ശബരിമല ഏറ്റില്ല, കേരളം ഭരിക്കുമെന്ന സുരേന്ദ്രന്‍റെ പരാമർശം തിരിച്ചടിച്ചു- ബി.ജെ.പി റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും ലഭിക്കാതെ പരാജയം ഏറ്റുവാങ്ങിയതിനെക്കുറിച്ച് പഠിക്കാന്‍ ബി.ജെ.പി നിയോഗിച്ച അഞ്ചംഗ സമിതി നേതൃത്വത്തിന് റിപ്പോര്‍ട്ട് കൈമാറി. നാല് ജനറല്‍സെക്രട്ടറിമാരും ഒരു വൈസ് പ്രസിഡന്റുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 35 സീറ്റ് കിട്ടിയാല്‍ കേരളം ഞങ്ങള്‍ ഭരിക്കുമെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവന വലിയ രീതിയില്‍ ദോഷം ചെയ്തു. ശബരിമല വിഷയം ഗുണം ചെയ്തില്ല എന്നിവയാണ് പ്രധാന വിമർശനങ്ങൾ.
35 സീറ്റ് കിട്ടിയാല്‍ കേരളം ഞങ്ങള്‍ ഭരിക്കുമെന്ന പ്രസ്താവന, കോണ്‍ഗ്രസ് ബി.ജെ.പി ധാരണയുണ്ടെന്ന ചിന്തയാണ് ജനങ്ങളില്‍ ഉണ്ടാക്കിയതെന്നും കുതിരക്കച്ചവടം നടക്കുമെന്ന തോന്നല്‍ വോട്ടര്‍മാരില്‍ ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ശബരിമല പോലുള്ള മതപരമായ വിഷയങ്ങള്‍ ഗുണം ചെയ്തില്ലെന്നും ജനകീയ വിഷയങ്ങളില്‍ ഇടപെടുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ചപറ്റിയെന്നും പറയുന്നു. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബി.ജെ.പിയുടെ പ്രവര്‍ത്തനം മാറണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മുതിര്‍ന്ന നേതാക്കളായ ഒ. രാജഗോപാല്‍, കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. നേമത്ത് ഒ. രാജഗോപാവല്‍ ജനകീയനായിരുന്നില്ല. എം.എൽ.എ എന്ന നിലയില്‍ പരാജയം ആയിരുന്നു. ശബരിമല മാത്രം പ്രചരണ വിഷയമാക്കിയത് കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍റെ തോല്‍വിക്ക് കാരണമായി. മഞ്ചേശ്വരത്തും, കോന്നിയിലും സംസ്ഥാന അധ്യക്ഷനായ സുരേന്ദ്രന്‍ മത്സരിച്ചത് പാര്‍ട്ടിക്ക് ദോഷം ചെയ്തു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഗുരുവായൂരിലും തലശേരിയിലും നാമനിര്‍ദ്ദേശ പത്രിക തള്ളിയത് തിരിച്ചടിയായി. ബി.ഡി.ജെ.എസ് മുന്നണിയിലുണ്ടായതിന്റെ ഗുണമുണ്ടായിട്ടില്ല എന്നും ഈഴവ വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താൻ കഴിഞ്ഞത് ഇടതുപക്ഷത്തിന് അനുകൂലമായെന്നും റിപ്പോര്‍ട്ട് പറയുന്നു.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് തെരഞ്ഞെടുപ്പ് അവലോകന സമിതി റിപ്പോർട്ട് സമർപ്പിച്ചത്. അടുത്തയാഴ്ച നടക്കുന്ന ബി.ജെ.പി കോര്‍കമ്മിറ്റിയോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.