ഓണക്കിറ്റിലെ 11 ഇനങ്ങളിൽ എട്ടും ഭക്ഷ്യയോഗ്യമായിരുന്നില്ലെന്ന് സപ്ലൈകോ
text_fieldsതിരുവനന്തപുരം: ഓണത്തിന് സപ്ലൈകോ വഴി വിതരണം ചെയ്ത സൗജന്യ ഓണക്കിറ്റിലെ 11 ഇനങ്ങളിൽ എട്ടും ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തൽ. സപ്ലൈകോ നൽകിയ വിവരാവകാശ മറുപടിയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങളുടെ വിവരങ്ങൾ പുറത്തുവന്നത്.
ആലപ്പുഴ, തളിപ്പറമ്പ്, കോഴിക്കോട്, സുൽത്താൻ ബത്തേരി തുടങ്ങി സംസ്ഥാനത്തെ 19 ഡിപ്പോകളിലായി എത്തിച്ച 31 ലോഡ് ശർക്കര ഭക്ഷ്യയോഗ്യമല്ലായിരുന്നു. ഗുണനിലവാരമില്ലാത്ത ശർക്കര നൽകിയതിന് വിതരണക്കാരന് ഒരു വർഷത്തെ വിലക്കും പിഴയും ഈടാക്കാൻ തീരുമാനിച്ചതായി സപ്ലൈകോ അറിയിച്ചു.
16 ഡിപ്പോകളിൽ മോശം പപ്പടം വിതരണം ചെയ്തവരെ മൂന്നു മാസത്തേക്ക് വിലക്കാനും പിഴ ഇൗടാക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, പഞ്ചാസാരയടക്കം മോശം സാധനങ്ങൾ വിതരണം ചെയ്ത മറ്റ് വിതരണക്കാർക്കെതിരെ ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ലെന്നും വിവരാവകാശ രേഖയിൽനിന്ന് വ്യക്തമാണ്.
ആറ് ഡിപ്പോകളിൽ കൊണ്ടുവന്ന ആറ് ലോഡ് പഞ്ചസാര, മൂന്ന് ഡിപ്പോകളിലായി എത്തിച്ച മൂന്ന് ലോഡ് ചെറുപയർ, തുവരൻപരിപ്പും വൻപയറും ഓരോ ലോഡും സാമ്പാർ പൊടിയുടെ മൂന്ന് ബാച്ചും മുളകുപൊടിയുടെ ഒരു ബാച്ചും ഗുണനിലവാരമില്ലാത്തതെന്ന് പരിശോധനയിൽ കണ്ടെത്തി. അതേസമയം ലാബ് റിപ്പോർട്ട് പരിശോധിച്ച് ഗുണനിലവാര സമിതിയാണ് വിതരണക്കാർക്കെതിരെ നടപടി സ്വീകരിക്കേണ്ടതെന്നാണ് സപ്ലൈകോ എം.ഡിയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.