മീഡിയവൺ തുടരും; കേന്ദ്ര വിലക്കിന് സുപ്രീംകോടതി സ്റ്റേ
text_fieldsന്യൂഡൽഹി: മീഡിയവൺ ചാനലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് സ്റ്റേ ചെയ്ത സുപ്രീംകോടതി ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സംപ്രേഷണവുമായി മുന്നോട്ടുപോകാൻ അനുമതി നൽകി. കേന്ദ്ര സർക്കാറിന്‍റെ ശക്തമായ എതിർപ്പ് തള്ളിയാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത്, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. ഹരജികൾ അന്തിമ തീർപ്പിനായി ഏപ്രിൽ ഏഴിന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
മീഡിയവൺ വിലക്കിന് കേരള ഹൈകോടതി ഡിവിഷൻ ബെഞ്ച് ആധാരമാക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഫയലുകൾ, വാദം ഇടക്ക് നിർത്തിവെച്ച് 20 മിനിറ്റോളം പരിശോധിച്ചശേഷമായിരുന്നു മൂന്ന് ജഡ്ജിമാരും ചേർന്നുള്ള ഇടക്കാല വിധി പ്രസ്താവം. ഫയലുകളുടെ ഉള്ളടക്കം സൂക്ഷ്മമായി പരിശോധിച്ചതിൽനിന്ന്, വിലക്കിനെതിരെ ഇടക്കാല ഉത്തരവ് വേണമെന്ന ഹരജിക്കാരുടെ വാദം നിലനിൽക്കുന്നതാണെന്ന് കോടതി പറഞ്ഞു. അതിനാൽ, മീഡിയവൺ ചാനൽ നടത്താൻ 'മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡി'ന് നൽകിയ സുരക്ഷാക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജനുവരി 31ന് പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യുകയാണ്. ജനുവരി 31ന് മുമ്പ് ചാനൽ നടത്തിയിരുന്ന അതേ രീതിയിൽതന്നെ വാർത്തകളും ആനുകാലിക പരിപാടികളുമായി പ്രവർത്തനം തുടരാം -സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കി.
മുദ്രവെച്ച കവറുകളിന്മേലുള്ള കോടതിവ്യവഹാരത്തോട് യോജിപ്പില്ലെന്നും ബെഞ്ച് കേന്ദ്രസർക്കാറിനെ ഓർമിപ്പിച്ചു. മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്‍റെ രണ്ട് ഫയലുകളാണ് കേന്ദ്രം ഹൈകോടതി സിംഗിൾ ബെഞ്ചിന് മുമ്പാകെ സമർപ്പിച്ചത്. മീഡിയവൺ ലൈഫ്, മീഡിയവൺ ഗ്ലോബൽ എന്നിവയുമായി ബന്ധപ്പെട്ട ഒരു ഫയലും മീഡിയവൺ ടി.വിയുമായി ബന്ധപ്പെട്ട മറ്റൊന്നും. ഈ ഫയലുകൾ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡുമായി പങ്കുവെച്ചിട്ടുമില്ല.
മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡും മീഡിയവൺ ജീവനക്കാരും സമർപ്പിച്ച ഹരജികൾക്ക് മാർച്ച് 30നകം കേന്ദ്ര സർക്കാർ എതിർസത്യവാങ്മൂലം സമർപ്പിക്കണമെന്നും അതിനുള്ള മറുപടി ഹരജിക്കാർ ഒരാഴ്ചക്കകം നൽകണമെന്നും കോടതി നിർദേശിച്ചു. ഹരജിക്കാർക്ക് ഫലപ്രദമായി എതിർവാദം നടത്താൻ കേന്ദ്ര ഫയലുകളുടെ ഉള്ളടക്കം കൈമാറേണ്ടതുണ്ടോ എന്ന കാര്യത്തിൽ അന്തിമവാദത്തിനുമുമ്പ് തീർപ്പ് കൽപിക്കുമെന്നും കോടതി അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഫയലുകൾ അടുത്ത വാദം കേൾക്കൽ ദിവസം ഹാജരാക്കണം.
അതേസമയം, ഫയലുകൾ ഈ ഘട്ടത്തിൽ സുപ്രീംകോടതി സൂക്ഷ്മമായി പരിശോധിച്ചത് തങ്ങൾക്ക് അവ പരിശോധിക്കാൻ നൽകണമെന്ന ഹരജിക്കാരുടെ വാദത്തിനുള്ള സാധൂകരണമായി കാണരുതെന്ന് കോടതി പ്രത്യേകം എടുത്തുപറഞ്ഞു.
അക്കാര്യം കേസ് അന്തിമമായി തീർപ്പാക്കും മുമ്പ് തീരുമാനിക്കും. അഭിഭാഷകർ തങ്ങളുടെ വാദമുഖങ്ങൾ രേഖാമൂലം ഏപ്രിൽ ആറിനുമുമ്പ് നേരിട്ടോ ഇ-മെയിലായോ സമർപ്പിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു. 'മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയുടെ ശക്തമായ വാദമുഖങ്ങൾ അംഗീകരിച്ച കോടതി ഇടക്കാല ഉത്തരവ് നൽകരുതെന്ന കേന്ദ്ര സർക്കാർ അഭിഭാഷകരായ രാജുവിന്‍റെയും നടരാജന്‍റെയും എതിർപ്പുകൾ തള്ളി. മുൻ അറ്റോണി ജനറൽ മുകുൾ രോഹതഗി ലണ്ടനിൽനിന്ന് വിഡിയോ കോൺഫറൻസിലൂടെയാണ് ചാനലിന് വേണ്ടി ഹാജരായത്. സുപ്രീംകോടതി അഭിഭാഷകരായ അഡ്വ. ഹുസൈഫ അഹ്മദി, അഡ്വ. ഹാരിസ് ബീരാൻ എന്നിവരും ചാനലിനും ജീവനക്കാർക്കും വേണ്ടി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.