ഇടത് അനുകൂല വഖഫ് ആക്ഷൻ കൗൺസിലിന് പിന്തുണ; ഉമർ ഫൈസിക്കെതിരെ സമസ്തയിൽ പടയൊരുക്കം
text_fieldsകോഴിക്കോട്: ഇടത് അനുകൂല സംഘടനകൾ ചേർന്ന് കോഴിക്കോട് സംഘടിപ്പിച്ച വഖഫ് ആക്ഷൻ കൗൺസിൽ കൺവെൻഷനിൽ പങ്കെടുത്ത് പിന്തുണ വാഗ്ദാനം ചെയ്ത സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗവും സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന ട്രഷററുമായ ഉമർ ഫൈസി മുക്കത്തിനെതിരെ സമസ്തയിൽ പടയൊരുക്കം. വിവിധ മഹല്ലുകളിൽ കടുത്ത വിമർശനമാണ് ഉമർ ഫൈസിക്കെതിരെ ഉയരുന്നത്. വഖഫ് സമരവുമായി ബന്ധപ്പെട്ട് സമസ്തയിലെ ലീഗ് അനുകൂലികളും വിരുദ്ധരും രണ്ടു ചേരിയിൽ നിൽക്കുകയാണ്. മഞ്ഞുരുക്കാൻ കഴിഞ്ഞദിവസം ചേർന്ന സമസ്ത മുശാവറ യോഗം തങ്ങളുടെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തെ രണ്ടു വിഭാഗവും അവർക്കനുകൂലമായി വ്യാഖ്യാനിച്ചു. ഇതിനിടയിലാണ് ഉമർ ഫൈസി ഇടത് അനുകൂല പരിപാടിയിൽ പങ്കെടുത്തത്.
വഖഫ് നിയമനം പി.എസ്.സിക്കു വിട്ടതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്ത ശേഷം മുസ്ലിം സംഘടനകളുടെ ഏകോപന സമിതിയുടെ പരിപാടികളിൽനിന്ന് സമസ്ത പിൻവാങ്ങുകയും മുസ്ലിം ലീഗ് ഒറ്റക്ക് സമര പരിപാടികളുമായി മുന്നോട്ടുപോവുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇടത് അനുകൂലിയായ പി.ടി.എ. റഹീം മുൻകൈയെടുത്ത് വഖഫ് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചത്.
വഖഫ് പ്രശ്നത്തിൽ സംഘടനകളുടെ ഏകോപന സമിതിയിൽ സമസ്ത പ്രതിനിധികളുടെ സാന്നിധ്യത്തിൽ എടുത്ത തീരുമാനം അട്ടിമറിച്ചതിന് സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ സംഘടനക്കകത്തുനിന്ന് രൂക്ഷവിമർശനം ഏറ്റുവാങ്ങിയിരുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയിൽനിന്ന് ലഭിച്ച ഉറപ്പ് മാസങ്ങളായിട്ടും പാലിക്കപ്പെട്ടില്ല. അതേസമയം, കഴിഞ്ഞദിവസം ചേർന്ന സമസ്ത മുശാവറയിലും വഖഫ് പ്രശ്നത്തിൽ ഇനി എന്തു നിലപാട് സ്വീകരിക്കുമെന്നതു സംബന്ധിച്ച് ചർച്ചനടന്നില്ല. ഇതിൽ അമർഷം നിലനിൽക്കെയാണ് ഉമർ ഫൈസിയുടെ സർക്കാർ അനുകൂല നിലപാടെന്ന് ഒരുവിഭാഗം നേതാക്കൾ കുറ്റപ്പെടുത്തുന്നു.
അന്യാധീനപ്പെടുന്ന വഖഫ് സ്വത്തുക്കൾ വീണ്ടെടുക്കുന്ന കാര്യത്തിലാണ് താൻ പിന്തുണ പ്രഖ്യാപിച്ചതെന്നാണ് ഉമർ ഫൈസിയുടെ വിശദീകരണം. അങ്ങനെയെങ്കിൽ പി.എസ്.സിക്ക് നിയമനം വിടുന്നതിനെതിരായ സമസ്തയുടെ നിലപാട് എന്തുകൊണ്ട് ഉമർഫൈസി കൺവെൻഷനിൽ വ്യക്തമാക്കിയില്ലെന്നാണ് മറുഭാഗത്തിെൻറ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.