ജാമ്യവ്യവസ്ഥ ഇളവിനുള്ള മഅ്ദനിയുടെ അപേക്ഷ സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: കേരളത്തിലേക്ക് പോകാൻ കഴിയുന്ന വിധം ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്ന പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദനിയുടെ അപേക്ഷ സുപ്രീംകോടതി തള്ളി. കർണാടക സർക്കാറിെൻറ എതിർപ്പിനെ തുടർന്നാണിത്.
2008ലെ ബംഗളുരു സ്ഫോടന കേസിൽ ജാമ്യം അനുവദിച്ച് 2014 ജൂലൈ 11ന് സുപ്രീംകോടതി നിർദേശിച്ച നിബന്ധനകളിൽ ഇളവാണ് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ മുഖേന മഅ്ദനി ആവശ്യപ്പെട്ടത്. അതനുസരിച്ച് ബംഗളുരു നഗരം വിട്ടു പോകാൻ പാടില്ല. മഅ്ദനിയുടെ സാഹചര്യങ്ങൾ മുൻനിർത്തി വിചാരണ തീരുന്നതു വരെ നാട്ടിൽ പോകാൻ അനുവദിക്കണമെന്നും, ജീവിതത്തിൽ ഇതുവരെ ഒരു കേസിലും ശിക്ഷിച്ചിട്ടില്ലാത്ത കുറ്റാരോപിതനാണ് മഅദ്നിയെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
വീൽ ചെയറിലാണ് മഅ്ദനി. മോശമായ ശാരീരിക സ്ഥിതി പരിഗണിച്ച് നാട്ടിൽ ആയുർവേദ ചികിത്സ നടത്താനാണ് കിട്ടിയ ഉപദേശം. ബംഗളുരുവിൽ കഴിയുന്നതിന് അനാവശ്യമായി വാടകയും മറ്റു ചെലവുകളും വരുന്നു. പിതാവ് പൂർണമായി തളർന്നു കിടപ്പിലാണ്. ബംഗളുരു സ്ഫോടനവുമായി ബന്ധപ്പെട്ട് ഗൂഡാലോചന നടന്നുവെന്ന് പറയുന്ന ഒരു യോഗത്തിൽ പങ്കെടുത്തുവെന്നതു മാത്രമാണ് കുറ്റപത്രത്തിൽ മഅ്ദനിക്കെതിരായ ആരോപണം.
2014ൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചപ്പോൾ, വിചാരണ നാലു മാസം കൊണ്ട് തീർക്കുമെന്നാണ് കർണാടക സർക്കാർ പറഞ്ഞത്. എന്നാൽ ഏഴു വർഷം കഴിഞ്ഞിട്ടും എവിടെയും എത്തിയിട്ടില്ല. പ്രോസിക്യൂഷെൻറ തെളിവു ശേഖരണം പൂർത്തിയായിരിക്കേ, തെളിവു നശിപ്പിക്കുമെന്ന ആശങ്കക്കും അടിസ്ഥാനമില്ല. ഈ സാഹചര്യങ്ങൾ കോടതി കണക്കിലെടുക്കണമെന്ന് പ്രശാന്ത് ഭൂഷൺ അഭ്യർഥിച്ചു.
എന്നാൽ സാക്ഷികളെ ഇനിയും വിസ്തരിക്കേണ്ട സാഹചര്യമുണ്ടെന്നും ബംഗളുരു വിട്ട് പുറത്തു പോയാൽ സാക്ഷികളുമായി ബന്ധപ്പെടാനും സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും കർണാടക സർക്കാറിെൻറ അഭിഭാഷകൻ നിഖിൽ ഗോയൽ വാദിച്ചു. ബാബരി മസ്ജിദ് പൊളിച്ചതിനെ തുടർന്ന കേസുകൾ, കോയമ്പത്തൂർ സ്ഫോടനം എന്നിവയിൽ മഅ്ദനിയുണ്ട്. കേരളത്തിൽ തന്നെ 24 കേസുകളുണ്ട്. ദുഃസ്ഥിതി വിവരിക്കുന്നതു പോലെയല്ല, കാൽ അറ്റുപോയത് അടുത്ത കാലത്തെങ്ങുമല്ല. 1992ലാണ്.
ബാബരി മസ്ജിദ് ധംസനത്തെ തുടർന്ന കേസുകളിലൊന്നും മഅ്ദനിക്ക് ബന്ധമില്ലെന്ന് പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. ദീർഘകാലം ജയിലിലും ഉപാധികളോടെ ജാമ്യവ്യവസ്ഥയിലും കഴിയേണ്ടി വന്ന മഅ്ദനി ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. അതേസമയം, ബംഗളുരു കേസിൽ വിചാരണ നീളുന്നതിനാൽ ഏഴു വർഷമായി കുരുങ്ങി കിടക്കുന്നു -പ്രശാന്ത് ഭൂഷൺ പറഞ്ഞു. എന്നാൽ പ്രോസിക്യൂഷൻ എതിർക്കുന്ന സാഹചര്യം കോടതി വീണ്ടും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.