താമരശ്ശേരി രൂപതയുടെ ഭൂമി ഇടപാട് റദ്ദാക്കി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ശരിയായ പവർ ഓഫ് അറ്റോണിയില്ലാതെ താമരശ്ശേരി റോമൻ കത്തോലിക്കാ രൂപത നടത്തിയ ഭൂമി ഇടപാട് സുപ്രീംകോടതി റദ്ദാക്കി. കോഴിക്കോട് മാവൂർ റോഡിൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന് സമീപം വാങ്ങിയ ഭൂമി യഥാർഥ ഉടമസ്ഥരായ കെ.പി.പി നമ്പ്യാരുടെ ഭാര്യ ഉമ നമ്പ്യാർക്ക് മടക്കി നൽകാൻ ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വി. രാമസുബ്രമണ്യം എന്നിവർ അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടു.
താമരശ്ശേരി രൂപതയുടെ അപ്പീൽ സ്വീകരിച്ച ഹൈകോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി കോഴിക്കോട് കോടതിയുടെ നിലപാട് ശരിവെച്ചു. കുടുംബ ഓഹരിയിൽനിന്ന് ലഭിച്ച സ്വത്തുക്കളുടെ പരിപാലനത്തിന് കൊടുത്ത പവർ ഓഫ് അറ്റോണി ഉപയോഗിച്ച് സഹോദരി വിൽപന നടത്തി കൈമാറ്റം ചെയ്ത ഭൂമിയാണ് കാലങ്ങൾക്ക് ശേഷം ഉമ നമ്പ്യാർക്കുതന്നെ തിരിച്ചുകൊടുക്കാൻ സുപ്രീംകോടതി വിധിച്ചത്. വിൽപനക്ക് വ്യവസ്ഥ ഇല്ലാത്ത പവർ ഓഫ് അറ്റോണി പ്രകാരമുള്ള ഭൂമിയുടെ ആദ്യ കൈമാറ്റം നിയമപരമായി നിലനിൽക്കില്ല എന്നും സുപ്രീംകോടതി വ്യക്തമാക്കി. വിൽക്കാനാണ് പവർ അറ്റോണി നൽകുന്നത് എന്നത് പ്രത്യേകം വ്യക്തമാക്കുകതന്നെ വേണം.
ഭൂമി പരിപാലനത്തിന് സഹോദരി റാണി സിദ്ധനെ ചുമതലപ്പെടുത്തി 1971ൽ ഉമ ദേവി നമ്പ്യാർ പവർ ഓഫ് അറ്റോണി രജിസ്റ്റർ ചെയ്തിരുന്നു. ഈ പവർ ഓഫ് അറ്റോണി 1985ൽ റദ്ദാക്കി. അതിന് മുമ്പ് റാണി, ഉമ നമ്പ്യാരുടെ ചില ഭൂമികൾ വിറ്റിരുന്നു. റാണി സിദ്ധനിൽനിന്ന് ഭൂമി വാങ്ങിയവർ മാവൂർ റോഡിലെ വസ്തു താമരശ്ശേരി റോമൻ കത്തോലിക്ക രൂപതക്കു മറിച്ചു വിറ്റു. പവർ ഓഫ് അറ്റോണിയിൽ വസ്തു പാട്ട കരാറിന് കൈമാറാനും, ഈടുവെച്ച് കടം വായ്പ എടുക്കാനും മാത്രമേ അധികാരം നൽകുന്നുള്ളൂ എന്ന് ബെഞ്ച് വ്യക്തമാക്കി.
മുതിർന്ന അഭിഭാഷകൻ തയാറാക്കിയ പവർ ഓഫ് അറ്റോണി ആണെന്നും അത് വിൽപനക്കുള്ള അധികാരമാണെന്നും രൂപത വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഉമാ നമ്പ്യാർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദവെ, അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവരും താമരശ്ശേരി രൂപതക്കു വേണ്ടി സീനിയർ അഭിഭാഷകൻ തോമസ് പി. ജോസഫും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.