ജി.എസ്.ടി നൽകാതിരിക്കാൻ കുറുക്കുവഴിയുമായി സപ്ലൈകോ
text_fieldsതൃശൂർ: സബ്സിഡി സാധനങ്ങൾക്ക് ചരക്ക് സേവന നികുതി (ജി.എസ്.ടി) നൽകാതിരിക്കാൻ അശാസ്ത്രീയ കുറുക്കുവഴിയുമായി സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ). ചെറുപയർ, തുവരപ്പരിപ്പ്, ഉഴുന്ന്, വൻപയർ, വൻകടല തുടങ്ങിയ സബ്സിഡി സാധനങ്ങൾ പാക്ക് ചെയ്ത് നൽകാതെ തൂക്കിവിൽക്കാനാണ് നിർദേശം. കഴിഞ്ഞ ജൂലൈ 18 മുതൽ പാക്ക് ചെയ്ത വസ്തുക്കൾക്ക് അഞ്ചുശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയിരുന്നു. സബ്സിഡി സാധനങ്ങൾക്ക് വിലകൂട്ടില്ലെന്ന സർക്കാർ നയംമൂലം കഴിഞ്ഞ ആറുവർഷമായി ഒരേ വില തുടരുകയാണ്. അതുകൊണ്ടുതന്നെ ജി.എസ്.ടി ഉപഭോക്താവിൽനിന്ന് ഈടാക്കാനാവില്ല. അതേസമയം, സബ്സിഡി നിരക്കിൽ നൽകുന്ന സാധനങ്ങൾക്ക് ജി.എസ്.ടി കൂടി നൽകുന്നതിനാൽ സപ്ലൈകോക്ക് വൻ നഷ്ടമാണ് ഉണ്ടാവുന്നത്.
കൃത്യമായ പാക്കിങ് ഇല്ലാത്തത് ഗുണമേന്മയെ ബാധിക്കുമെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഉപഭോക്താവിന് സമയ നഷ്ടവുമുണ്ടാകും. പാക്കിങ് ഒഴിവാക്കിയാൽ സബ്സിഡി സാധനങ്ങൾ വാങ്ങാൻ വരുന്നവർ കുറയുമെന്നും ഇത് ഇതര സാധനങ്ങളുടെ പോലും വിറ്റുവരവിനെ ബാധിക്കുമെന്നുമാണ് ജീവനക്കാരുടെ മുന്നറിയിപ്പ്. സൂപ്പർ, പീപ്ൾസ് ബസാറുകളിൽ തിങ്കളാഴ്ച മുതൽ ഇത് നടപ്പാക്കിയെങ്കിലും ജീവനക്കാരുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടിപോലും അധികൃതർ നൽകിയിട്ടില്ല. മാത്രമല്ല, ലീഗൽ മെട്രോളജി വകുപ്പിന്റെയും ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെയും അടക്കം പരിശോധനകളിൽ ഇത് അനുവദിക്കപ്പെടാനുള്ള സാധ്യതയും കുറവാണ്. അതുകൊണ്ടുതന്നെ സർക്കാർ ഇടപെട്ട് ഇക്കാര്യത്തിൽ തീർപ്പുണ്ടാക്കണമെന്നാണ് ജീവനക്കാരുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.