ഗതാഗത സൗകര്യ വികസനത്തിന് കേന്ദ്രത്തിന്‍റെ പിന്തുണ വേണം -മുഖ്യമന്ത്രി
text_fieldsകൊച്ചി: ഗതാഗത സൗകര്യ വികസനത്തിനായി കേരളം നടപ്പാക്കി വരുന്ന പദ്ധതികൾക്ക് കേന്ദ്ര സർക്കാറിന്‍റെ പിന്തുണ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ കൊച്ചി മെട്രോയുടെയും ഇന്ത്യൻ റെയിൽവേയുടെയും വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസന പദ്ധതികൾക്ക് കേന്ദ്ര സർക്കാർ നൽകിയ പിന്തുണയ്ക്ക് മുഖ്യമന്ത്രി നന്ദിയർപ്പിച്ചു. കേരളത്തിൽ വാഹനങ്ങളുടെ സാന്ദ്രത ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. വായു മലിനീകരണവും കാർബൺ ബഹിർഗമനവും കുറയ്ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സർക്കാറിന് അവബോധമുണ്ട്. സമാന്തര ഗതാഗത സംവിധാനങ്ങളിലേക്ക് മാറാൻ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു. ഇലക്ട്രിക് വാഹനങ്ങൾക്കും ഹൈഡ്രജൻ ഇന്ധന വാഹനങ്ങൾക്കും മുൻഗണന നൽകുന്നതോടൊപ്പം വാട്ടർ, റെയിൽ, എയർവെയ്സ് എന്നിവ ഏകോപിപ്പിച്ചു കൊണ്ടുള്ള ബദൽ ഗതാഗത സംവിധാനങ്ങളും സർക്കാർ വികസിപ്പിച്ചു വരികയാണ്. കോവളം - ബേക്കൽ ജലപാത പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്. കൊച്ചിയിലെ വിവിധ ദ്വീപുകളെ ബന്ധിപ്പിക്കുന്ന വാട്ടർ മെട്രോ പദ്ധതിയും വേഗത്തിൽ മുന്നേറുകയാണ്. ദേശീയ പാത 66 ന്റെ വീതികൂട്ടൽ അതിവേഗം പുരോഗമിക്കുന്നു. കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ഏകോപനത്തിന് മികച്ച ഉദാഹരണമാണ് ഈ പദ്ധതി.
ഇത്തരത്തിൽ കേരളത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാറിന്‍റെ വലിയ സഹായം ആവശ്യമാണ്. ഗതാഗത വികസനത്തിനായി കേരളം സമർപ്പിച്ചിരിക്കുന്ന പദ്ധതി നിർദേശത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.