‘പരസ്യ’മായി പൊള്ളി സി.പി.എം
text_fieldsതിരുവനന്തപുരം: പാലക്കാട്ട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനലാപ്പിൽ സി.പി.എമ്മിന്റെ പത്രപരസ്യം തിരിഞ്ഞുകൊത്തി. പരസ്യത്തിന്റെ ഉള്ളടക്കം വ്യാപകമായി വിമർശിക്കപ്പെട്ടതിന് പിന്നാലെ, സമസ്ത നേതൃത്വം തള്ളിപ്പറയുകയും ചെയ്തതോടെ പത്രപരസ്യം പാർട്ടി ആഗ്രഹിച്ചതിന് വിപരീതഫലമാണ് ഉണ്ടാക്കിയത്.
സമസ്ത എ.പി വിഭാഗത്തിന്റെ ‘സിറാജ്’, സമസ്ത ഇ.കെ വിഭാഗത്തിന്റെ ‘സുപ്രഭാതം’ പത്രങ്ങളുടെ മുൻപേജിലാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പരസ്യം ചൊവ്വാഴ്ച പ്രത്യക്ഷപ്പെട്ടത്. ഒറ്റനോട്ടത്തിൽ വാർത്തയെന്ന് തോന്നുംവിധം വിന്യസിച്ച പരസ്യത്തിലെ ഉള്ളടക്കവും അത് പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുത്ത പത്രങ്ങൾ ഏതൊക്കെയെന്നതും സി.പി.എമ്മിന്റെ ഉള്ളിലിരുപ്പ് വിളിച്ചുപറയുന്നുണ്ട്.
കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ സംഘ്പരിവാർ കാലത്തെ തീവ്ര ഹിന്ദുത്വ നിലപാടുകളും ചിത്രവും ചേർത്തുള്ളതാണ് പരസ്യം. വോട്ടെടുപ്പിന്റെ തലേന്ന് സി.പി.എം ഇത്തരമൊന്ന് തയാറാക്കിയത് സന്ദീപിനെ സ്വീകരിച്ച കോൺഗ്രസിനെതിരെ മുസ്ലിം വോട്ടർമാരുടെ വികാരം ഇളക്കിവിടാനാണ്.
പരസ്യം അച്ചടിച്ചുവന്നപ്പോൾ സംഭവിച്ചത് മറിച്ചാണ്. മുസ്ലിം വോട്ടിൽ ഭിന്നതയുണ്ടാക്കാനുള്ള നീക്കമാണിതെന്നാണ് പൊതുവിൽ വിലയിരുത്തപ്പെട്ടത്. ഒറ്റനോട്ടത്തിൽ തന്നെ പ്രകോപനം സൃഷ്ടിക്കുന്ന സി.പി.എം പരസ്യം മുസ്ലിം വോട്ടുകൾ ചിതറിപ്പോകാനിടയാക്കിയേക്കുമെന്നും വിലയിരുത്തപ്പെട്ടു. മുസ്ലിം വോട്ടുകൾ ഭിന്നിച്ചാൽ ബി.ജെ.പിക്കാണ് നേട്ടമെന്നിരിക്കെ, സി.പി.എമ്മിന്റെ യഥാർഥ ലക്ഷ്യമെന്ന ചോദ്യവും പൊതു ചർച്ചകളിൽ നിറഞ്ഞു.
സന്ദീപിന്റെ സംഘ്പരിവാർ ബന്ധത്തേക്കാൾ, അതിന്റെ പേരിൽ പ്രകോപനമുണ്ടാക്കി മുസ്ലിം വോട്ട് ഭിന്നിപ്പിക്കാനുള്ള നീക്കത്തോടുള്ള അമർഷമാണുയർന്നത്. ‘സുപ്രഭാതം’ പരസ്യം തള്ളി സമസ്ത നേതൃത്വം രംഗത്തുവന്നത് അതുകൊണ്ടാണ്. സി.പി.എം ആഗ്രഹിച്ചതിന് എതിർദിശയിൽ മുസ്ലിം വോട്ടുകൾ കേന്ദ്രീകരിക്കുന്നതിന് പത്രപരസ്യം സഹായകരമാകുന്നതാണ് വോട്ടെടുപ്പ് തലേദിനത്തിന്റെ നില. സന്ദീപിനെ പോലുള്ളവരെ ചേർത്തുപിടിക്കുന്ന കോൺഗ്രസിന്റെ ഹിന്ദുത്വ ആഭിമുഖ്യം ഉയർത്തിക്കാനാണ് ശ്രമിച്ചതെന്ന് സി.പി.എം വിശദീകരിക്കുന്നു.
എന്നാൽ, അങ്ങനെയെങ്കിൽ എന്തുകൊണ്ട് പരസ്യം മറ്റ് മുഖ്യധാരാ പത്രങ്ങളിൽ നൽകിയില്ല, സ്വന്തം പാർട്ടി പത്രത്തിൽ പോലും വന്നില്ല എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് സി.പി.എമ്മിന് തൃപ്തികരമായ മറുപടിയില്ല. ഇവയെല്ലാം ഉയർത്തിക്കാട്ടിയാണ് കോൺഗ്രസും മുസ്ലിം ലീഗും സി.പി.എമ്മിനെ ചൊവ്വാഴ്ച കടന്നാക്രമിച്ചത്. ഷാഫി പറമ്പിലെതിരെ വടകരയിൽ ബൂമറാംഗായ മാറിയ കാഫിർ സ്ക്രീൻ ഷോട്ട് വിവാദം പത്രപരസ്യ വിവാദവും ചേർത്തുപറയാനും പ്രതിപക്ഷത്തിന് അവസരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.