ക്ഷേത്രോദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് പറയാൻ യെച്ചൂരി കാണിച്ച ആർജവമാണ് സോണിയഗാന്ധി ഉള്‍പ്പെടെയുള്ളവരില്‍നിന്ന് പ്രതീക്ഷിക്കുന്നത് -സമസ്ത
text_fieldsകോഴിക്കോട്: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ച കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം ‘സുപ്രഭാതം’. കോൺഗ്രസിന് മൃദുഹിന്ദുത്വ നിലപാട് തന്നെയാണെന്നും ക്ഷേത്രോദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് പറയാൻ യെച്ചൂരി കാണിച്ച ആർജവമാണ് സോണിയഗാന്ധി ഉള്‍പ്പെടെയുള്ളവരില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്നും എഡിറ്റോറിയലിൽ പറയുന്നു. ഒരു വിഭാഗത്തിന്‍റെ ആരാധനാലയത്തിന്‍റെ തറയടക്കം മാന്തിയെറിഞ്ഞ് അവിടെ മുഷ്ക് മുടക്കി സ്ഥാപിച്ച ആരാധനാലയത്തിന്‍റെ ‘കുറ്റൂശ’ക്ക് പങ്കെടുക്കുമെന്നോ ഇല്ലെന്നോ പറയാതെ പറയുന്ന ആശയക്കുഴപ്പത്തിലേക്ക് ഒട്ടകപ്പക്ഷിയെപ്പോലെ തലപൂഴ്ത്തുകയല്ല കോൺഗ്രസ് ചെയ്യേണ്ടതെന്നും വിമർശിച്ചു.
എഡിറ്റോറിയലിൽനിന്നുള്ള ഭാഗങ്ങൾ:
‘രാജ്യത്തെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖരെയെല്ലാം ഉദ്ഘാടന ചടങ്ങിലേക്ക് രാമജന്മഭൂമി തീര്‍ഥട്രസ്റ്റ് ക്ഷണിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ അധ്യക്ഷ സോണിയഗാന്ധി, ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവരും സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ തുടങ്ങിയവരുമുണ്ട് ക്ഷണിക്കപ്പെട്ടവരിൽ. രാജ്യത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യെച്ചൂരിയും ഡി. രാജയും അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുകയുണ്ടായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍, ഉത്തരേന്ത്യയിലെ ഹിന്ദുവോട്ടുകള്‍ ചോര്‍ന്നു പോകാതിരിക്കാന്‍ ക്ഷേത്രോദ്ഘാടനത്തില്‍ പങ്കെടുക്കാമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഈ മൃദുഹിന്ദുത്വ നിലപാടുതന്നെയാണ് 36 വര്‍ഷം ഇന്ത്യഭരിച്ച പാര്‍ട്ടിയെ ഇന്നത്തെ നിലയിലെത്തിച്ചതെന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വത്തിന് ഓർമയില്ലെങ്കിലും രാജ്യത്തെ ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്.’
‘ബാബരി മസ്ജിദ് പൊളിച്ചിടത്ത് ക്ഷേത്രം നിര്‍മിക്കുന്നതിന് 11 വെള്ളി ഇഷ്ടികയാണ് കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ കമല്‍നാഥ് അയച്ചുകൊടുത്തത്. തീവ്രഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന സ്വാമിമാരെ വിളിച്ചുവരുത്തി പൂജ ചെയ്യിച്ചും കൂറ്റന്‍ ഹനുമാന്‍ ക്ഷേത്രം നിര്‍മിക്കുമെന്നു പറഞ്ഞുമാണ് മധ്യപ്രദേശില്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടുതേടിയത്. രാജ്യത്തിന് പുറത്തും രാമക്ഷേത്രങ്ങള്‍ ഉയരുമെന്ന പ്രഖ്യാപനവും അവര്‍ നടത്തി.’
‘ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ലിറ്റ്മസ് ടെസ്റ്റ് ആണ് ജനുവരി 22ന് അയോധ്യയില്‍ നടക്കുന്നതെന്ന തിരിച്ചറിവ് സി.പി.എം നേതാവ് സിതാറാം യെച്ചൂരിയെപ്പോലുള്ളവര്‍ക്കുണ്ട്. അതുകൊണ്ടാണ് രാമജന്മഭൂമി തീര്‍ഥട്രസ്റ്റിന്റെ ക്ഷണം ലഭിച്ചയുടന്‍, ക്ഷേത്രോദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് തലയുയര്‍ത്തി പറയാന്‍ യെച്ചൂരിക്കു ത്രാണി ഉണ്ടായത്. ആ ആര്‍ജവവും സ്ഥൈര്യവുമാണ് സോണിയഗാന്ധി ഉള്‍പ്പെടെയുള്ളവരില്‍നിന്ന് രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്. അതല്ലാതെ, ഒരു വിഭാഗത്തിന്‍റെ ആരാധനാലയത്തിന്‍റെ തറയടക്കം മാന്തിയെറിഞ്ഞ്, അവിടെ മുഷ്ക്ക് മുടക്കി സ്ഥാപിച്ച ആരാധനാലയത്തിന്‍റെ ‘കുറ്റൂശ’ക്ക് തങ്ങള്‍ പങ്കെടുക്കുമെന്നോ ഇല്ലെന്നോ, പറയാതെ പറയുന്ന ആശയക്കുഴപ്പത്തിലേക്ക് ഒട്ടകപ്പക്ഷിയെപ്പോലെ തലപൂഴ്ത്തുകയല്ല കോൺഗ്രസ് ചെയ്യേണ്ടത്.’ -എഡിറ്റോറിയലിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.