‘മായക്കാഴ്ചകൾ’ ബി.ജെ.പിക്ക് തലവേദന
text_fieldsതൃശൂർ: എല്ലാവരും കണ്ട കാര്യം ‘മായക്കാഴ്ച’യെന്ന് പറഞ്ഞും പിന്നീട് നിഷേധിച്ചും ‘ഒറ്റത്തന്ത’ പരാമർശം നടത്തിയും വിവാദം സൃഷ്ടിക്കുന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ബി.ജെ.പിക്ക് തലവേദനയാവുന്നു. തൃശൂർ പൂരത്തിന് ആംബുലൻസിൽ എത്തിയിട്ടില്ലെന്ന് ചേലക്കരയിൽ പ്രചാരണയോഗത്തിൽ പറഞ്ഞ സുരേഷ് ഗോപി പിന്നീടത് തിരുത്തിയതാണ് ഒടുവിലത്തെ മലക്കം മറിച്ചിൽ. ഈ വിഷയത്തിൽ സുരേഷ് ഗോപിയെ നേരത്തേ ന്യായീകരിച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണനും തൃശൂർ ജില്ല പ്രസിഡന്റ് കെ.കെ. അനീഷ് കുമാറും വേദിയിലിരിക്കെയാണ് താൻ ആംബുലൻസിലല്ല വന്നതെന്ന് സുരേഷ് ഗോപി കഴിഞ്ഞദിവസം പറഞ്ഞത്. അങ്ങനെ ആരെങ്കിലും കണ്ടെങ്കിൽ അത് ‘മായക്കാഴ്ച’യാണെന്ന് പരിഹസിക്കുകയും ചെയ്തു. അനീഷ് കുമാർ വാർത്തസമ്മേളനത്തിലും ഗോപാലകൃഷ്ണൻ പ്രതിഷേധയോഗത്തിലുമാണ് സുരേഷ് ഗോപി ആംബുലൻസിലാണ് പൂരപ്പറമ്പിൽ എത്തിയതെന്നും തങ്ങളാണ് കൊണ്ടുവന്നതെന്നും പറഞ്ഞിരുന്നത്. മാത്രമല്ല, സുരേഷ് ഗോപി സേവാഭാരതി ആംബുലൻസിൽ വന്നിറങ്ങുന്നതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതുമാണ്.
താൻ ആംബുലൻസിൽ പോയെന്ന് ആരോപിക്കുന്നവർ ‘ഒറ്റത്തന്തക്ക് പിറന്നവരാണെങ്കിൽ സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണ’മെന്ന വെല്ലുവിളിയും സുരേഷ് ഗോപി ഉയർത്തിയിരുന്നു. എന്നാൽ, ‘ഒറ്റത്തന്ത’ പ്രയോഗം സിനിമാ ഡയലോഗാണെന്നും മാധ്യമങ്ങളാണ് വേറൊരു രീതിയിൽ അവതരിപ്പിച്ചതെന്ന കുറ്റപ്പെടുത്തലും പിന്നാലെ വന്നു. പക്ഷേ, ഒടവുൽ ഇന്നലെ അദ്ദേഹം ആംബുലൻസ് യാത്ര സ്ഥിരീകരിച്ചു. ‘15-20 ദിവസത്തോളം കാൽ വേദനിച്ചാണ് പ്രചാരണം നടത്തിയത്, ആ അവസ്ഥയിൽ തിരക്കിൽ നടക്കാൻ പറ്റാത്തതിനാൽ തൃശൂർ റൗണ്ട് വരെ കാറിൽ വന്ന് അവിടെനിന്നാണ് ആംബുലൻസിൽ ചെന്നത്’ എന്ന് സമ്മതിച്ചു. സമാനമാണ് ‘ഒറ്റത്തന്ത പ്രയോഗ’ത്തിലുള്ള വിശദീകരണവും. താൻ സിനിമാ ഡയലോഗാണ് പറയുന്നത് എന്നു പറഞ്ഞാണ് ആ പ്രയോഗം നടത്തിയതെന്നും അത് ‘നിങ്ങളാണ് ആരെയോ ഉദ്ദേശിച്ച് മാറ്റിക്കൊടുത്തത്’ എന്നുമാണ് പുതിയ വിശദീകരണം. ‘മായക്കാഴ്ചകൾ’ പലപ്പോഴും ബാധ്യതയാവുന്നതായി ബി.ജെ.പി വൃത്തങ്ങളിൽതന്നെ സംസാരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.