Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉറപ്പാണ്, ഒരാളും...

ഉറപ്പാണ്, ഒരാളും പട്ടിണി കിടക്കില്ല -ജി.ആർ. അനിൽ

text_fields
bookmark_border
GR Anil
cancel
പൊതുവിതരണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കേരളത്തിൽ സംഭവിച്ചത്. അവകാശപ്പെട്ട ഭക്ഷ്യധാന്യം കൃത്യമായി അടുക്കളയിലെത്തി. കോവിഡ് മഹാമാരിക്കാലത്ത് റേഷൻ കാർഡി​െൻറ നിറം നോക്കാതെ എല്ലാ ജനവിഭാഗത്തിനും ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ഭക്ഷ്യവകുപ്പി​െൻറ ദൗത്യമേൽപിക്കപ്പെട്ട മന്ത്രി ജി.ആർ. അനിൽ പുതിയ പദ്ധതികളെക്കുറിച്ച് 'മാധ്യമ'ത്തോട് മനസ്സ്​ തുറക്കുന്നു.

കോവിഡ്​ പ്രതിസന്ധികൾക്കിടയിൽനിന്നുകൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നത് വലിയൊരു വെല്ലുവിളിയാണ്. ഇടതുപക്ഷ സർക്കാറും മുൻ ഭക്ഷ്യമന്ത്രിയും കഴിഞ്ഞ അഞ്ചുവർഷം മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയത്. അത്തരം പ്രവർത്തനങ്ങളെ പാഠപുസ്തകമായി എടുത്തുകൊണ്ട് മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. പട്ടിണിമരണം ഇവിടെ സംഭവിക്കരുത്.

ഒരു കുടുംബംപോലും പട്ടിണികിടക്കരുത്. ഈ രണ്ടുറപ്പും പാലിക്കാൻ കഴിഞ്ഞ അഞ്ചു വർഷം വകുപ്പിന് സാധിച്ചിട്ടുണ്ട്. ഈ നയം പോരായ്മകളില്ലാതെ പാലിക്കും. കേരളത്തിലെ 90 ലക്ഷം കാർഡുടമകളുടെ പ്രശ്നങ്ങൾ പരിഹരിച്ച്​ മുന്നോട്ടുപോകും. ആഗസ്​റ്റ്​ മുതൽ എല്ലാമാസവും ആദ്യത്തെ വെള്ളിയാഴ്ച ഉച്ച രണ്ടു മണി മുതൽ മൂന്നു മണി വരെ ഫോൺ ഇൻ പരിപാടി നടത്തും. വകുപ്പിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും മന്ത്രിയെ നേരിട്ടറിയിക്കാം. പരിഹാരം കാണാവുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയും അല്ലാത്തവ വ്യക്തമായ കാരണത്തോടെതന്നെ അറിയിക്കുകയും ചെയ്യും.

കഴിഞ്ഞ കാലങ്ങളിൽ വ്യാപാരികളിൽനിന്നും കാർഡുടമകളിൽനിന്നും നിരന്തരം ഉയരുന്ന പരാതിയായിരുന്നു സർവർ തകരാർ. അതിന് ഉടനടി പരിഹാരമുണ്ടാക്കും. നെറ്റ്‌വർക്, സർവർ തകരാർ സംഭവിച്ചാലും അരമണിക്കൂറിനുള്ളിൽ ഉപഭോക്താവിന് റേഷൻ നൽകാൻ സംവിധാനം ഒരുക്കും. ഇതിലൂടെ റേഷൻകടകളിൽ അരമണിക്കൂറിൽ കൂടുതൽ കാത്തുനിൽക്കേണ്ടിവരില്ല. നേരിട്ട് കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ സാധിക്കാത്തവർക്ക് റേഷൻകടയുടെ പരിധിയിലുള്ള മറ്റൊരാളെ പ്രോക്‌സിയായി വെക്കുന്നതിനുള്ള സംവിധാനം ലളിതവും കാര്യക്ഷമവുമാക്കും. കോവിഡ് ബാധിച്ച് ഇതിനോടകം മുപ്പതോളം വ്യാപാരികൾക്കും സെയിൽസ്മാന്മാർക്കുമാണ് ജീവൻ നഷ്​ടമായത്.

വ്യാപാരികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നത് സംബന്ധിച്ച ഫയൽ കാബിനറ്റി​െൻറ പരിഗണനയിലാണ്. ഇപ്പോഴും അനധികൃതമായി മുൻഗണന കാർഡുകൾ കൈവശംെവച്ച് ആനുകൂല്യം പറ്റുന്നവരുണ്ട്. ഇവർ കാരണം അർഹരായ നൂറുകണക്കിന് പാവപ്പെട്ടവരാണ് പട്ടികക്ക് പുറത്തായത്. അതുകൊണ്ട് മുൻഗണന കാർഡുകൾ അനർഹമായി കൈവശം െവച്ചിരിക്കുന്നവർക്ക് അത് സ്വയം ഒഴിവാക്കുന്നതിന് ഒരവസരംകൂടി നൽകുകയാണ്. ജൂൺ 30വരെ കാർഡ് സറണ്ടർ ചെയ്യുന്നവർക്കെതിരെ പിഴചുമത്തുകയോ ശിക്ഷാനടപടികൾ സ്വീകരിക്കുകയോ ചെയ്യില്ല.

