അമീറുല്‍ ഇസ്‌ലാമിന്‍റെ വധശിക്ഷക്ക് സുപ്രീംകോടതി സ്റ്റേ
text_fieldsന്യൂഡൽഹി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അസം സ്വദേശി അമീറുല്‍ ഇസ്‌ലാമിന്‍റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
പ്രതിയുടെ മനഃശാസ്ത്ര, ജയിൽ സ്വഭാവ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശം നൽകി. മനഃശാസ്ത്ര പരിശോധനക്ക് തൃശൂർ മെഡിക്കൽ കോളജ് പ്രത്യേക സംഘത്തെ നിയമിക്കണമെന്നും പ്രതിയുടെ ജയിലിലെ പെരുമാറ്റത്തെക്കുറിച്ച് വിയ്യൂർ ജയിൽ അധികൃതർ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
വധശിക്ഷയുടെ ഭരണഘടന സാധുത ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയിരുന്നത്. നിരപരാധിയെന്ന് തെളിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള തെളിവുകളുണ്ടെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അഭിഭാഷകരായ സതീഷ് മോഹനന്‍, സുഭാഷ് ചന്ദ്രന്‍, ശ്രീറാം പാറക്കാട്ട് എന്നിവരാണ് അമീറുൽ ഇസ്‍ലാമിന് വേണ്ടി ഹരജി നൽകിയത്.
2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ കുറപ്പുംപടിയ്ക്കടുത്ത് ഇരിങ്ങോളില്‍ നിയമ വിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. നിര്‍മാണ തൊഴിലാളികള്‍ ധരിക്കുന്ന തരം ചെരുപ്പ് ജിഷയുടെ വീടിന്റെ പരിസരത്തുനിന്ന് പൊലീസ് കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്. അമീറിനെ ജൂണില്‍ പൊലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബര്‍ 16ന് കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകം, ബലാത്സംഗം, അതിക്രമിച്ചു കയറല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അമീറുല്‍ ഇസ്‌ലാമിനെതിരെ ചുമത്തിയത്. 2017 മാര്‍ച്ച് 13ന് വിചാരണ തുടങ്ങി. ഡിസംബര്‍ 14ന് കുറ്റക്കാരനാണെന്ന് കണ്ടെത്തി സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് വധശിക്ഷക്ക് വിധിച്ചത്.
വിചാരണക്കോടതി നല്‍കിയ വധശിക്ഷ കഴിഞ്ഞ മെയ് 20 ന് ഹൈകോടതി ശരിവെച്ചിരുന്നു. സാഹചര്യത്തെളിവുകൾ മാത്രമുള്ള കേസിലെ സാക്ഷി മൊഴികളടക്കം കേസിന്റെ വിവിധ വശങ്ങൾ പരിശോധിച്ചായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.