സപ്ലൈകോ സബ്സിഡി സാധനങ്ങളും ഇനി ഇ-പോസ് വഴി
text_fieldsതിരുവനന്തപുരം: സപ്ലൈകോ വഴിയുള്ള സബ്സിഡി സാധനങ്ങളുടെ വിതരണം ഇനിമുതൽ ആധാർ അധിഷ്ഠിത ബയോമെട്രിക് സംവിധാനം വഴിയാകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. ക്രമക്കേടുകളും വരുമാനച്ചോർച്ചയും തടയാൻ ലക്ഷ്യമിട്ടാണ് റേഷൻ കടകൾക്ക് സമാനമായി ഉപഭോക്താക്കളുടെ ആധാർ വിവരങ്ങളും വിരലടയാളവും ഇ-പോസ് മെഷീൻ വഴി പരിശോധിച്ച് 13 ഇന സബ്സിഡി സാധനങ്ങളും വിതരണം ചെയ്യുക. ഇതിനായി റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റത്തിലെ (ആർ.സി.എം.എസ്) ഡേറ്റ സപ്ലൈകോക്ക് നൽകും.
നിലവിൽ സബ്സിഡി സാധനങ്ങൾ റേഷൻകാർഡ് അടിസ്ഥാനമാക്കിയാണ് നൽകുന്നത്. സാധനങ്ങൾ വാങ്ങുന്നവരുടെ റേഷൻ കാർഡ് നമ്പറും സപ്ലൈകോ രേഖപ്പെടുത്താറുണ്ട്. ഇങ്ങനെ സബ്സിഡി സാധനങ്ങൾ വാങ്ങിയവരുടെ വിവരങ്ങൾ ജീവനക്കാർ ദുരുപയോഗം ചെയ്ത് ക്രമക്കേട് നടത്തുന്നതായി വിജിലൻസ് പരിശോധനകളിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബയോമെട്രിക് സബ്സിഡി വിതരണം ആരംഭിക്കുന്നത്.
നെല്ല് സംഭരണത്തിലെ ക്രമക്കേടുകൾ ഒഴിവാക്കാനും ആധാർ ലിങ്ക്ഡ് ബയോമെട്രിക് സംവിധാനം കൊണ്ടുവരാനും ഭക്ഷ്യവകുപ്പ് ആലോചിക്കുന്നുണ്ട്. നിലവിൽ 2.25 ലക്ഷം കർഷകരിൽനിന്നാണ് നെല്ല് സംഭരിക്കുന്നത്. ഇവരുടെ ആധാർ, ബയോമെട്രിക് വിവരങ്ങളും ശേഖരിച്ചുവരുകയാണെന്ന് മന്ത്രി പറഞ്ഞു.
സപ്ലൈകോയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഒമ്പത് പദ്ധതികൾ കൂടി നടപ്പാക്കും. ശബരി ബ്രാൻഡിൽ ഉപ്പ്, പഞ്ചാസാരയടക്കം കൂടുതൽ ഉൽപന്നങ്ങൾ പുറത്തിറക്കും. കെട്ടിക്കിടക്കുന്ന ഫയലുകൾ അദാലത് നടത്തി പരിഹരിക്കും. ഓഡിറ്റ് എത്രയും വേഗം പൂർത്തീകരിക്കും. എല്ലാ സപ്ലൈകോ വിൽപനശാലകളിലും ഇ.ആർ.പി നടപ്പാക്കും - മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.