‘ദ കേരള സ്റ്റോറി': ഹരജി വേണ്ടത് അനുമതി നൽകിയതിനെതിരെ
text_fieldsന്യൂഡൽഹി: വിവിധ മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുന്ന ‘ദ കേരള സ്റ്റോറി’ എന്ന പ്രോപഗണ്ട സിനിമക്ക് സെൻസർ ബോർഡ് അനുമതി നൽകിയതിനെതിരെയാണ് ഹരജിയുമായി വരേണ്ടതെന്ന് സുപ്രീംകോടതി. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നിലവിൽ പരിഗണിച്ചുകൊണ്ടിരിക്കുന്ന കേസിന്റെ ഭാഗമായി ‘ദ കേരള സ്റ്റോറി’ തടയണമെന്ന ആവശ്യം കേൾക്കാൻ വിസമ്മതിച്ചാണ് ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ച് പുതിയ ഹരജിയുമായി കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ടത്.
മേയ് അഞ്ചിന് സിനിമ പ്രദർശനത്തിനെത്തുന്നതിനാലാണ് ഇത്തരമൊരു അപേക്ഷയുമായി വന്നതെന്നും പുതിയ ഹരജി സമർപ്പിച്ച് അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപെടുത്താമെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചു. ഇതിനുപിന്നാലെ മത സമുദായങ്ങൾക്കിടയിൽ വിദ്വേഷവും ശത്രുതയും വളർത്തുന്ന സിനിമ തിയറ്ററുകളിലും ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലും പ്രദർശിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ജംഇയ്യതുൽ ഉലമായെ ഹിന്ദ് സുപ്രീംകോടതിയെ സമീപിച്ചു.
വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ കേസിൽ മലയാളി ഹരജിക്കാരനുവേണ്ടി ഹാജരാകുന്ന അഡ്വ. നിസാം പാഷയാണ് ആ കേസിനിടയിൽ വിവാദ സിനിമക്കെതിരായ അപേക്ഷ സമർപ്പിച്ച് കേൾക്കാൻ ആവശ്യപ്പെട്ടത്. വിദ്വേഷ പ്രസംഗത്തിന്റെ ഏറ്റവും മോശമായ സംഭവമാണിതെന്നും ഇതൊരു ദൃശ്യ-ശ്രാവ്യ പ്രോപഗണ്ടയാണെന്നും പാഷ ബോധിപ്പിച്ചു. എന്നാൽ, എന്തുകൊണ്ട് ഹരജിക്കാരന് ഹൈകോടതിയെ സമീപിച്ചുകൂടാ എന്ന് ചോദിച്ച ജസ്റ്റിസ് ജോസഫ്, എല്ലാ കേസുകളും സുപ്രീംകോടതിയിൽ തുടങ്ങാനാവില്ലെന്ന് വ്യക്തമാക്കി.
തുടർന്ന് ഇടപെട്ട മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, ടീസറിന്റെ വിവരണമെങ്കിലുമൊന്ന് വായിക്കാൻ ബെഞ്ചിനോട് ആവശ്യപ്പെട്ടു. 16 ദശലക്ഷം പ്രേക്ഷകർ ഇതിനകം ടീസർ കണ്ടെന്നും സിബൽ പറഞ്ഞു. അപ്പോഴാണ് സിനിമക്ക് സെൻസർ ബോർഡാണ് അനുമതി നൽകുന്നതെന്നും അതാണ് ചോദ്യംചെയ്യേണ്ടതുണ്ടെന്നും ജസ്റ്റിസ് ജോസഫ് വ്യക്തമാക്കിയത്. മതിയായ ഹരജി സമർപ്പിക്കാമെന്നും അടിയന്തരമായി കേൾക്കാൻ ചീഫ് ജസ്റ്റിസ് മുമ്പാകെ ബുധനാഴ്ച പരാമർശിക്കാമെന്നും സിബൽ മറുപടി നൽകി. അതിനിടയിൽ ഇന്ന് ഉച്ചക്ക് ശേഷമെങ്കിലും സിനിമക്കെതിരായ നിലവിലുള്ള അപേക്ഷ പരിഗണിക്കണമെന്നും സിബൽ ആവശ്യപ്പെട്ടു. എന്നാൽ, ഉച്ചക്കുശേഷം തനിക്ക് ഒഴിവില്ലെന്ന് ജ. ജോസഫ് വ്യക്തമാക്കി.
എല്ലാം സുപ്രീംകോടതിയിലല്ല തുടങ്ങേണ്ടതെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന പറഞ്ഞപ്പോൾ, അങ്ങിനെയാണ് സുദർശൻ ടി.വിയുടെ ‘യു.പി.എസ്.സി ജിഹാദ്’ എന്ന പ്രോപഗണ്ട പരിപാടി തടഞ്ഞതെന്ന് സിബൽ മറുപടി നൽകി. ഈ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് ബോധ്യമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട ചർച്ച ടി.വിയിൽ കണ്ടിട്ടുണ്ടെന്നും തങ്ങളും ടി.വി കാണുന്നുണ്ടെന്നും ജസ്റ്റിസ് ജോസഫ് പ്രതികരിച്ചു. എന്നാൽ, മറ്റൊരു കേസിനിടയിൽ ഒരു അപേക്ഷയായി വിഷയം അവതരിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ജോസഫ് ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.