ടി.പി വധക്കേസ് കുറ്റവാളികളുടെ ശിക്ഷാ ഇളവ് ആവശ്യത്തിൽ എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ്
text_fieldsന്യൂഡല്‍ഹി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈകോടതിയുടെ ശിക്ഷാവിധിക്കെതിരെ കുറ്റവാളികള്‍ നല്‍കിയ ഹരജികളിലും ജാമ്യാപേക്ഷകളിലും സംസ്ഥാന സർക്കാറിനും എതിർകക്ഷിയായ കെ.കെ. രമ എം.എൽ.എക്കും സുപ്രീംകോടതി നോട്ടീസ്. ആറാഴ്ചക്കകം മറുപടി നൽകണം. മോദി സർക്കാറിന്റെ മുൻ അഡീഷനൽ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാറും പിണറായി സർക്കാറിന്റെ മുൻ സ്റ്റാൻഡിങ് കോൺസൽ ജി. പ്രകാശും കുറ്റവാളികൾക്കായി ഹാജരായി.
ഹൈകോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച കേസിൽ ആദ്യ അഞ്ച് പ്രതികളായ അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, രജീഷ്, മുഹമ്മദ് ഷാഫി, ഏഴാം പ്രതി ഷിനോജ്, വിചാരണ കോടതി വെറുതെ വിടുകയും ഗൂഢാലോചനാക്കുറ്റം ചുമത്തി ഹൈകോടതി ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്ത 10ാം പ്രതി കെ.കെ. കൃഷ്ണൻ, 12ാം പ്രതി ജ്യോതി ബാബു എന്നിവരാണ് സുപ്രീംകോടതിയിലെത്തിയത്. ഇതിൽ ആറുപേർക്ക് വേണ്ടിയാണ് രഞ്ജിത് കുമാറും പ്രകാശും ഹാജരായത്. കെ.കെ. കൃഷ്ണനും ജ്യോതി ബാബുവിനും വേണ്ടി മദ്രാസ് ഹൈകോടതി മുൻ ജഡ്ജി എസ്. നാഗമുത്തുവും ഹാജരായി.
കേസിലെ ആദ്യ ആറു പ്രതികളായ അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവര്‍ ഇരട്ട ജീവപര്യന്തം ലഭിച്ചവരാണ്. 12 വര്‍ഷമായി ജയിലിലാണെന്നും ശിക്ഷയിളവ് ചെയ്ത് ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം. കേസില്‍ ഹൈകോടതി ശിക്ഷിച്ച ജ്യോതി ബാബുവും കെ.കെ. കൃഷ്ണനും ശിക്ഷായിളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചവരിൽ ഉൾപ്പെടുന്നു. ഇവരെ വിചാരണക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നെങ്കിലും ഹൈകോടതി പിന്നീട് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.
നേരത്തെ, ടി.പി. വധക്കേസിലെ മൂന്ന് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള നീക്കം വിവാദമായിരുന്നു. 20 വർഷം വരെ ഇളവില്ലാതെ ഹൈകോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത് എന്നിവരുടെ ശിക്ഷയിൽ ഇളവ് നൽകാനുള്ള നീക്കമാണ് വിവാദമായത്. ശിക്ഷായിളവ് സംബന്ധിച്ചു പൊലീസിനോട് പ്രതികളുടെ റിപ്പോർട്ടാവശ്യപ്പെടുന്ന കണ്ണൂർ ജയിൽ സൂപ്രണ്ടിന്റെ കത്ത് പുറത്തായിരുന്നു.
സംഭവം വിവാദമായതോടെ ശിക്ഷ ഇളവിനുള്ള ശിപാര്‍ശയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ ഉള്‍പ്പെടുത്തി പൊലീസ് റിപ്പോര്‍ട്ട് തേടിയ ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് സർക്കാർ തലയൂരുകയായിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.