ജിഷ്ണുവിെൻറ അമ്മയുടെ നിരാഹാരം: ഡി.ജി.പിയെ മാറ്റിയോ എന്ന് സുപ്രീംകോടതിയുടെ പരിഹാസം
text_fieldsന്യൂഡൽഹി: ഡി.ജി.പി ലോക്നാഥ് ബെഹ്റയെ മാറ്റിയോ എന്ന് ജസ്റ്റിസുമാരായ മദൻ ബി ലോക്കൂർ, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് കേരള സർക്കാറിനോട് േചാദിച്ചു. ജിഷ്ണുവിെൻറ അമ്മ നാലഞ്ചുദിവസം നിരാഹാരം കിടന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഇൗ ചോദ്യം. ഡി.ജി.പി സ്ഥാനത്തുനിന്ന് തന്നെ മാറ്റി ബെഹ്റയെ വെച്ചതിനെതിരെ സെൻകുമാർ സമർപ്പിച്ച ഹരജി മാറ്റി വെപ്പിക്കാൻ സംസ്ഥാന സർക്കാർ രാവിലെ നടത്തിയ നീക്കം പരാജയപ്പെട്ട ശേഷമാണ് ഉച്ചക്ക് കേസ് പരിഗണിച്ചപ്പോൾ ഇത്തരമൊരു ചോദ്യം സുപ്രീംകോടതി ഉന്നയിച്ചത്.
സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരാകുന്ന പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെ തിങ്കളാഴ്ച സുപ്രീംകോടതിയിൽ ഇല്ലാത്തതിനാൽ സെൻകുമാറിെൻറ ഹരജി മാറ്റിവെക്കണമെന്ന് കേസ് പരിഗണിക്കുന്നതിന് മുെമ്പ കേരളത്തിെൻറ സ്റ്റാൻഡിംഗ് കോൺസൽ ജി.പ്രകാശ് ആവശ്യപ്പെട്ടു. എന്നാൽ സെൻകുമാറിെൻറ അഭിഭാഷകൻ ദുഷ്യന്ത് ദവെ ഇൗ വാദം ഖണ്ഡിച്ചു. രാവിലെ ഒരു കേസിൽ റിലയൻസിന് വേണ്ടി ഹരീഷ് സാൽവെ ഹാജരായിട്ടുണ്ടെന്നും അദ്ദേഹം സുപ്രീംകോടതിയിലില്ലെന്ന സംസ്ഥാന സർക്കാറിെൻറ വാദം തെറ്റാണെന്നും ദവെ കോടതിയെ അറിയിച്ചു.പിന്നീട് സുപ്രീംകോടതി ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം വേണെമന്നും അതിനാൽ കേസ് നീട്ടണമെന്നുമായി കേരളം. ഇതും അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് സുപ്രീംകോടതി കേസ് വാദത്തിനായി വിളിച്ചു.
തുടർന്ന് വാദത്തിലേക്ക് ദുഷ്യന്ത് ദവെ കടക്കുന്ന സമയത്ത് കേരളത്തിലെ നിലവിലുള്ള ഡി.ജി.പിയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തോ എന്ന് സുപ്രീംകോടതി ചോദിച്ചു. ഇല്ലെന്ന് സംസ്ഥാന സർക്കാർ മറുപടി നൽകിയപ്പോൾ മരിച്ച ജിഷ്ണുവിെൻറ അമ്മ നാലഞ്ച് ദിവസമായി അവിടെ നിരാഹാര സമരത്തിലായിരുന്നില്ലേ? എന്നിട്ടും ഡി.ജി.പിയെ മാറ്റിയില്ലേ എന്ന് ജസ്റ്റിസ് മദൻ ബി ലോക്കൂർ ദവെയോട് ആവർത്തിച്ചുചോദിച്ചു. ഇല്ലായെന്ന് മറുപടി നൽകിയ ദുഷ്യന്ത് ദവെ നിലവിലുള്ള ഡി.ജി.പിയെ മാറ്റില്ലെന്നും അദ്ദേഹം സംസ്ഥാന സർക്കാറിെൻറ കണ്ണിലുണ്ണിയായ കുട്ടിയാണെന്നും കൂട്ടിച്ചേർത്തു. പിന്നീട് ദുഷ്യന്ത് ദവെയും പ്രശാന്ത് ഭൂഷണും സെൻകുമാറിന് വേണ്ടി നടത്തിയ വാദം രണ്ടര മണിക്കൂറിലേറെ നീണ്ടു. പൊലീസ് മേധാവിയെ മാറ്റുന്നതിന് മതിയായ കാരണങ്ങളുന്നയിക്കാൻ കേരള സർക്കാറിെൻറ പക്കലില്ലെന്ന് ഇരുവരും ബോധിപ്പിച്ചു.
