കിരീടത്തിലെ സ്വർണ വിവാദം: എന്‍റെ ത്രാണിക്കനുസരിച്ചാണ് നൽകിയത്, മാതാവ് അത് സ്വീകരിക്കും -സുരേഷ് ഗോപി
text_fieldsതൃശൂര്‍: ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടത്തിൽ എത്ര സ്വർണമുണ്ടെന്ന വിവാദത്തിൽ പ്രതികരിച്ച് തൃശൂർ ലോക്സഭാ മണ്ഡലം ബി.ജെ.പി സ്ഥാനാർഥി ചലചിത്ര താരം സുരേഷ് ഗോപി. തന്റെ ആചാരപ്രകാരമാണ് കിരീടം സമര്‍പ്പിച്ചതെന്നും മാതാവ് അത് സ്വീകരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
‘എന്റെ ആചാരപ്രകാരമാണ് കിരീടം സമര്‍പ്പിച്ചത്. നീചമായ വർഗീയ പ്രചാരണമാണ് നടക്കുന്നത്. ആരാണ് വർഗീയത പ്രചരിപ്പിക്കുന്നതെന്ന് മനസ്സിലായില്ലേ. എത്രയോ ആളുകൾ ചെയ്യുന്നു. ഞാൻ ചെയ്തതിനേക്കാൾ മേലെയും താഴെയും ചെയ്യുന്നവരുണ്ട്. മാതാവ് അത് സ്വീകരിക്കും. എന്റെ ത്രാണിക്കനുസരിച്ചാണ് കിരീടം നൽകിയത്. വിശ്വാസികള്‍ക്ക് അത് പ്രശ്‌നമില്ല. കിരീടത്തിന്റെ കണക്കെടുക്കാൻ നടക്കുന്നവർ കരുവന്നൂർ അടക്കം സഹകരണ ബാങ്കുകളിലേക്ക് പോകണം. അവിടെ ചോരയും ജീവനും നഷ്ടപ്പെട്ടവരുടെ കണക്കെടുക്കണം’ -സുരേഷ് ഗോപി പറഞ്ഞു.
സ്വർണക്കിരീടം എന്ന പേരില്‍ ചെമ്പിൽ സ്വർണം പൂശി നല്‍കിയെന്ന ആക്ഷേപം ഉയരുകയായിരുന്നു. ലൂർദ് ഇടവകാ പ്രതിനിധി യോഗത്തിൽ കൗൺസിലർ ലീല വർഗീസ് കിരീടത്തിൽ എത്ര സ്വർണമുണ്ടെന്ന് അറിയണമെന്ന ആവശ്യം ഉന്നയിച്ചു. ഇതോടെ ഇത് പരിശോധിക്കാൻ അന്വേഷണ കമ്മിറ്റി രൂപവൽകരിച്ചിരിക്കുകയാണ്. പള്ളി വികാരിയുൾപ്പെടെ അഞ്ചംഗ കമ്മിറ്റിയാണ് അന്വേഷിക്കുന്നത്.
മകളുടെ വിവാഹത്തിന് മുന്നോടിയായാണ് സുരേഷ് ഗോപി കുടുംബ സമേതം എത്തി പള്ളിയിൽ സ്വർണകിരീടം സമർപ്പിച്ചത്. മകളുടെ വിവാഹത്തിന് മുമ്പായി ലൂര്‍ദ് മാതാവിന് സ്വർണക്കിരീടം സമര്‍പ്പിക്കുമെന്ന് നേര്‍ച്ചയുണ്ടായിരുന്നെന്നാണ് അന്ന് സുരേഷ് ഗോപി പറഞ്ഞത്. മാതാവിന്റെ രൂപത്തിൽ അണിയിച്ച കിരീടം അൽപസമയത്തിനകം താഴെ വീണതോടെ സുരേഷ് ഗോപിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ പരിഹാസം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.