മാധ്യമവാര്‍ത്തകളുടെ പേരില്‍ പൊലിസ് മേധാവിയെ മാറ്റുമോ- സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: ടി.പി. സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ തുടങ്ങിയാല്‍ പൊലീസില്‍ ആരെങ്കിലും ബാക്കിയുണ്ടാവുമോയെന്ന് ചോദിച്ച കോടതി വിഷയം ഗൗരവമേറിയതാണെന്നും നിരീക്ഷിച്ചു. വ്യക്തിപരമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് സ്ഥാനമാറ്റം നടത്തിയിരിക്കുന്നത്. ഇതേക്കുറിച്ചു ഈ മാസം 27നു മുമ്പ് വിശദീകരണം നല്‍കണമെന്നും സംസ്ഥാന സര്‍ക്കാറിനയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിന്‍െറ നടപടി ശരിവെച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരേ സെന്‍കുമാര്‍ നല്‍കിയ ഹരജി ജസ്റ്റിസുമാരായ മദന്‍ ബി. ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.
ജിഷ വധക്കേസ്, പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം എന്നിവയുമായി ബന്ധപ്പെട്ടാണ്് സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ വാദിച്ചു. ഈ കേസുകളില്‍ വീഴ്ചയുണ്ടായതുകൊണ്ടാണ് സെന്‍കുമാറിനെ നീക്കിയതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, സെന്‍കുമാറിനെ മാറ്റിയശേഷം കണ്ണൂരില്‍ ഒമ്പത് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇതിന്‍െറ ഉത്തരവാദിത്തം ഏറ്റെടുക്കുമോയെന്ന് ദവെ കോടതിയില്‍ ചോദിച്ചു. സെന്‍കുമാറിനെതിരെ അച്ചടക്ക നടപടിയെടുത്തതല്ല. സ്ഥലം മാറ്റുക മാത്രമാണ് ചെയ്തതെന്ന് സര്‍ക്കാറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി.പി. റാവു ചൂണ്ടിക്കാട്ടി.
ജിഷ വധക്കേസും പുറ്റിങ്ങല്‍ വെടിക്കെട്ട് കേസും കൈകാര്യം ചെയ്യുന്നതില്‍ സെന്‍കുമാറിനു വീഴ്ച സംഭവിച്ചതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നുവെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഇത്തരത്തില്‍ നടപടിയെടുക്കാന്‍ തുടങ്ങിയാല്‍ പോലീസില്‍ ആരെങ്കിലും ബാക്കിയുണ്ടാകുമോയെന്ന് കോടതി ചോദിച്ചത്. സംസ്ഥാന സര്‍ക്കാറിനു പുറമെ ഡി.ജി.പി ലോക്നാഥ് ബെഹ്റക്കും കേന്ദ്ര സര്‍ക്കാറിനും നോട്ടീസയച്ചു. കേസ് മാര്‍ച്ച് 27ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.