പരാതികൾ ഒരുമാസത്തിനകം പരിഹരിക്കും

താലൂക്ക് സപ്ലൈ ഓഫിസിൽ കെട്ടിക്കിടക്കുന്ന പരാതികൾ ഒരുമാസത്തിനകം പരിഹരിക്കും. താലൂക്ക് സപ്ലൈ ഓഫിസ്, ജില്ല സപ്ലൈ ഓഫിസ്, സിവിൽ സപ്ലൈസ് ഡയറക്‌ടറേറ്റ്, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയുടെ ഓഫിസ് എന്നിവിടങ്ങളിൽ വകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ നൽകുന്ന പരാതികൾ മോണിറ്റർ ചെയ്യാൻ ഒരു ഉദ്യോഗസ്ഥനെ പ്രത്യേകമായി ചുമതലപ്പെടുത്തും. നിലവിൽ പരാതി സമർപ്പിക്കാനുള്ള ടോൾഫ്രീ നമ്പർ 1967 മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെടുത്തും. min.food@kerala.gov.in എന്ന മെയിലിലൂടെ നേരിട്ടും പരാതി സമർപ്പിക്കാം.

അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കില്ല

അഴിമതിയും കരിഞ്ചന്തയും ഒരുതരത്തിലും െവച്ചുപൊറുപ്പിക്കില്ല. അത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. മുകളിൽ ശുദ്ധീകരിക്കുമ്പോൾ താഴേത്തട്ടിലും അതി​െൻറ പ്രതിഫലനം ഉണ്ടാകും.

വാതിൽപടി വിതരണത്തിൽ തൂക്കം ഉറപ്പുവരുത്തേണ്ടത് ലൈസൻസികളുടെ ചുമതലയാണ്. സാധനങ്ങൾ റേഷൻകടകൾക്ക് മുന്നിൽ തൂക്കി ഇറക്കണമെന്ന് സർക്കാർ ഉത്തരവുണ്ട്. ഇതിന് കമീഷനും കരാറുകാർക്ക് നൽകുന്നുണ്ട്. ഉത്തരവ് പാലിക്കാത്തവർക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിച്ചിരിക്കും. റേഷൻകടകളുടെ നവീകരണവും മനസ്സിലുള്ള പ്രധാന പദ്ധതിയാണ്.

ഇ–പോസ് മെഷീൻ, വെയിങ്​ മെഷീൻ എന്നിവ സംയോജിപ്പിക്കുന്ന നടപടി ഈ വർഷം പൂർത്തിയാക്കി റേഷൻ അളവിലെ കൃത്യത ഉറപ്പുവരുത്തും.

ഭക്ഷ്യക്കിറ്റ് വേണ്ടാത്തവർ അറിയിക്കണം

ഉദ്യോഗസ്ഥർ, വരുമാനമുള്ളവർ, സാമ്പത്തികശേഷിയുള്ളവർ തുടങ്ങി പലർക്കും കിറ്റ് ആവശ്യമില്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. റേഷൻകടകളിൽ രേഖാമൂലം എഴുതിനൽകിയാൽ അവരെ ഒഴിവാക്കും. പകരം, ഏറ്റവും അർഹരായവർക്ക് ആ കിറ്റുകൾ നൽകാൻ സാധിക്കും. അഗതിമന്ദിരത്തിലും അനാഥാലയത്തിലും താമസിക്കുന്ന നാലുപേരെ വീതം ഒരു യൂനിറ്റായി കണക്കാക്കി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും.

കോവിഡ് പശ്ചാത്തലത്തിൽ ക്വാറൻറീനിൽ കഴിയുന്നവർക്ക് തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് വാർഡ് അംഗത്തി​െൻറ സഹായത്തോടെ വീടുകളിൽ റേഷൻ എത്തിക്കാൻ നടപടിയെടുക്കും. മാസ്‌ക്, സാനിറ്റൈസർ, പൾസ് ഓക്‌സിമീറ്റർ തുടങ്ങിയവ വിലകൂട്ടി വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, റവന്യൂ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാവും പരിശോധന. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരം ഉയർത്തും. ഹോം ഡെലിവറി സംവിധാനം വ്യാപിപ്പിക്കാനും നടപടി സ്വീകരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civil supplies departmentGR Anil
News Summary - Sure, no one will go hungry says minister GR Anil
Next Story