കുമ്പസാര തർക്കം സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: ഒരു വിശ്വാസത്തിെൻറ ഭാഗമായാൽ ആ വിശ്വാസസംഹിതക്ക് അനുസൃതമായി നിൽക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.ഒരാൾ ക്രിസ്ത്യാനിയാകാൻ സ്വയം തീരുമാനിക്കുേമ്പാൾ കുമ്പസാരമടക്കമുള്ള മതാനുഷ്ഠാനങ്ങൾ ചെയ്യേണ്ടിവരും.
അവ മാനിക്കാത്തതിലൂടെ ആ മതവിശ്വാസം സ്വന്തം നിലക്ക് ഉപേക്ഷിക്കുകയാണ് അയാൾ ചെയ്യുന്നതെന്നും ബെഞ്ച് ഒാർമിപ്പിച്ചു. തങ്ങൾക്ക് വിശ്വാസമുള്ള വൈദികരുടെ മുമ്പിൽ കുമ്പസരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭക്കാരായ അഞ്ച് ക്രിസ്ത്യൻ വനിതകൾ സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി നിരീക്ഷണം.
കുമ്പസാരത്തിെൻറ മറവിൽ മലങ്കര ഒാർത്തേഡാക്സ് സിറിയൻ പള്ളിയിലെ നാല് പുരോഹിതർ വിവാഹിതയെ ബലാത്സംഗം ചെയ്ത കേസിനെ തുടർന്ന് സ്ത്രീപീഡനങ്ങൾ ഒഴിവാക്കാൻ കുമ്പസാരം നിരോധിക്കണമെന്ന് ദേശീയ വനിത കമീഷൻ 2018ൽ ശിപാർശ ചെയ്തിരുന്നു. സമാന വാദവുമായാണ് സ്വന്തം വൈദികർക്കു മുന്നിൽ കുമ്പസരിക്കാൻ അനുവാദം തേടി എറണാകുളത്തെ ബീന ടിറ്റി, ലിസി ബേബി, കോലഞ്ചേരിയിലെ ലാലി ഐസക്, കോട്ടയത്തെ ബീന ജോണി, തൊടുപുഴയിലെ ആനി മാത്യു എന്നിവർ സുപ്രീംകോടതിയിൽ എത്തിയത്.
നിർബന്ധിത കുമ്പസാരം അടിേച്ചൽപിക്കുന്നത് ഭരണഘടനയുടെ 25ാം അനുഛേദത്തിെൻറ ലംഘനമാണെന്ന് ഹരജിയിൽ ബോധിപ്പിച്ചു. കുമ്പസാര രഹസ്യം ഉപയോഗിച്ച് ബ്ലാക് മെയിലിങ്ങും ലൈംഗിക പീഡനവും നടത്തിയതായി കേസുകളുണ്ട്. കുമ്പസാരം നടത്താത്തവർക്ക് പള്ളി മറ്റ് സേവനങ്ങൾ നിഷേധിക്കുകയാണെന്നും ഇതിെൻറ പേരിൽ നിർബന്ധപൂർവം പണമീടാക്കുകയും ചെയ്യുന്നതായി ഹരജിയിലുണ്ട്. എന്നാൽ, ഒാർത്തഡോക്സ്-യാക്കോബായ സഭകൾ തമ്മിലുള്ള തർക്കത്തിെൻറ ഭാഗമാണിതെന്ന് കേന്ദ്ര സർക്കാർ വാദിച്ചു.
കുമ്പസാരം ക്രിസ്തുമതത്തിെൻറ അടിസ്ഥാന അനുഷ്ഠാനമാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. ഇൗ വിഷയത്തിൽ ഹൈകോടതിയിലേക്കാണ് ആദ്യം പോകേണ്ടതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞപ്പോൾ ശബരിമലയിൽ ഒമ്പതംഗ ബെഞ്ചിന് മുമ്പാകെ വന്ന റഫറൻസിെൻറ പരിധിയിൽ വരുന്ന വിഷയമാണിതെന്നായിരുന്നു ഹരജിക്കാർക്കു വേണ്ടി ഹാജരായ മുൻ അറ്റോണി ജനറൽ മുകുൾ രോഹതഗിയുടെ മറുപടി. തുടർന്ന് അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിനോട് സുപ്രീംകോടതി അഭിപ്രായം തേടി. കേരള ഹൈകോടതിക്ക് കേസിെൻറ മുഴുവൻ ചരിത്രവുമറിയാമെന്നും അേങ്ങാട്ട് കേസ് വിടണമെന്നും എ.ജി ബോധിപ്പിച്ചു.
എന്നാൽ, കുമ്പസാരം മതത്തിെൻറ അവിഭാജ്യ ഘടകമാണോ എന്നതടക്കമുള്ള ഭരണഘടനാ വിഷയങ്ങൾ അടങ്ങിയതാണ് ഹരജി എന്ന് രോഹതഗി വാദിച്ചു.വിശ്വാസിയുടെ സ്വകാര്യതക്കുള്ള അവകാശം മതാധികാരമുള്ള ഒരു പുരോഹിതന് ഹനിക്കാനാവുമോ എന്ന് രോഹതഗി ചോദിച്ചു. ചില പുരോഹിതർ കുമ്പസാരത്തെ ദുരുപയോഗം ചെയ്യുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതൽ വസ്തുതകൾ ഉൾപ്പെടുത്തി ഹരജി ഭേദഗതി ചെയ്യാൻ ബെഞ്ച് ഹരജിക്കാർക്ക് സമയം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.