നയാപൈസയില്ല; സപ്ലൈ ഇല്ലാതെ സപ്ലൈകോ
text_fieldsതിരുവനന്തപുരം: വിലക്കയറ്റം ഉൾപ്പെടെ വിപണി ചൂഷണങ്ങളിൽ സാധാരണക്കാരന്റെ അത്താണിയായ സപ്ലൈകോയെ ഭരിച്ചുമുടിച്ച് സർക്കാർ. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സ്ഥാപനത്തെ കടക്കെണിയിലേക്ക് തള്ളിവിടുന്ന പദ്ധതികളുമായി ഇടത് സർക്കാർ മുന്നോട്ടുപോകുമ്പോൾ താൽകാലിക ജീവനക്കാരെ ഒഴിവാക്കിയും മാവേലി സ്റ്റോറുകൾ പൂട്ടിയും ജീവശ്വാസം കണ്ടെത്താനുള്ള ശ്രമത്തിലാണ് 50ാം വർഷത്തിൽ സപ്ലൈകോ.
റേഷൻ വിതരണം, വിപണിയിടപെടൽ, നെല്ല് സംഭരണം തുടങ്ങി വിവിധ പദ്ധതികൾ നടപ്പാക്കിയ വകയിൽ 3390.03 കോടിയാണ് സർക്കാർ സപ്ലൈകോക്ക് നൽകാനുള്ളത്. ഇതിൽ വിപണിയിടപെടലിൽ മാത്രം ലഭിക്കാനുള്ളത് 1966.55 കോടിയാണ്. ഈ തുകയെങ്കിലും അനുവദിക്കണമെന്നാവശ്യപ്പെട്ട് പലതവണ സപ്ലൈകോ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും മുന്നിൽ കൈനീട്ടിയെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ധനവകുപ്പ് കൈമലർത്തുകയാണ്
സാധനങ്ങൾ നൽകിയ വകയിൽ വിതരണക്കാർക്ക് സപ്ലൈകോക്ക് നൽകാനുള്ളത് 365.36 കോടിയാണ്. പണം നൽകാത്തതിനെ തുടർന്ന് ഓണത്തിന് ശേഷം ഇവർ സാധനങ്ങൾ നൽകുന്നില്ല. ഇതോടെ സംസ്ഥാനത്തെ എല്ലാ സപ്ലൈകോ ഔട്ട്ലെറ്റുകളിലും 13 ഇന സബ്സിഡി സാധനങ്ങളിൽ ഭൂരിഭാഗവും കിട്ടാക്കനിയാണ്. സർക്കാർ പണം നൽകാത്തതിനെ തുടർന്ന് വിതരണക്കാരിൽ പലരും കോടതിയെ സമീപിച്ചിരിക്കുകയാണ്.
അവശ്യസാധനങ്ങളും സബ്സിഡി സാധനങ്ങളും കിട്ടാക്കനിയായതോടെ കാർഡുടമകളും സപ്ലൈകോയെ കൈയൊഴിഞ്ഞ അവസ്ഥയാണ്. മുൻവർഷത്തെ അപേക്ഷിച്ച് കോടികളുടെ വിൽപനക്കുറവാണ് രേഖപ്പെടുത്തിയത്. ജീവനക്കാരുടെ ശമ്പളവും പ്രതിസന്ധിയിലായി. സാമ്പത്തിക പ്രതിസന്ധി കാരണം രണ്ട് വർഷത്തിനിടെ രണ്ടായിരത്തോളം ദിവസവേതനക്കാർക്കാണ് ജോലി നഷ്ടമായത്.
വിറ്റുവരവ് കോടിയിൽ
മാസം 2023-24 2024-25
ഏപ്രിൽ 385.60 211.60
മേയ് 447.89 248.08
ജൂൺ 528.41 219.26
ജൂലൈ 532. 65 252. 21
ആഗസ്റ്റ് 589.66 222.45
ആകെ 2484.23 1153.62
രക്ഷപ്പെടുത്താം; വിചാരിക്കണം
ഓണക്കാലത്ത് മുഖം രക്ഷിക്കാൻ ധനവകുപ്പ് പണം നൽകിയതോടെ സെപ്റ്റംബർ ഒന്നുമുതൽ 14 വരെ 123.09 കോടിയുടെ വിൽപനയാണ് സപ്ലൈകോയിൽ നടന്നത്. സബ്സിഡി സാധനങ്ങളുടെ വിൽപനയിലൂടെ 66.85 കോടിയും നോൺ സബ്സിഡി സാധനങ്ങൾ വഴി 56.37 കോടിയും ലഭിച്ചു. നോൺ സബ്സിഡി സാധനങ്ങളുടെ വിൽപനയിലൂടെ മാത്രം 6.76 കോടിയുടെ ലാഭമാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.