മുസ്‌ലിം ലീഗ് ഉൾപ്പെടെ പാർട്ടികളെ നിരോധിക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: മുസ്‌ലിം ലീഗ് ഉൾപ്പെടെ മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. ഹരജിക്കാരന് ഹൈകോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയാണ് ഹരജി തള്ളിയത്. ജസ്റ്റിസ് എം.ആർ. ഷാ, ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജി പിൻവലിക്കാൻ അനുവദിക്കണമെന്നുള്ള ഹരജിക്കാരന്‍റെ ആവശ്യം കോടതി പരിഗണിച്ചു.
തീവ്ര ഹിന്ദുത്വ വാദിയും വിദ്വേഷ പ്രചാരകനുമായ മാറിയ മുൻ യു.പി ശിയാ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്‍വിയാണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്, ഹിന്ദു ഏകതാദൾ തുടങ്ങിയ പാർട്ടികൾക്കെതിരെ സുപ്രിംകോടതിയിൽ ഹരജി നൽകിയത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29എ, 123(3), 123(3എ) വകുപ്പുകൾ കാണിച്ചായിരുന്നു ഹരജി. മതത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് ചോദിക്കുന്നത് നിരോധിക്കുന്നതാണ് നിയമം. ബി.ജെ.പി വക്താവ് കൂടിയായ സുപ്രീംകോടതി അഭിഭാഷകൻ ഗൗരവ് ഭാട്ടിയ ആണ് റിസ്വിക്ക് വേണ്ടി ഹാജരായത്.
അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിന് മുൻ അറ്റോണി ജനറൽ കെ.കെ. വേണുഗോപാലാണ് ഹാജരായത്. ഇതേ ആവശ്യത്തിന് സമാന ഹരജി ഡൽഹി ഹൈകോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഇതിനാൽ ഹരജി സുപ്രീംകോടതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹരജി പിൻവലിക്കാമെന്നാണ് ഹരജിക്കാരൻ പറയുന്നതെന്ന് ജസ്റ്റിസ് ഷാ മറുപടി നൽകി.
മതനാമങ്ങളും മതചിഹ്നങ്ങളും ഉപയോഗിക്കുന്ന ബി.ജെ.പി അടക്കമുള്ള നിരവധി പാർട്ടികളുടെ പട്ടിക തങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും അവരെയും ഈ കേസിൽ കക്ഷികളാക്കണമെന്നും മതചിഹ്നമായ താമര ഉപയോഗിക്കുന്ന ബി.ജെ.പി അതിലൊരു കക്ഷിയാണെന്നും മാർച്ചിൽ ഹരജി പരിഗണിച്ചപ്പോൾ മുസ്‌ലിം ലീഗിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ബോധിപ്പിച്ചിരുന്നു.
ഹരജിയിലെ ആവശ്യത്തിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷന്‍റെ നിലപാട് ചോദിച്ചിരുന്നു. 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം മതപരമായ പേരുകളിൽ രാഷ്ട്രീയ പാർട്ടികൾ രജിസ്റ്റർ ചെയ്യുന്നതിന് തടസമില്ലെന്നായിരുന്നു കമീഷന്‍റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.