വ്യക്തി സ്വാതന്ത്ര്യം വിഗ്രഹത്തിനോ വിശ്വാസികൾക്കോ എന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഭരണഘടന നിർമാതാക്കൾ വിഭാവനം ചെയ്ത വ്യക്തി സ്വാതന്ത്ര്യം വിഗ്രഹത്തിനാണോ വിശ്വാസികൾക്കാണോ എന്ന് സുപ്രീംകോടതി ചോദിച്ചു. ആരാധന സ്വാതന്ത്ര്യത്തിന് ഭരണഘടന നൽകുന്ന അവകാശം സാമൂഹികക്രമം, ആരോഗ്യം, ധാർമികത എന്നിവക്ക് അനുസൃതമാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് വ്യക്തമാക്കി. ശബരിമല ക്ഷേത്രം സർക്കാർ ഫണ്ട് വാങ്ങുന്നുണ്ടോ ഇല്ലയോ എന്ന വാദത്തിലേക്ക് കടക്കേണ്ടതില്ലെന്നും പൊതുക്ഷേത്രമാണോ അല്ലയോ എന്നുമാത്രം വാദിച്ചാൽ മതിയെന്ന് ചീഫ് ജസ്റ്റിസ് ഒാർമിപ്പിച്ചു. അതേസമയം ശബരിമലയിൽ സ്ത്രീകൾക്കുള്ള വിലക്ക് നീക്കിയാൽ സാമൂഹിക പ്രശ്നങ്ങളുണ്ടാകുമെന്നും കേരളം മറ്റൊരു അയോധ്യയാകുമെന്നും അയ്യപ്പസേവ സമാജം ബോധിപ്പിച്ചു.
പള്ളിയിൽ പോകുകയാണെങ്കിൽ ഖുർആനിൽ വിശ്വസിക്കണമെന്നതുപോലെ അമ്പലത്തിൽ പോകുന്നെങ്കിൽ വിഗ്രഹത്തെയും വിശ്വസിക്കണമെന്ന് ശബരിമല തന്ത്രിയും ചൂണ്ടിക്കാട്ടി.
ശബരിമലയിലെ ആചാരത്തെ ഒറ്റതിരിച്ചു കാണരുതെന്നും ഭരണഘടന നിലവിൽ വരുന്നതിനു മുമ്പുള്ളതാണ് ഈ ആചാരങ്ങളെന്നും അയ്യപ്പസേവ സമാജത്തിനു വേണ്ടി ഹാജരായ അഡ്വ. കൈലാസ്നാഥ് പിള്ള വാദിച്ചു.
ക്ഷേത്ര ആചാരങ്ങളിൽ തന്ത്രിയുടെ വാക്ക് അന്തിമമാണെന്ന് ശബരിമല തന്ത്രിക്കു വേണ്ടി ഹാജരായ അഡ്വ. വി. ഗിരി ബോധിപ്പിച്ചു. ശബരിമല പ്രതിഷ്ഠയുടെ ചുമതലക്കാരനായി തന്ത്രിയെ കേരള ഹൈകോടതി തന്നെ ചുമതലപ്പെടുത്തിയിരുന്നു. അയ്യപ്പ വിഗ്രഹത്തിെൻറ ജീവനും ശ്വാസവും ആചാരമാണ്. അത് അതേപടി പാലിക്കണം. എല്ലാ ക്ഷേത്രങ്ങൾക്കും പ്രത്യേക ആചാരമാണ് . ഓരോ മൂർത്തിക്കും പ്രത്യേക പൂജയും ആചാരവുമാണ് . ഇത് കോടതി മാനിക്കണം.
അയ്യപ്പ വിഗ്രഹത്തിന് നിയമ പരിരക്ഷയുള്ളതിനാൽ ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശം, വ്യക്തി സ്വാന്തന്ത്ര്യത്തിനുള്ള അവകാശം, സ്വകാര്യതക്കുള്ള അവകാശം എന്നിവയുണ്ടെന്ന് പീപ്ൾ ഫോർ ധർമക്കുവേണ്ടി ഹാജരായ അഡ്വ. സായ് ദീപക് വാദിച്ചു.
അയ്യപ്പ വിശ്വാസികൾ എന്നത് പ്രത്യേക വിഭാഗമാണ്. അതിൽ ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ എന്നീ വേർതിരിവ് ഇല്ല. അയ്യപ്പ വിഗ്രഹത്തിൽ വിശ്വസിക്കുന്നവർ എന്ന ഒരു വിഭാഗം മാത്രമേയുള്ളൂവെന്നും അദ്ദേഹം വാദിച്ചു.
ശബരിമലയിൽ സ്ത്രീ വിലക്ക് തുടരണമെന്ന് പന്തളം കൊട്ടാരത്തിനു വേണ്ടി ഹാജരായ അഡ്വ. രാധാകൃഷ്ണൻ വാദിച്ചു.
41 ദിവസത്തെ വ്രതത്തിനുശേഷം വിശ്വാസികൾ ശബരിമലയിൽ എത്തണമെന്നത് അയ്യപ്പൻ നിഷ്കർഷിച്ചതാണെന്നും സ്ത്രീകൾ ആർത്തവകാലത്തു ക്ഷേത്രങ്ങളിൽ പോകാറില്ലെന്നും അദ്ദേഹം തുടർന്നു.
തലമുറകളായി പിതാമഹന്മാരിൽനിന്ന് കൈമാറിവരുന്നതാണ് ആചാരങ്ങൾ. അതിന് തെളിവിെൻറ ആവശ്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.