എ.ഡി.എമ്മിന്റെ മരണം: പെട്രോൾ പമ്പുകളുടെ എൻ.ഒ.സി പരിശോധിക്കും-സുരേഷ് ഗോപി
text_fieldsകോന്നി: കഴിഞ്ഞ 25 വർഷത്തിനുള്ളിൽ അനുമതി നൽകിയ പെട്രോൾ പമ്പുകളുടെ എൻ.ഒ.സി അടിയന്തരമായി പരിശോധിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ആത്മഹത്യ ചെയ്ത കണ്ണൂർ എ.ഡി.എം കെ.നവീൻ ബാബുവിന്റെ മലയാലപ്പുഴയിലെ വീട്ടിൽ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ അനുമതി പ്രകാരമാണോ കഴിഞ്ഞ 25 വർഷത്തിനിടെ പെട്രോൾ പമ്പുകൾക്ക് അനുമതി നൽകിയത് എന്ന വിഷയം പരിശോധിക്കും. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ചില വിവരങ്ങൾ ലഭിക്കുന്നുണ്ട്. പെട്രോളിയം മന്ത്രാലയത്തിന്റെ നിയമങ്ങൾ മറികടന്ന് കാര്യങ്ങൾ നീക്കിയിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാവും. കേന്ദ്ര തലത്തിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നവീൻ ബാബുവിന്റെ കുടുംബം നിലവിൽ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. മാധ്യമങ്ങൾക്കുള്ളതുപോലെ തനിക്കും പലതിലും സംശയമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രശാന്തിനു വേണ്ടി എ.ഡി.എമ്മിനെ ബന്ധപ്പെട്ടതായി സി.പി.ഐ
കണ്ണൂർ: പെട്രോൾ പമ്പിന്റെ എൻ.ഒ.സിക്കായി സി.പി.ഐ സഹായിച്ചെന്ന അപേക്ഷകൻ പ്രശാന്തന്റെ വാദം സ്ഥിരീകരിച്ച് സി.പി.ഐ ജില്ല സെക്രട്ടറി സി.പി. സന്തോഷ് കുമാർ. പെട്രോൾ പമ്പ് വിഷയത്തിൽ പ്രശാന്തിന്റെ ആവശ്യപ്രകാരം എ.ഡി.എം കെ. നവീൻ ബാബുവിനെ വിളിച്ചിരുന്നുവെന്നും സ്ഥലം സന്ദർശിക്കണമെന്നും പറഞ്ഞിരുന്നു. വിഷയം ശ്രദ്ധയിൽ ഉണ്ടെന്ന് എ.ഡി.എം പറഞ്ഞു.
സ്ഥലം സന്ദർശിച്ചതായി പിന്നീട് അറിഞ്ഞെന്നും നവീൻ ബാബുവിനെ കുറിച്ച് പരാതികളുണ്ടായിരുന്നില്ലെന്നും നല്ല ഉദ്യോഗസ്ഥനാണെന്നാണ് മനസിലാക്കിയതെന്നും സന്തോഷ് കുമാർ പറഞ്ഞു. പെട്രോൾ പമ്പിനായുള്ള അപേക്ഷയിൽ സി.പി.ഐ സഹായിച്ചിരുന്നുവെന്ന് ലാൻഡ് റവന്യൂ ജോയന്റ് കമീഷണർക്ക് അടക്കം നൽകിയ മൊഴികളിൽ പ്രശാന്തൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.