സപ്ലൈകോയിൽ വില കൂടിയിട്ടുണ്ട് സാർ...
text_fieldsകോഴിക്കോട്: ‘എട്ടാം വർഷവും വിലയിൽ മാറ്റമില്ലാതെ 13 ഇന അവശ്യ സാധനങ്ങൾ’ എന്നെഴുതിയ വിലവിവര പട്ടിക മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസുൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സപ്ലൈകോയുടെ സ്വന്തം മാവേലി സ്റ്റോറുകളിലും സൂപ്പർമാർക്കറ്റുകളിലും വിൽപനക്കുള്ള 13 സബ്സിഡി സാധനങ്ങളുടെ വില 2016ലും ഇപ്പോഴും ഒരേപോലെ തുടരുന്നെന്നാണ് അവകാശവാദം. ചെറുപയർ മുതൽ വെളിച്ചെണ്ണ വരെയുള്ളതാണ് ഈ 13 അവശ്യ ഭക്ഷ്യ വസ്തുക്കൾ. പല സാധനങ്ങൾക്കും വില വർധിച്ചതായി മാവേലി സ്റ്റോറുകളിൽ പോകുന്നവർക്ക് എളുപ്പം മനസ്സിലാകും. ഇവിടത്തെ സ്റ്റോക്ക് ബോർഡിലേക്ക് ഒന്ന് കണ്ണോടിച്ചാൽ മതി, വില എഴുതിവെച്ചിട്ടുണ്ട്. ബില്ലുകളും സംസാരിക്കുന്ന തെളിവുകളാണ്. മുഖ്യമന്ത്രിയടക്കം പ്രചരിപ്പിക്കുന്ന വിലയല്ലെന്ന് ആർക്കും മനസ്സിലാകും. സ്വകാര്യ സൂപ്പർ മാർക്കറ്റുകളെപോലെ പലയിടത്തും പല വിലയുമുണ്ട്.
സർക്കാർ പ്രചാരണപ്രകാരം ചെറുപയറിന് വില കിലോക്ക് 74 രൂപയാണ്. ഉഴുന്നുപരിപ്പിന് 66ഉം. കോഴിക്കോട്ടെ ഒരു ഗ്രാമപ്രദേശത്തെ മാവേലി സ്റ്റോറിൽ 78 ആണ് ചെറുപയർ വില. ഉഴുന്ന് 70ഉം. വില വർധിച്ചെന്ന് വ്യക്തം. അല്ലെങ്കിൽ വിലയിൽ സർക്കാറിന് നിയന്ത്രണമില്ലെന്ന് പറയേണ്ടി വരും. തുവരപ്പരിപ്പിന് 65 രൂപയാണ് സപ്ലൈകോ വിലയെങ്കിലും പലയിടത്തും ഈടാക്കുന്നത് 70 രൂപ വരെയാണ്. ഈ മാവേലി സ്റ്റോറിൽ പഞ്ചസാര വില കിലോക്ക് 24 രൂപയാണ്. സർക്കാർ വില 22 രൂപയും. നാല് സാധനങ്ങൾ മാത്രമാണ് ഈ മാവേലി സ്റ്റോറിൽ സബ്സിഡിയായി സ്റ്റോക്കുള്ളത്. കഴിഞ്ഞ ഒക്ടോബറിൽ 76 രൂപയായിരുന്നു ഇവിടെ ചെറുപയർ വില. കടലക്ക് 47 രൂപയും. സർക്കാർ വില കടല കിലോ 43 രൂപയാണ്. ഈ മാവേലി സ്റ്റോറിൽ നിന്ന് നാല് കിലോമീറ്റർ അടുത്തുള്ള സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ സർക്കാർ വിലയും ബോർഡിലെ വിലയും തുല്യമാണെങ്കിലും സ്റ്റോക്ക് തീരെ കുറവാണ്. അടുത്ത പഞ്ചായത്തിലെ സൂപ്പർ മാർക്കറ്റിലും പഞ്ചസാര വില 24 രൂപയാണ്. വൻപയർ 45 രൂപയാണെങ്കിലും 49നാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് സബ്സിഡി സാധനങ്ങൾ കൃത്യമായി കിട്ടിയിരുന്നു. ഓണം അടുത്തിരിക്കേ, നിലവിൽ അഞ്ച് സബ്സിഡി സാധനങ്ങൾ പോലും ലഭ്യമല്ലെന്ന് സ്റ്റോക്ക് ബോർഡ് നോക്കിയാൽ വ്യക്തമാകും. ചില മാവേലി സൂപ്പർ മാർക്കറ്റുകളിൽ മുഴുവൻ സാധനങ്ങളുടെയും സബ്സിഡി വിലയും നോൺ സബ്സിഡി വിലയും എഴുതിവെച്ചിട്ടുണ്ട്. എന്നാൽ, അന്വേഷിക്കുമ്പോൾ സ്റ്റോക്കുള്ളത് കുറച്ച് സാധനങ്ങൾ മാത്രം. മുളക് സപ്ലൈകോ സ്റ്റോറുകളിൽ കണ്ടിട്ട് മാസങ്ങളായി. മുളക് കച്ചവടം നിർത്തിയ അവസ്ഥയിലാണെന്നാണ് ചില ഉദ്യോഗസ്ഥർ പറയുന്നത്. സബ്സിഡി അരിയും കിട്ടാനില്ല. അരിയുണ്ടെങ്കിൽ തന്നെ മലബാർ ഭാഗത്ത് മട്ട അരി കൊടുക്കും. മലബാറിൽ കാത്യമായി ചെലവില്ലാത്തതാണ് മട്ട. മലബാറുകാർക്ക് പ്രിയമുള്ള കുറുവ അരി മധ്യകേരളത്തിലെ സ്റ്റോറുകളിലും വിതരണം ചെയ്യുന്നതാണ് പതിവ്.
നോൺ സബ്സിഡി സാധനങ്ങൾക്ക് സ്വകാര്യ മാർക്കറ്റിലേക്കാൾ വിലയും ഈടാക്കുന്നുണ്ട്. ഒരു കിലോ കടലക്ക് 72 മുതൽ 75 വരെയാണ് വിപണി വില. എന്നാൽ, മാവേലി സ്റ്റോറുകളിലെ സബ്സിഡിയില്ലാ കടലക്ക് ഒരു കിലോക്ക് 79.80 രൂപ കൊടുക്കണം. ഗുണനിലവാരം കുറവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.