടെ മാർജിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.