നിയമപ്രകാരം സംസ്ഥാന തലത്തിലുള്ള കമീഷൻ ചർച്ച ചെയ്ത ശേഷം മാത്രമേ ഡി.ജി.പിയെ നീക്കം ചെയ്യാനാകൂ എന്ന് ദവെ ബോധിപ്പിച്ചപ്പോൾ ആ കമീഷൻ പ്രവർത്തിക്കുന്നുണ്ടോ എന്ന് സുപ്രീംകോടതി സർക്കാറിനോട് ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി. എന്നാൽ സെൻകുമാറിനെ നിയമിച്ചപ്പോഴും ഇതൊന്നും പാലിച്ചിട്ടിെല്ലന്ന് സർക്കാർ അഭിഭാഷകൻ ന്യായീകരിച്ചു. ഇൗ ന്യായീകരണം വീണ്ടുമാവർത്തിച്ചേപ്പാൾ നിയമപരമായ നടപടിക്രമം പാലിച്ചില്ലെന്ന് നിങ്ങളും സമ്മതിക്കുകയാണെന്നും ഇത് കോടതി രേഖപ്പെടുത്തിയാൽ പിന്നെ നിലവിലുള്ള ഡി.ജി.പിയെ പുറത്താക്കേണ്ടി വരുമെന്നും സുപ്രീംകോടതി ഒാർമിപ്പിച്ചു. രാഷ്ട്രീയ കാരണങ്ങളാൽ ഡി.ജി.പിയെ മാറ്റാൻ പറ്റില്ലെന്ന് പ്രശാന്ത് ഭൂഷണും വാദിച്ചു. പുറ്റിങ്ങൽ വെടിക്കെട്ട് സെൻകുമാറിനെ മാറ്റാനുള്ള ന്യായമാക്കിയെന്ന് ദവെ കുറ്റപ്പെടുത്തിയപ്പോൾ സുപ്രീംകോടതി ഇടപെട്ടു. 108 പേർ മരിക്കുകയും 400ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത അത്തരെമാരു സന്ദർഭത്തിൽ ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കണം. തെരഞ്ഞെടുപ്പായത് കൊണ്ട് പഴയ മുഖ്യമന്ത്രി തീരുമാനമെടുത്തില്ലെന്നും പുതിയ മുഖ്യമന്ത്രി വന്നപ്പോൾ ആരെങ്കിലും അതിന് വിലയൊടുക്കണമെന്ന് ആേലാചിച്ചതാകാമല്ലോ എന്നും കോടതി പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാമല്ലോ എന്ന് കോടതി ഒാർമിപ്പിച്ചു. സെൻകുമാറിനെതിരെ പൊതുജനങ്ങൾക്കിടയിൽ വ്യാപകമായ അതൃപ്തിയുണ്ടെന്ന് ഇതിനിടയിൽ സംസ്ഥാന സർക്കാർ അഭിഭാഷകൻ വാദിച്ചു. അതിന് രേഖയുണ്ടോ എന്ന് ചോദിച്ചേപ്പാൾ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ രണ്ട് റിപ്പോർട്ടുണ്ട് എന്ന് അഭിഭാഷകൻ പ്രതികരിച്ചു. അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അതൃപ്തിയല്ല, പൊതുജനത്തിെൻറ അതൃപ്തിയെ കുറിച്ചാണ് ചോദിച്ചതെന്ന് ഇതിന് കോടതി തിരിച്ചടിക്കുകയും ചെയ്തു. കേസിൽ ചൊവ്വാഴ്ച ഹരീഷ് സാൽവെ സർക്കാറിന് വേണ്ടി വാദം നടത്തുമെന്നാണ് സൂചന. ബെഹ്റയുടെ വാദവും ചൊവ്വാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.