സൂരജിന് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ്: ഗൂഢാലോചനയെന്ന് ഉത്രയുടെ പിതാവ്
text_fieldsകൊല്ലം: ഗാർഹിക പീഡനമടക്കം രണ്ട് കേസുകൾ കോടതിയുടെ പരിഗണനയിലിരിക്കെ, സൂരജ് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റിലൂടെ പരോളിലിറങ്ങാൻ ശ്രമിച്ചതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഉത്രയുടെ പിതാവ് വിജയസേനൻ.
ഉത്ര വധക്കേസിൽ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതി സൂരജ് എസ്. കുമാർ പരോളിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പിതാവിന് ഗുരുതര രോഗമാണന്ന വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമിച്ചതിന് സൂരജിന്റെ മാതാവ് രേണുകയെ പ്രതിചേർത്ത് പൂജപ്പുര സെൻട്രൽ ജയിലധികൃതർ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. പിതാവിന്റെ രോഗവുമായി ബന്ധപ്പെട്ട് ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റിൽ കൃത്രിമം കാട്ടിയതായാണ് കേസ്.
നിലവിൽ സൂരജും കുടുംബാംഗങ്ങളും പ്രതിയായ സ്ത്രീധന, ഗാർഹിക പീഡനക്കേസ് പുനലൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണെന്ന് അഞ്ചൽ ഏറം വെള്ളാശ്ശേരിൽ വിജയസേനൻ ‘മാധ്യമ’ത്തോട് പറഞ്ഞു. കേസിൽ ജാമ്യത്തിലുള്ള നാലാംപ്രതി സൂര്യ അടക്കം സൂരജിനെ സഹായിക്കുന്ന ചിലരാണ് വ്യാജ സർട്ടിഫിക്കറ്റിന് പിന്നിൽ.
ഏത് ഹീനമാർഗത്തിലൂടെയും സൂരജിനെ പുറത്തിറക്കി സ്ത്രീധന, ഗാർഹിക പീഡനക്കേസ് അട്ടിമറിക്കുകയാണ് ലക്ഷ്യം. കേസിൽ വിസ്താരം നടക്കുന്നതിനിടെ, അപേക്ഷ നൽകി നാലാം പ്രതി അവധിയെടുത്തു. എന്നാൽ, പുറത്തുപോകാൻ അനുവാദം നേടിയ ഇയാൾ കേസിൽ വാദം നടക്കുമ്പോൾ കോടതി വരാന്തയിലുണ്ടായിരുന്നു.
മകളുടെ പേരിൽ സൂരജും കുടുംബവും തട്ടിയെടുത്ത സ്വത്തുക്കൾ തിരികെ ലഭിച്ചിട്ടില്ല. ഉത്രയെ മൂർഖനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസിൽ ഭർത്താവ് അടൂർ, കാരംകോട് ശ്രീസൂര്യയിൽ സൂരജിന് 17 വർഷം തടവും ഇരട്ട ജീവപര്യന്തവുമാണ് കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ഉത്രവധത്തിൽ സ്ത്രീധന, ഗാർഹിക പീഡനക്കേസിൽ സൂരജിന് പുറമെ, പിതാവ് സുരേന്ദ്ര പണിക്കർ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവർ പ്രതികളാണ്. ഇവർ ജാമ്യത്തിലാണ്.
2018 മാർച്ച് 25 നാണ് സൂരജിന്റെയും ഉത്രയുടെയും വിവാഹം നടന്നത്. ഇവർക്ക് ഒരു മകനുണ്ട്. 2020 മേയ് ഏഴിന് രാവിലെയാണ് ഏറത്തെ വീട്ടിലെ കിടപ്പുമുറിയിൽ ഉത്രയെ പാമ്പുകടിയേറ്റ് മരിച്ചനിലയിൽ കണ്ടത്. മുറിയിൽ നിന്ന് പാമ്പിനെയും കണ്ടെത്തിയിരുന്നു. ഗാർഹിക പീഡനക്കേസ് കൂടാതെ, സൂരജും പാമ്പുപിടിത്തക്കാരൻ ചാവരുകാവ് സുരേഷും പ്രതികളായി വനംവകുപ്പ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസും പുനലൂർ കോടതിയുടെ പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.