സബ്സിഡി ഇനങ്ങളുടെ വില വർധിപ്പിക്കണമെന്ന സപ്ലൈകോയുടെ ആവശ്യം ന്യായം -മന്ത്രി അനിൽ
text_fieldsതിരുവനന്തപുരം: സബ്സിഡി ഇനങ്ങളുടെ വില വർധിപ്പിക്കണമെന്ന സപ്ലൈകോയുടെ ആവശ്യം ന്യായമാണെന്ന് മന്ത്രി ജി.ആർ. അനിൽ. ഇക്കാര്യത്തിൽ നയപരമായ തീരുമാനമെടുക്കേണ്ടത് സർക്കാറാണെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. വൻ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സബ്സിഡി സാധനങ്ങളുടെ വിലകൂട്ടണമെന്ന് സപ്ലൈകോ സർക്കാറിന് കത്ത് നൽകിയിരുന്നു.
2016 മുതൽ 13 ഇന അവശ്യസാധനങ്ങൾക്ക് സർക്കാർ വിലകൂട്ടിയിട്ടില്ല. 2016ലെ വിലയ്ക്കുതന്നെയാണ് ഇപ്പോഴും സാധനങ്ങൾ കാർഡ് ഉടമകൾക്ക് നൽകുന്നത്. പൊതുവിപണിയിൽ 1400 രൂപ വിലവരുന്ന ഇവയെല്ലാം 756 രൂപക്ക് വിൽക്കുന്നതു വഴി കോടികളുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. ഇതുവരെ സബ്സിഡി ഇനത്തിൽ സാധനങ്ങൾ നൽകിയ വകയിൽ 1525 കോടിയോളം രൂപയാണ് സപ്ലൈകോക്ക് ലഭിക്കാനുള്ളത്. വിതരണക്കാർക്ക് സാധനങ്ങൾ നൽകിയ വകയിൽ 600 കോടി കുടിശ്ശികയുണ്ട്. കുടിശ്ശിക തീർക്കാതെ സാധനങ്ങൾ നൽകില്ലെന്ന നിലപാടിലാണ് വിതരണക്കാരും കമ്പനികളും. ഇതോടെ സംസ്ഥാനത്തെ 1500ഓളം സപ്ലൈകോ ഔട്ട്ലെറ്റുകളിൽ അരിയടക്കമുള്ള സബ്സിഡി സാധനങ്ങൾ തീർന്നിട്ട് ആഴ്ചകളായി.
13 ഇന സാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന മുദ്രാവാക്യവുമായാണ് ഇടത് സർക്കാർ രണ്ടുതവണയും അധികാരത്തിലേറിയത്. അതുകൊണ്ടുതന്നെ സാധനങ്ങളുടെ വില വർധിപ്പിക്കുന്നത് സർക്കാറിനെയും പ്രതിസന്ധിയിലാക്കും. പ്രത്യേകിച്ച് ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ. എന്നാൽ, സബ്സിഡി സാധനങ്ങളുടെയടക്കം വില വർധിപ്പിക്കാതെ സ്ഥാപനത്തിന് മുന്നോട്ടുപോകാനാകില്ലെന്ന നിലപാടിലാണ് ഭക്ഷ്യവകുപ്പും സപ്ലൈകോയും.
അതേസമയം, സപ്ലൈകോക്കും ഭക്ഷ്യവകുപ്പിനും ധനവകുപ്പ് പണം അനുവദിക്കാത്തതിൽ സി.പി.ഐയിൽ അമർഷം ശക്തമാണ്. നെല്ല് സംഭരണത്തിലും കിറ്റ് വിതരണം ചെയ്ത വകയിൽ റേഷൻ വ്യാപാരികൾ നൽകാനുള്ള കമീഷൻ കുടിശ്ശികയിലും ധനവകുപ്പും സി.പി.എമ്മും സ്വീകരിക്കുന്ന നിലപാടിനെതിരെ പരസ്യമായിതന്നെ രംഗത്തെത്താനാണ് സി.പി.ഐയുടെ തീരുമാനം.
നെല്ല് സംഭരണത്തിൽനിന്ന് സപ്ലൈകോ പിന്മാറിയിട്ടിയില്ലെന്ന് മന്ത്രി
തിരുവനന്തപുരം: നെല്ല് സംഭരണത്തിൽനിന്ന് സപ്ലൈകോ പൂർണമായി പിന്മാറിയിട്ടില്ലെന്നും സൗകര്യമുള്ള സ്ഥലങ്ങളിൽ സഹകരണ സംഘങ്ങളുടെ സഹകരണത്തോടെ അടിയന്തര പ്രശ്നപരിഹാരം കാണുമെന്നും മന്ത്രി ജി.ആർ. അനിൽ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച വിപണി ഇടപെടലിനാണ് സർക്കാർ ശ്രമം.
കർഷകർക്ക് വേഗത്തിൽ പണമെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. നെല്ല് സംഭരണം സഹകരണ സംഘങ്ങളെ ഏൽപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൽ പാലക്കാട്, കുട്ടനാട് കർഷകർ ആശങ്കയുയർത്തുന്നതിനെയാണ് മന്ത്രിയുടെ പ്രതികരണം. അതേസമയം, സപ്ലൈകോയിൽ താൽക്കാലിക ജീവനക്കാർക്ക് ടാർഗറ്റ് നിശ്ചയിക്കുന്നതിൽ തെറ്റില്ലെന്ന് മന്ത്രി പറഞ്ഞു.
സ്ഥാപനം നല്ല രീതിയിൽ പ്രവർത്തിക്കാനുള്ള ക്രമീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ടാർഗറ്റ് സംബന്ധിച്ച് സി.പി.ഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രന്റെ വിമർശനത്തെക്കുറിച്ച് ചൂണ്ടിക്കാട്ടിയപ്പോൾ, അക്കാര്യം അദ്ദേഹത്തോടുതന്നെ ചോദിക്കണമെന്നും മന്ത്രി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.