മാപ്പ് പറഞ്ഞിട്ടില്ല; പിഴയുമില്ല –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ മാപ്പ് പറയുകയോ, കോടതി സര്‍ക്കാറിന് പിഴ ചുമത്തുകയോ ചെയ്തിട്ടിെല്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ.സുപ്രീംകോടതി വിധി സര്‍ക്കാറിന് തിരിച്ചടിയല്ലെന്ന് നിയമസഭയില്‍ ആവർത്തിച്ച മുഖ്യമന്ത്രി വിധിയിൽ കൂടുതല്‍ വിശദീകരണം തേടാനും പുനഃപരിശോധന ആവശ്യപ്പെടാനും ആര്‍ക്കും അധികാരമുെണ്ടന്നും അതാണ് ചെയ്തതെന്നും വിശദീകരിച്ചു. അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
അഡ്വ. ജനറല്‍ നല്കിയ നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് കോടതിയിൽ വിശദീകരണം തേടിയത്. സെന്‍കുമാര്‍ കേസില്‍ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിലും ഹൈേകാടതിയിലും സര്‍ക്കാറിന് അനുകൂല വിധി വന്നു. സുപ്രീംകോടതി അത് തിരുത്തി. ആ വിധി അന്തിമമാണ്. നിയമപരമായി സെന്‍കുമാര്‍ സ്വീകരിച്ച മാര്‍ഗം മാത്രമാണ് സര്‍ക്കാറും സ്വീകരിച്ചത്. വിചാരണസമയത്ത് സര്‍ക്കാറിെൻറ ഹരജി കോടതി തള്ളി. ഇതിന് പിഴ ചുമത്തിയിട്ടില്ല. ജുവനൈല്‍ കേസുകള്‍ക്കായി സുപ്രീംകോടതിയുടെ ലീഗല്‍ സെല്ലില്‍ 25,000 രൂപ അടയ്ക്കാന്‍ മാത്രമാണ് നിര്‍ദേശിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേസിൽ കോടതിയലക്ഷ്യം സംഭവിച്ചിട്ടില്ല. സുപ്രീംകോടതി വിധിയോട് ഒരുഘട്ടത്തിലും സര്‍ക്കാര്‍ അനാദരവു കാട്ടിയിട്ടില്ല. അഡ്വ. ജനറലിെൻറ ഉപദേശത്തിനനുസരിച്ചാണ് സർക്കാർ പ്രവര്‍ത്തിക്കുന്നത്. സാധാരണ നടപടിക്രമം പാലിച്ചുകൊണ്ടു മാത്രമാണ് സെന്‍കുമാറിനെ ആ സ്ഥാനത്തുനിന്ന് മാറ്റിയത്.
2011ല്‍ പൊലീസ് മേധാവിയെ ഒരു സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് തെരഞ്ഞെടുത്തത്. 2015ല്‍ അത്തരത്തിലുള്ള നിര്‍ദേശം ചീഫ് സെക്രട്ടറിയില്‍ നിന്നുമുണ്ടായിട്ടും അത് തള്ളി സർക്കാർ സ്വന്തംനിലയില്‍ നിയമിച്ചു. സ്റ്റേറ്റ് പൊലീസ് ചീഫ് എന്ന തസ്തികയിലല്ല, ഹെഡ് ഓഫ് പൊലീസ് ആയാണ് സെൻകുമാറിനെ നിയമിച്ചത്. എന്നാൽ, ഇടതുസർക്കാർ നിയമപ്രകാരം മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ. അതേസമയം, സെൻകുമാർ കേസിൽ സർക്കാറിന് കോടതിയിൽനിന്ന് അടികിട്ടുക മാത്രമല്ല, പുളിയും കുടിച്ചെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. സര്‍ക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകന് കോടതിയില്‍ മാപ്പുപറഞ്ഞിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് കേസുകള്‍ നടത്താന്‍വേണ്ടിയാണ് പണമൊടുക്കാന്‍ പറഞ്ഞതെങ്കില്‍ മുഖ്യമന്ത്രിയുടെ കീശയില്‍നിന്ന് നല്‍കണമെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.