സംവരണപ്പട്ടികയിലെ സുപ്രീംകോടതി നോട്ടീസ്; സർവിസിലെ പ്രാതിനിധ്യക്കണക്കെടുക്കാൻ സർക്കാർ നിർബന്ധിതം
text_fieldsതിരുവനന്തപുരം: പിന്നാക്ക വിഭാഗങ്ങളുടെ സംവരണപ്പട്ടിക പുതുക്കുന്നില്ലെന്ന കോടതിയലക്ഷ്യ ഹരജിയിലെ സുപ്രീംകോടതി നോട്ടീസോടെ ജാതി സെൻസസും സർക്കാർ സർവിസിലെ ജീവനക്കാരുടെ ജാതിതിരിച്ച കണക്കുമെടുക്കാൻ സർക്കാർ നിർബന്ധിതമായി. 1993ലെ പിന്നാക്ക വിഭാഗ കമീഷൻ നിയമത്തിലെ 11(1) വകുപ്പുപ്രകാരം 10 വർഷം കൂടുമ്പോൾ പട്ടിക പുതുക്കണമെന്ന് വ്യവസ്ഥയുണ്ട്. സംവരണം നടപ്പാക്കിയെങ്കിലും സംവരണ വിഭാഗങ്ങൾക്ക് സർക്കാർ സർവിസിൽ എത്രത്തോളം പ്രാതിനിധ്യം കിട്ടിയിട്ടുണ്ടെന്ന പരിശോധനയാണ് 10 വർഷം കൂടുമ്പോഴുള്ള സർവേയിൽ നടക്കുക. ഇക്കാര്യത്തിൽ സംസ്ഥാനത്ത് മാറിവന്ന സർക്കാറുകൾ കൃത്യമായ നടപടിയെടുത്തിരുന്നില്ല. സംവരണപ്പട്ടിക പരിഷ്കരിക്കാനുള്ള സാമൂഹിക സാമ്പത്തിക സർവേ പൂർത്തിയാക്കാൻ 2020 സെപ്റ്റംബറിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കേരള ഹൈകോടതി ആറുമാസം സമയം നൽകിയിരുന്നു.
കേന്ദ്ര സർക്കാർ നൽകിയ അപ്പീലും പുനഃപരിശോധന ഹരജിയും സുപ്രീംകോടതി തള്ളിയെങ്കിലും സർവേ നടത്താനുള്ള സമയപരിധി ഒരു വർഷമായി നീട്ടിനൽകി. അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടി അഡ്വ. ഹാരിസ് ബീരാൻ നൽകിയ ഹരജിയിലായിരുന്നു മൂന്നംഗ ബെഞ്ചിന്റെ നടപടി. കേന്ദ്ര-സംസ്ഥാന സർക്കാറുകളും കേരള സംസ്ഥാന പിന്നാക്ക കമീഷനുമാണ് കേസിലെ എതിർകക്ഷികൾ. കേരളത്തിലെ സർക്കാർ സർവിസിലെ പ്രാതിനിന്യം സംബന്ധിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിലെ (2006) വിവരങ്ങളും ഹരജിക്ക് അനുബന്ധമായുള്ള രേഖകളിലുണ്ടായിരുന്നു.
സംവരണപ്പട്ടിക പുതുക്കണമെങ്കിൽ സംവരണ വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി സർക്കാർ സർവിസിൽ എത്രത്തോളം പ്രാതിനിധ്യം ലഭിച്ചെന്ന് വ്യക്തമാകണം. ഒപ്പം ജനസംഖ്യയിലെ ജാതിതിരിച്ച കണക്കുമെടുക്കണം. 10 ശതമാനം മുന്നാക്ക സംവരണം നടപ്പാക്കിയ ഘട്ടത്തിൽ പൊതുവിഭാഗങ്ങളുടെ ജാതിതിരിച്ച പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും പിന്നാക്ക വിഭാഗക്കാരുടെ കണക്കെടുക്കാൻ സർക്കാർ തയാറായിരുന്നില്ല. നിലവിൽ സമുദായങ്ങളെ പട്ടികകളിൽ ചേർക്കുന്നതും ഒഴിവാക്കുന്നതും പിന്നാക്ക-മുന്നാക്ക കമീഷനുകൾ നൽകുന്ന ശിപാർശ കണക്കിലെടുത്താണ്. സർക്കാർ ജീവനക്കാരുടെ ജാതിക്കണക്കെടുക്കാൻ സ്പാർക്ക് സോഫ്റ്റ്വെയറിൽ ജാതിക്കോളം ഉൾപ്പെടുത്തിയാൽ സാധിക്കും. സർവിസിലെ പിന്നാക്ക, പട്ടികജാതി- വർഗ പ്രാതിനിധ്യം അവലോകനം ചെയ്യാൻ പൊതുഭരണവകുപ്പിൽ മുഖ്യമന്ത്രി അധ്യക്ഷനായ കമ്മിറ്റിതന്നെയുണ്ട്. സുപ്രീംകോടതി നോട്ടീസിന്റെ പശ്ചാത്തലത്തിൽ പിന്നാക്ക സംവരണപ്പട്ടിക പുതുക്കാനുള്ള നടപടികളിലേക്ക് സർക്കാർ വൈകാതെ കടന്നേക്കും. പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ജാതി സർവേ നടത്താനുള്ള നടപടികളുമായി മുന്നോട്ടുപോകാമെന്നറിയിച്ച് സംസ്ഥാന പിന്നാക്ക കമീഷനും സർക്കാറിന് കത്ത് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.