കർഷകരുടെ മുഴുവൻ നെല്ലും സപ്ലൈകോ സംഭരിക്കും -മന്ത്രി അനിൽ
text_fieldsപാലക്കാട്: ഈ സീസണിൽ ഭൂമിയുടെയും തൂക്കത്തിന്റെയും പരിധിയില്ലാതെ നെല്ല് സംഭരണം ഉറപ്പാക്കി കാലതാമസം ഒഴിവാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. നെല്ല് സംഭരിച്ച് കർഷകർക്ക് സപ്ലൈകോ പാഡി റസീപ്റ്റ് ഷീറ്റ് (പി.ആർ.എസ്) ലഭ്യമായാൽ 15 ദിവസത്തിനകം സംഭരണത്തുക നൽകാൻ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കര്ഷക പ്രതിനിധികളുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കർഷകർ അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ഘട്ടംഘട്ടമായി പരിഹാരം കാണും. അടുത്ത വിള സീസണിൽ നെല്ല് സംഭരണം, തുക വിതരണം തുടങ്ങിയവയിൽ കുറ്റമറ്റ സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഉഴവുകൂലി അടക്കമുള്ള ആനുകൂല്യങ്ങൾ മറ്റു വകുപ്പുകളുടെ പിന്തുണയോടെ കർഷകർക്ക് ലഭ്യമാക്കുന്നുണ്ട്.
പി.ആർ.എസ് സംബന്ധിച്ച കാലതാമസം ഒഴിവാക്കാൻ ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയും കൃഷിഭവൻ, മില്ല്, ബാങ്ക് തുടങ്ങിയവയെ ബന്ധിപ്പിച്ചും സ്ഥായിയായ പരിഹാരമാണ് ലക്ഷ്യം. ബാങ്കുകളിൽ കയറിയിറങ്ങുന്ന അവസ്ഥ ഒഴിവാക്കാൻ സംവിധാനം ഒരുക്കും. സംഭരണം, ബാങ്കിങ് നടപടികൾ, തുക വിതരണം തുടങ്ങിയവയിൽ നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെടാൻ ബാങ്കുകളുടെ പ്രതിനിധിയും സപ്ലൈകോ പ്രതിനിധിയും ചേർന്ന് മൂന്നംഗ സമിതി രൂപവത്കരിക്കും.
2022 -23ൽ പല കാരണങ്ങളാൽ നെല്ലിന്റെ തുക കൈപ്പറ്റാത്ത കർഷകരുണ്ട്. മരണം, 18 വയസ്സ് പൂർത്തിയാകാത്തവർ, എൻ.ആർ.ഐ തുടങ്ങിയ കാരണങ്ങളാൽ പി.ആർ.എസ് എടുക്കാൻ സാധിക്കാത്തവർക്ക് സപ്ലൈകോ നേരിട്ട് തുക നൽകും. മറ്റുള്ളവർ പി.ആർ.എസ് എടുക്കാൻ തയാറായാൽ ഉടൻ പണം ലഭിക്കും. പി.ആർ.എസ് എടുക്കില്ലെന്ന നിലപാട് മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ആളിയാർ വിഷയത്തിൽ കേരളത്തിന് അവകാശപ്പെട്ട ജലലഭ്യത ഉറപ്പാക്കാൻ തമിഴ്നാട് - കേരള ചീഫ് സെക്രട്ടറി തലത്തിൽ ചർച്ച നടക്കുകയാണെന്ന് മുഖാമുഖത്തിൽ ഓൺലൈനായി പങ്കെടുത്ത വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. നെല്ല് സംഭരണം, തുക ലഭിക്കാനുള്ള കാലതാമസം, ജലലഭ്യത, ഇടനിലക്കാരുടെ ചൂഷണം, ബാങ്കിങ് ബുദ്ധിമുട്ടുകൾ, ഉൽപാദന ചെലവിന് അനുപാതികമായി സംഭരണ തുക വർധിപ്പിക്കൽ, കയറ്റുകൂലി തുടങ്ങിയ വിഷയങ്ങൾ കർഷക പ്രതിനിധികൾ ഉന്നയിച്ചു. തദ്ദേശഭരണ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു.
എം.എൽ.എമാരായ എ. പ്രഭാകരൻ, കെ. ബാബു, കെ.ഡി. പ്രസേനൻ, പി.പി. സുമോദ്, ജില്ല കലക്ടർ ഡോ. എസ്. ചിത്ര, സപ്ലൈകോ ജനറൽ മാനേജർ സൂരജ് ഷാജി, കൺസോർട്യം ബാങ്ക് പ്രതിനിധി നവീൻ, പാടശേഖര സമിതി ഭാരവാഹികൾ, കർഷക സംഘടന പ്രതിനിധികൾ, കർഷകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.