കേസ് നടത്തിപ്പിന് സുപ്രീംകോടതി അഭിഭാഷകർ; സർക്കാർ ചെലവിട്ടത് 68.2 ലക്ഷം രൂപ
text_fieldsകൊച്ചി: ലാവലിൻ, ശബരിമല, രാഷ്ട്രപതി ഭവനിൽ നിന്ന് ബില്ലുകൾക്ക് അനുമതി വൈകൽ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസ് നടത്തിപ്പിന് പുറത്തുനിന്നുള്ള അഭിഭാഷകർക്ക് വേണ്ടി സംസ്ഥാന സർക്കാർ ചെലവിട്ടത് 68.2 ലക്ഷം രൂപ. ലാവലിൻ കേസ് നടത്തിപ്പിന് 17.80 ലക്ഷം രൂപ വക്കീൽ ഫീസ് ഇനത്തിലും 2.27 ലക്ഷം രൂപ യാത്രപ്പടി ഇനത്തിലുമാണ് ചെലവായത്. സി.എസ്. വൈദ്യനാഥൻ, ആർ.കെ. ആനന്ദ് എന്നീ മുതിർന്ന അഭിഭാഷകരാണ് ഹൈകോടതിയിൽ ഹാജരായത്. അവർക്ക് ഫീസിനത്തിൽ 4.4 ലക്ഷം രൂപ, 5.5 ലക്ഷം രൂപ എന്നിങ്ങനെ യഥാക്രമം നൽകിയിട്ടുണ്ട്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരായ എൽ. നാഗേശ്വര - ഒരു ലക്ഷം, രാജീവ് ധവാൻ- 3.30 ലക്ഷം, ജയ്ദീപ് ഗുപ്ത- 1.10 ലക്ഷം, ഹരീഷ് സാൽവെ- 2.50 ലക്ഷം എന്നിങ്ങനെയും ഫീസ് നൽകി. സുപ്രീംകോടതി അഭിഭാഷകർ മറ്റ് ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ടില്ല.
കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് അഡ്വക്കറ്റ് ജനറൽ ഓഫിസ് നൽകിയ വിവരാവകാശ മറുപടിയിലാണ് ഈ കണക്കുകൾ. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ മൂന്ന് മുതിർന്ന അഭിഭാഷകരാണ് ഹാജരായത്. വിജയ് ഹൻസാരിയ- 13.20 ലക്ഷം, ജയ്ദീപ് ഗുപ്ത- 19.80 ലക്ഷം, വി. ഗിരി- 7.70 ലക്ഷം എന്നിങ്ങനെയാണ് ഫീസായി നൽകിയത്. രാഷ്ട്രപതി ഭവനിൽ നിന്ന് ബില്ലുകൾക്ക് അനുമതി വൈകുന്നുവെന്ന കാരണം പറഞ്ഞ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാലാണ് സുപ്രീംകോടതിയിൽ ഹാജരായത്. 7.5 ലക്ഷം രൂപയാണ് അദ്ദേഹത്തിന് ഫീസ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.