കണ്യാട്ട്‌നിരപ്പ് പളളി: പാത്രിയര്‍ക്കീസ് വിഭാഗം നല്‍കിയ സുപ്രീംകോടതി തളളി
text_fieldsന്യൂഡൽഹി: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ 1934-ലെ ഭരണഘടന പ്രകാരം കണ്യാട്ട്‌നിരപ്പ് സെന്‍റ് ജോണ്‍സ് പളളി ഭരിക്കപ്പെടണമെന്നുളള കേരള ഹൈകോടതി വിധിക്കെതിരെ പാത്രിയര്‍ക്കീസ് വിഭാഗം നല്‍കിയ ഹരജി സുപ്രീംകോടതി മൂന്നംഗ ബെഞ്ച് തളളി. എറണാകുളം ജില്ലാ കോടതിയുടെ ഉത്തരവ് പ്രകാരം കണ്യാട്ട്‌നിരപ്പ് പളളി വികാരി 1934-ലെ ഭരണഘടന പ്രകാരം തെരഞ്ഞെടുപ്പ് നടത്തി. അത് കോടതി നിയമിച്ച കമീഷന്‍ റെക്കോഡ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്രകാരം തയ്യാറാക്കിയ ലിസ്റ്റില്‍നിന്നും 1600ല്‍ പരം പാത്രിയര്‍ക്കീസ് വിഭാഗക്കാരെ ഒഴിവാക്കി എന്നായിരുന്നു ആരോപണം. എന്നാല്‍, ഈ പരാതി ഹൈകോടതി പരിശോധിക്കുകയും തളളുകയും ചെയ്തിരുന്നു. ഈ വിധിയിന്മേല്‍ ഉളള അപ്പീലാണ് സുപ്രീംകോടതി ഇപ്പോള്‍ തളളിയത്.
കൂടാതെ പളളി സെമിത്തേരിയില്‍ ശവസംസ്‌കാരം തടസപ്പെടുത്തിയെന്നും അനധികൃതമായി സംസ്‌കാരം നടത്തിയ മൃതശരീരം പുറത്തെടുക്കണമെന്ന് ആവശ്യപ്പെട്ട് വികാരി പെറ്റീഷന്‍ നല്‍കിയെന്നും, പളളിവക മരങ്ങള്‍ വെട്ടിയെന്നും, പളളിയുടെ നിയന്ത്രണത്തിലുളള സ്‌കൂളില്‍ അനധികൃത നിയമനങ്ങള്‍ നടത്തിയെന്നും ആരോപിച്ച് പളളി ഭരണം റിസീവറെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പാത്രിയര്‍ക്കീസ് വിഭാഗം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്്.
എന്നാല്‍, 2017 മുതല്‍ ഈ പളളിയുടെ വിവധ കേസുകള്‍ സുപ്രീംകോടതി തന്നെ തീര്‍പ്പ് കല്‍പ്പിച്ചിട്ടുളളതാണെന്നും 1934-ലെ ഭരണഘടന പ്രകാരമാണ് തെരഞ്ഞെടുപ്പ് നടന്നതെന്നും കമീഷന്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് തന്നെ വ്യക്തമായി മനസിലാവുന്നതാണെന്നും ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗണ്ടര്‍, ജസ്റ്റിസ് വിനീത് സരണ്‍, ജസ്റ്റിസ് അജയ് രസ്‌തോഗി എന്നിവര്‍ അടങ്ങിയ മൂന്നംഗ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു. ഇപ്പോഴത്തെ വാദങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ലന്ന് കണ്ടെത്തിയ കോടതി കേസ് തളളുകയാണെന്ന് വ്യക്തമാക്കി. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വേണ്ടി അഡ്വ. സദറുള്‍ അനാം, അഡ്വ. സി.യു. സിങ്, അഡ്വ. എസ്. ശ്രീകുമാര്‍ എന്നിവര്‍ ഹജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.