ആശാ പ്രവർത്തകർ നടത്തുന്ന രാപകൽ സമരത്തിന് പിന്തുണ പ്രവാഹം
text_fieldsതിരുവനന്തപുരം: കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കാൻ നടത്തുന്ന രാപകൽ സമരത്തിന്റെ 14-ാം ദിവസമെത്തുമ്പോൾ സമരപ്പന്തലിലേക്ക് പിന്തുണാ പ്രവാഹം. മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, ജെബി മേത്തർ, ആർ. എസ്.പി, മഹിളാ കോൺഗ്രസ്, നെൽ കർഷക സംരക്ഷണ സമിതി തുടങ്ങി നിരവധി വ്യക്തികളും സംഘടനകളും പിന്തുണ പ്രഖ്യാപിച്ച് എത്തിച്ചേർന്നു.
മുൻ ആരോഗ്യമന്ത്രി വി.എസ് ശിവകുമാർ സമര കേന്ദ്രത്തിൽ വീണ്ടും എത്തിയത് സമരം ചെയ്യുന്ന ആശാ പ്രവർത്തകർക്ക് ലഘു ഭക്ഷണവും വെള്ളവും വിതരണം ചെയ്യാനാണ്. ആർ.എസ്.പി കേന്ദ്ര സെക്രട്ടറിയേറ്റംഗം എ. എ. അസീസ്, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷമി ഷംനാദ്, ബി.ജെ.പി സംസ്ഥാന കൗൺസിലംഗം എം. പോൾ, പരിസ്ഥിതി ശാസ്ത്രജ്ഞൻ ഉമ്മൻ വി. ഉമ്മൻ, നെൽ കർഷക സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരിയും ചലച്ചിത്രതാരവുമായ കൃഷ്ണപ്രസാദ്, സമിതി സംസ്ഥാന നേതാക്കളായ സോണിച്ചൻ പുളിങ്കുന്ന്, ലാലിച്ചൻ പള്ളിവാതുക്കൽ, മാത്യു തോമസ്, പി.ആർ. സതീശൻ,
മാധ്യമ പ്രവർത്തകൻ റെജിമോൻ കുട്ടപ്പൻ, കൊല്ലം ഡി.സി.സി പ്രസിഡൻറ് കുന്നിക്കോട് ഷാജഹാൻ, ആർ.എസ്.പി ജില്ലാ സെക്രട്ടറി തുറവൂർ പ്രസന്നകുമാർ, മുസ് ലീം ലീഗ് ജില്ലാ പ്രസിഡൻറ് ബീമാപള്ളി റഷീദ്, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി നിവ ജോഗി, ഗ്ലോബൽ പീസ് അതോറിറ്റി ഫൗണ്ടർ അഭിനേത്രി സോണിയ മൽഹാർ, പൊതുജനാരോഗ്യ പ്രവർത്തകൻ ഡോ.എസ്.എസ് ലാൽ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ നേതാക്കളും പ്രവർത്തകരും ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എത്തി.
നഗരത്തിൽ പ്രഭാത സവാരിക്ക് ഇറങ്ങുന്നവർ, ദേവാലയങ്ങളിൽ പോകാൻ ഇറങ്ങുന്ന മുതിർന്നവർ, വിവിധ ഓഫീസുകളിൽ ജോലി ചെയ്യുന്നവർ, ആരോഗ്യപ്രവർത്തകർ, കെ എസ് ആർ ടി സി ഡ്രൈവർമാർ, വിവിധ സമരങ്ങളിൽ പങ്കെടുക്കാൻ എത്തുന്ന സംഘടന പ്രവർത്തകർ, നഗരത്തിലെ തൊഴിലാളികൾ തുടങ്ങി സമൂഹത്തിലെ സമസ്ത മേഖലയെയും പ്രതിനിധീകരിക്കുന്നവർ സമരം ചെയ്യുന്ന ആശമാരെ നേരിട്ട് കണ്ടു പിന്തുണ അറിയിക്കുന്നുണ്ട്. മകളുടെ പിറന്നാൾ ആഘോഷം മാറ്റിവച്ച് അതിനായി കരുതിയ തുക സംഭാവനയായി നൽകാൻ എത്തിയ പ്രശസ്തനായ ഡോക്ടറും വിവിധ സ്ഥലങ്ങളിൽ നിന്ന് വരുന്ന ആശാപ്രവർത്തകരുടെ കൈയിൽ തങ്ങളാൽ കഴിയാവുന്ന ഭക്ഷണസാധനങ്ങൾ ഉൾപ്പെടെ കൊടുത്തുവിടുന്ന നാട്ടുകാരും ന്യായമായ ആവശ്യങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണത്തിൻ്റെ തെളിവാണ്.
പൊതുജനങ്ങളുടെ വലിയ പിന്തുണയാണ് സമരത്തിന് ലഭിക്കുന്നത് എന്ന് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. മിനി പറഞ്ഞു. ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർ മുതൽ ആശാവർക്കർമാരുടെ സേവനം ലഭിച്ച സാധാരണ മനുഷ്യർ വരെ കൂട്ടത്തിൽ ഉണ്ട് എന്നും അവർ പറഞ്ഞു. പലതരത്തിൽ സമരത്തെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും തൊഴിലെടുക്കുന്ന സ്ത്രീകളുടെ ന്യായമായ അവകാശം സ്ഥാപിച്ചെടുക്കുക എന്ന ഏക ലക്ഷ്യത്തിൽ ശക്തമായ സമരവുമായി തന്നെ മുന്നോട്ടു പോകുമെന്നും മിനി മാധ്യമം ഓൺലൈനോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.