'വിഷുക്കൈനീട്ട വിവാദത്തിന് പിന്നിൽ ചൊറിയന്‍ മാക്രിപ്പറ്റങ്ങൾ'; കാൽതൊട്ട് നമിച്ചതിനെ വിമർശിച്ചവർക്കെതിരെ സുരേഷ് ഗോപി
text_fieldsതൃശൂർ: ക്ഷേത്രങ്ങളിൽ സംഘടിപ്പിച്ച വിഷുക്കൈ നീട്ട പരിപാടി വിവാദമാക്കിയത് ചൊറിയന്‍ മാക്രിപ്പറ്റങ്ങളെന്ന് ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി. ഹീനമായ ചിന്തയുള്ളവരാണ് കൈനീട്ട പരിപാടിക്കെതിരെ വന്നിരിക്കുന്നത്. കുഞ്ഞുങ്ങളെ അനുഗ്രഹിച്ച് ഒരു രൂപ നല്‍കുന്നതില്‍ എന്താണ് കുഴപ്പം? - സുരേഷ് ഗോപി ചോദിച്ചു. തൃശൂരിൽ റോഡരികിൽ കാർ നിർത്തി വിഷുക്കൈനീട്ടം നൽകുന്ന സുരേഷ് ഗോപിയെ, കൈ നീട്ടം വാങ്ങാനെത്തിയ പ്രായമായവർ ഉൾപ്പെടെ കാൽതൊട്ട് നമിക്കുന്ന വിഡിയോ ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതേതുടർന്നാണ് നടന്റെ പ്രതികരണം.
തിരുവനന്തപുരത്ത് ബി.ജെ.പി പ്രവർത്തകർക്ക് വിഷുക്കൈനീട്ടം നൽകുന്ന ചടങ്ങിലാണ് വിമർശകർ മാക്രിക്കൂട്ടങ്ങളാണെന്ന് നടൻ പരിഹസിച്ചത്. ഈ ചടങ്ങിൽ 'ശ്രീ സുരേഷ്ഗോപി അവർകളുടെ പാദത്തിലാരും തൊട്ടുനമിക്കരുതെന്ന്' സംഘാടകർ അനൗൺസ് ചെയ്തിരുന്നു.
സുരേഷ്ഗോപിയുടെ വാക്കുകൾ:
''ചില വക്ര ബുദ്ധികളുടെ നീക്കം വിഷുക്കൈ നീട്ടത്തിനെതിരെ വന്നിട്ടുണ്ട്. അത് നമ്മുടെ ഏറ്റവും വലിയ വിജയമായാണ് ഞാൻ കണക്കാക്കുന്നത്. അവർക്ക് അസഹിഷ്ണുതയുണ്ടായി. ഞാനതുദ്ദേശിച്ചിരുന്നില്ല. കുരുന്നുകളുടെ കൈയിലേക്ക് ഒരു രൂപയാണ് വെച്ച് കൊടുക്കുന്നത്. 18 വർഷത്തിന് ശേഷം വോട്ട് പിടിക്കാനുള്ള കപ്പമല്ല അത്. വിഷുവെന്ന് പറയുന്നത് ഹിന്ദുവിന്റേതല്ല. ദക്ഷിണേന്ത്യക്കാരുടെ മുഴുവൻ ഒരു ആചാരമാണ്. ഒരു രാജ്യത്തിന്റെ സമ്പന്നതയിലേക്കാണ് ഓരോ കുരുന്നും സംഭാവന ചെയ്യുന്നത്.
'ഒരു രൂപയുടെ നോട്ടിൽ ഗാന്ധിയുടെ ചിത്രമാണുള്ളത്. അതിൽ നരേന്ദ്ര മോദിയുടെയോ സുരേഷ് ഗോപിയുടെയോ ചിത്രമല്ല ഉള്ളത്. ഒരു രൂപ നോട്ടെടുത്ത് മഹാലക്ഷ്മി ദേവിയെ പ്രാർത്ഥിച്ച് കുഞ്ഞിന്റെ കൈ വെള്ളയിൽ വെച്ച് കൊടുക്കുന്നത് ഈ കുഞ്ഞ് പ്രാപ്തി നേടി നിർവഹണത്തിനിറങ്ങുമ്പോൾ കൈയിൽ ഒരു കോടി വന്നു ചേരുന്ന അനുഗ്രഹ വർഷമാവണേ എന്ന് പ്രാർത്ഥിച്ച് കൊണ്ടാണ്. ആ നൻമ മനസ്സിലാക്കാൻ പറ്റാത്ത മാക്രി പറ്റങ്ങളോട് എന്താണ് പറയാനുള്ളത്. ഞാനുറപ്പിച്ചു. ചൊറിയൻ മാക്രി പറ്റങ്ങളാണവർ. ധൈര്യമുണ്ടെങ്കിൽ പ്രതികരിക്കട്ടെ. ഞാൻ കച്ചയും കെട്ടി ഇറങ്ങിയിരിക്കുകയാണ്. ''
കഴിഞ്ഞയാഴ്ച മുതലാണ് സുരേഷ് ഗോപി തൃശൂരില്‍ വിഷുക്കൈനീട്ട പരിപാടികള്‍ തുടങ്ങിയത്. തിരുവമ്പാടി, പാറമേക്കാവ്, വടക്കുംനാഥ ക്ഷേത്രങ്ങളില്‍ അദ്ദേഹം മേല്‍ശാന്തിമാര്‍ക്ക് ദക്ഷിണ നല്‍കി. തുടര്‍ന്ന് ഇവര്‍ക്ക് കൈ നീട്ട നിധി നല്‍കി. റിസര്‍വ് ബാങ്കില്‍ നിന്ന് വാങ്ങിയ ഒരു ലക്ഷം രൂപയുടെ പുത്തന്‍ ഒരു രൂപ നോട്ടുകളാണ് കൈനീട്ട പരിപാടിക്കായി കൊണ്ടുവന്നത്. അതേസമയം, ഇത്തരത്തില്‍ മേല്‍ശാന്തിമാര്‍ തുക സ്വീകരിക്കുന്നത് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിലക്കിയിരുന്നു. ക്ഷേത്രങ്ങളെ ദുരപയോഗം ചെയ്യുന്നതിന് തുല്യമാണെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.