ഓൺലൈൻ സേവനങ്ങൾക്ക് അധിക നിരക്ക്: അക്ഷയക്ക് ജല അതോറ്റിയുടെ കത്ത്
text_fieldsതിരുവനന്തപുരം: ജല അതോറിറ്റിയുടെ ഓൺലൈൻ സേവനങ്ങൾക്ക് അക്ഷയയുടെ സർവിസ് ചാർജുകൾ ഏകീകരിച്ച് പ്രദർശിപ്പിക്കണമെന്നാവശ്യപ്പെട്ട് ജല അതോറിറ്റി എം.ഡി ‘അക്ഷയ’ ഡയറക്ടർക്ക് കത്ത് നൽകി. വിവിധ സേവനങ്ങൾക്ക് ഉയർന്ന നിരക്ക് ഈടാക്കുന്നെന്ന പരാതിയെ തുടർന്നാണ് നടപടി. അക്ഷയകൾ അധിക നിരക്ക് ഈടാക്കുന്നെന്ന് കാട്ടി നിരവധി പരാതികളാണ് ജലഅതോറിറ്റിക്ക് ലഭിച്ചത്.
അതോറിട്ടിയുടെ ഓൺലൈൻ സംവിധാനം വഴി ബിൽ അടക്കുന്നവർക്ക് ഒരു രൂപ മുതൽ 100 രൂപ വരെ ഇൻസെന്റിവ് നൽകുന്നുണ്ട്. ഈ തുക ബില്ലിനൊപ്പം അക്ഷയകൾ ഈടാക്കുന്നതായും പരാതിയുണ്ടെന്ന് എം.ഡി കത്തിൽ ചൂണ്ടിക്കാട്ടുന്നു. അക്ഷയകളിലെ സർവിസ് ചാർജുകൾക്ക് നൽകുന്ന രസീതുകളിൽ ജല അതോറിറ്റിയുടെ ചിഹ്നം ഉപയോഗിക്കരുതെന്നും എം.ഡി ആവശ്യപ്പെട്ടു. മീറ്റർ മാറ്റിവെക്കുന്നതിന് ഒരു അക്ഷയ സെന്റർ 100 രൂപ സർവിസ് ചാർജായി ഈടാക്കിയെന്ന് പരാതി ഉയർന്നിരുന്നു. അതോറിറ്റിയിൽ 10 രൂപയാണ് ഇതിനുള്ള ഫീസ്.
ജല അതോറിറ്റിയുടെ വിവിധ ഓൺലൈൻ സേവനങ്ങൾക്ക് അഞ്ച് രൂപ മുതൽ 65 വരെയാണ് ഫീസ്. ഓൺലൈൻ വഴി ബില്ലടക്കുമ്പോൾ ഒരു ശതമാനം ഇൻസെന്റിവായി ഉപഭോക്താവിന് നൽകുന്നുണ്ട്. ഇൻസെന്റിവ് അടുത്ത ബില്ലിൽ വരവുവെക്കുകയും ചെയ്യും. എന്നാൽ, അക്ഷയകൾ വഴി ബിൽ അടക്കുമ്പോൾ ഇൻസെന്റിവ് തുക കൂടി ചേർത്തുവാങ്ങുമെങ്കിലും ബിൽ തുകയുടെ രസീത് മാത്രമേ നൽകാറുള്ളൂവെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.