ഡൽഹിയുടെ കഴുത്ത് ഞെരിക്കുന്നു; കർഷക സമരത്തെ വിമർശിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ മാസങ്ങളോളമായി നടത്തി വരുന്ന കർഷക സമരത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി. കർഷകർ ഡൽഹിയുടെ കഴുത്ത് ഞെരിക്കുകയാണെന്ന് കോടതി വിമർശിച്ചു. ജസ്റ്റിസ് എ.എൻ ഖാൻവിൽക്കർ, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് പരാമർശം. ജന്തർ മന്തറിൽ സത്യാഗ്രഹം നടത്താൻ അനുമതി തേടി കോടതിയെ സമീപിച്ച കിസാൻ മഹാപഞ്ചായത്തിന്‍റെ ഹരജി പരിഗണിക്കവെയായിരുന്നു വിമർശനം.
സമരത്തിന്‍റെ പേരിൽ തലസ്ഥാനത്തെ ദേശീയ പാതകൾ ഉപരോധിക്കുന്നതും ഗതാഗതം തടസപ്പെടുത്തുന്നതും ശരിയല്ല. കാർഷിക നിയമങ്ങൾക്കെതിരെ കോടതികളിൽ ഹരജികൾ നൽകിയിട്ടും സമരം തുടരുന്നത് എന്തിനാണെന്നും സുപ്രീം കോടതി ചോദിച്ചു. നിങ്ങൾക്ക് കോടതികളിൽ വിശ്വാസമുണ്ടെങ്കിൽ സമരം നടത്തുന്നതിന് പകരം അടിയന്തരമായി വാദം നടത്താനുള്ള ശ്രമം നടത്തുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.
ജുഡിഷ്യൽ സംവിധാനത്തിനെതിരെയുള്ള സമരമാണോയെന്ന് കർഷകരോട് കോടതി ചോദിച്ചു. കാര്യങ്ങൾ വ്യക്തമാക്കി തിങ്കളാഴ്ചയോടെ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. എന്നാൽ, പ്രക്ഷോഭത്തിന്‍റെ ഭാഗമാണ് വഴിതടയൽ സമരമെന്ന് കിസാൻ മഹാപഞ്ചായത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ അജയ് ചൗധരി അറിയിച്ചു. കർഷകരല്ല, പൊലീസാണ് ദേശീയപാതയിൽ തടസം സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.