പരിഷ്കാരം വിനയായി; സപ്ലൈകോ വിൽപനശാലകൾ കാലിയാവുന്നു
text_fieldsതൃശൂർ: സാധനങ്ങൾ വാങ്ങുന്നതിന് ഏർപ്പെടുത്തിയ പരിഷ്കാരത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) വിൽപനശാലകൾ കാലിയായി. പുതിയ എം.ഡി ചുമതലയേറ്റതിന് പിന്നാലെ വരുത്തിയ വാങ്ങൽ പ്രക്രിയയിലെ പരിഷ്കാരമാണ് മാവേലി അടക്കമുള്ള മുഴുവൻ വിൽപനശാലകൾക്കും വിനയായത്.
മുമ്പ് ഡിപ്പോ, ഷോപ് മാനേജർമാർ കൂടിയാലോചിച്ചായിരുന്നു അവശ്യ സാധനങ്ങൾ വാങ്ങിയിരുന്നത്. ഡിപ്പോ മാനേജ്മെന്റ് കമ്മിറ്റി യോഗമാണ് അന്തിമ തീരുമാനം എടുത്തിരുന്നത്. എന്നാലിത് മുഖ്യകാര്യാലയത്തിലൂടെ കേന്ദ്രീകൃതമായി വാങ്ങുന്നതിന് സ്വീകരിച്ച നടപടികളാണ് കാര്യങ്ങൾ കുഴക്കുന്നത്. വാങ്ങേണ്ട സാധനങ്ങളുടെ പട്ടിക കൊച്ചിയിലെ മുഖ്യകാര്യാലയത്തിലേക്ക് ഓൺലൈനിൽ നൽകണം. പട്ടിക പരിശോധിച്ച് പർച്ചേസ് വിഭാഗം നൽകുന്ന കുറഞ്ഞ ഓർഡർ വിൽപനശാലകളിൽ വാങ്ങുകയാണ് ഇപ്പോൾ. ഇങ്ങനെ കുറഞ്ഞ അളവിൽ സാധനങ്ങൾ വലിയ വിലക്കുറവിൽ നൽകാനാവാത്ത സാഹചര്യത്തിൽ വിതരണക്കാർ സപ്ലൈകോയെ കൈവെടിയുകയാണ്. ഇതുമൂലം എല്ലാ തരം കമ്പനികളും പ്രാദേശിക ഉൽപാദകരും വിതരണക്കാരും സപ്ലൈകോക്ക് സാധനങ്ങൾ നൽകാൻ മടിക്കുകയാണ് .
നേരത്തേ വിവിധ വിതരണ കമ്പനികളിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഷോപ് മാനേജർമാർ ആവശ്യത്തിനപ്പുറം സാധനങ്ങൾ വാങ്ങിക്കൂട്ടിയിരുന്നു. ഇത് കോർപറേഷന് വലിയ നഷ്ടമാണ് വരുത്തിയത്. ഇത്തരം ഏർപ്പാടുകൾ ഇല്ലാതാക്കാൻ മൊത്തം വിറ്റുവരവിനെ ബാധിക്കുന്ന നടപടികൾ സ്വീകരിക്കുന്നത് അനുഗുണമാവില്ലെന്ന നിലപാടാണ് ജീവനക്കാർക്ക്. പ്രതിമാസം സ്റ്റോക്ക് പരിശോധന കർശനമാക്കുകയും ഡിപ്പോതലത്തിൽ വിൽപനശാലകളിൽ സമയബന്ധിതമായി പരിശോധന നടത്തുകയും ചെയ്താൽ ഇത്തരക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കാനാവും. ഉപഭോഗ വസ്തുക്കള് കുറയുന്നത് ഇടത്തട്ടുകാരെ സപ്ലൈകോയിൽനിന്ന് അകറ്റുമെന്ന് ജീവനക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.