ജാതി വിവേചനത്തിന്റെ ജയിൽ ചട്ടം സുപ്രീംകോടതി റദ്ദാക്കി; ജയിലിൽ ജാതിവേണ്ട
text_fieldsന്യൂഡൽഹി: ജയിലുകൾക്കുള്ളിലെ ജാതി വിവേചനം വെച്ചുപൊറുപ്പിക്കില്ലെന്ന് സുപ്രീംകോടതി. തടവുകാരുടെ ജാതി വിവരങ്ങൾ ജയിൽ രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യാൻ നിർദേശിച്ച സുപ്രീംകോടതി, ജാതി വിവേചനത്തിന് കാരണമാകുന്ന ചില സംസ്ഥാനങ്ങളിലെ ജയിൽ ചട്ടങ്ങൾ റദ്ദാക്കുകയും ചെയ്തു. ജയിലുകളിൽ ഇനിയും ജാതി വിവേചനമുണ്ടായാൽ സംസ്ഥാന സർക്കാറുകൾ ഉത്തരവാദികളായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദീവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് ഓർമിപ്പിച്ചു.
ജയിലുകളിലെ ജാതി വിവേചനത്തിനെതിരെ മാധ്യമ പ്രവർത്തക സുകന്യശാന്ത മുൻ ഹൈകോടതി ജഡ്ജി കൂടിയായ മുതിർന്ന അഭിഭാഷകൻ ഡോ. എസ്. മുരളീധർ മുഖേന സമർപ്പിച്ച ഹരജിയിലാണ് ചരിത്ര വിധി. ജയിലുകളിലെ ശുചീകരണവും തൂപ്പുജോലിയും പാർശ്വവത്കൃത ജാതിക്കാരായ തടവുകാർക്കും പാചകം ഉന്നത ജാതിക്കാരായ തടവുകാർക്കും വീതിച്ചുനൽകുന്നത് ഭരണഘടനയുടെ 15-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
നേർക്കുനേർ ജാത്യാധിക്ഷേപം നടത്തിയില്ലെങ്കിൽ പോലും താഴ്ന്ന ജാതിക്കാരെ പരോക്ഷമായ തരത്തിൽ ആക്ഷേപിക്കുന്ന പ്രയോഗങ്ങളും ഉപയോഗിക്കരുത്. ഈ തരത്തിൽ ജാതി വിവേചനത്തിന് അനുഗുണമായ എല്ലാ ജയിൽ ചട്ടങ്ങളും ഭരണഘടന വിരുദ്ധമാണെന്ന് കോടതി പ്രഖ്യാപിച്ചു. വിധിക്ക് അനുസൃതമായി എല്ലാ സംസ്ഥാനങ്ങളും ജയിൽ ചട്ടങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം. ‘ജയിലുകളിലെ വിവേചനം’ എന്ന പേരിൽ സുപ്രീംകോടതി സ്വമേധയാ ഈ കേസ് എടുക്കുകയാണെന്നും സുപ്രീംകോടതി വിധി നടപ്പാക്കിയതിന്റെ റിപ്പോർട്ട് മൂന്നു മാസത്തിനകം എല്ലാ സംസ്ഥാനങ്ങളും സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു.
വിചാരണ തടവുകാരുടെയും ശിക്ഷിക്കപ്പെട്ട കുറ്റവാളികളുടെയും രജിസ്റ്ററുകളിൽ നിന്ന് ജാതിക്കോളം നീക്കം ചെയ്യണം. പ്രാക്തന ഗോത്ര വിഭാഗങ്ങളെ സ്ഥിരം കുറ്റവാളികളായി കാണരുതെന്നും ജയിൽ മാന്വലുകളിൽ അത്തരം പരാമർശമുണ്ടാകരുതെന്നും കോടതി ഓർമിപ്പിച്ചു. കഠിനമല്ലാത്ത തടവുശിക്ഷക്ക് വിധിക്കപ്പെട്ട തടവുകാർ താഴ്ന്ന ജാതിക്കാരല്ലെങ്കിൽ അവരെ കൊണ്ട് താഴ്ന്ന ജോലികൾ ചെയ്യിക്കരുതെന്ന ഉത്തർപ്രദേശ് ജയിൽ മാന്വലിലെ പരാമർശത്തെ സുപ്രീംകോടതി വിമർശിച്ചു.
ഹരി, ചണ്ഡൽ ജാതിക്കാരിൽ നിന്നുള്ളവരെ തൂപ്പുകാരാക്കണമെന്ന ചട്ടം തുല്യതക്കെതിരാണ്. ജാതീയമായി തൊഴിൽ നിശ്ചയിച്ചുനൽകുന്നത് ഭരണഘടനയുടെ 23-ാം അനുച്ഛേദത്തിനെതിരുമാണ്. തടവുകാർക്ക് അന്തസ്സ് വക വെച്ചുകൊടുക്കാതിരിക്കുന്നത് മനുഷ്യത്വവിരുദ്ധമായ കോളനികാല സങ്കൽപമാണ്. തടവുകാരെ മാനുഷികമായി സമീപിക്കണമെന്നും മാനസികവും ശാരീരികവുമായ അവരുടെ അവസ്ഥയെ കുറിച്ച് ബോധവാന്മാരാകണമെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.