സിദ്ദീഖ് കാപ്പൻ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയിൽ; വെള്ളിയാഴ്ച പരിഗണിക്കും
text_fieldsന്യൂഡൽഹി: ഹാഥറസ് കൂട്ടബലാത്സംഗ കൊലക്കേസ് റിപ്പോർട്ട് ചെയ്യാൻ പോകവെ യു.പി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ. ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ജാമ്യഹരജി അടിയന്തരമായി പരിഗണിക്കണമെന്ന കാപ്പന്റെ ആവശ്യം അംഗീകരിച്ച ചീഫ് ജസ്റ്റിസ് ഹരജി വെള്ളിയാഴ്ച്ച പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു.
അലഹബാദ് ഹൈകോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് കാപ്പൻ സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സിദ്ധീഖ് കാപ്പന്‍ ജാമ്യാപേക്ഷ ഹൈകോടതിയിൽ സമർപ്പിച്ചത്. പലവട്ടം മാറ്റിവച്ച ശേഷമാണ് വാദം പൂർത്തിയായത്. കുറ്റപത്രവും ഹാജരാക്കിയ രേഖകളും പരിശോധിച്ചപ്പോൾ, ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
നേരത്തെ, കാപ്പന്റെ ശബ്ദവും കൈയെഴുത്തും ഉള്‍പ്പെടെ പരിശോധിച്ച് വീണ്ടും അന്വേഷണം നടത്തണമെന്ന യു.പി പൊലീസിന്റെ ആവശ്യം മഥുര അഡീഷണല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അനില്‍കുമാര്‍ പാണ്ഡെ തള്ളിയിരുന്നു. 22 മാസമായി തടവിലാണ് സിദ്ധീഖ് കാപ്പന്‍.
ഹാഥറസ് ബലാത്സംഗ കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടയിലാണ് യു.പി പൊലീസ് സിദ്ധീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഡൽഹിക്ക് അടുത്ത് മഥുര ടോൾ പ്ലാസയിൽ വച്ച് 2020 ഒക്ടോബർ അഞ്ചിനായിരുന്നു അറസ്റ്റ്. സമാധാനാന്തരീക്ഷം തകർക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്ത ശേഷം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
പിന്നീട് കാപ്പനെതിരെ യു.എ.പി.എ ചുമത്തി. കാപ്പനും സഹയാത്രികരും വർഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാർദം തകർക്കാനും ശ്രമിച്ചെന്ന് ആരോപിച്ചാണ് യു.എ.പി.എ പ്രകാരം കേസെടുത്തത്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം എന്നീ വകുപ്പുകളും യു.പി പൊലീസ് കാപ്പനെതിരെ ചുമത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.