മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ക്ഷമചോദിച്ച് സുരേഷ് ഗോപി
text_fieldsകോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ക്ഷമ ചോദിച്ച് സുരേഷ് ഗോപി. ഫേസ്ബുക്കിലൂടെയാണ് സുരേഷ് ഗോപിയുടെ ക്ഷമാപണം. മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് മാധ്യമപ്രവർത്തകയോട് പെരുമാറിയത്. ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല.
എന്നാൽ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് തന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നുവെന്ന് സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മാധ്യമപ്രവർത്തക കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ അറിയിച്ചിരുന്നു. മറ്റ് ഉചിതമായ നിയമ നടപടികളും സ്വീകരിക്കും.തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകൾക്കും നേരെയുള്ള അവഹേളനമാണിത്. തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം.വി. വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും ആവശ്യപ്പെട്ടു.
ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ കൈ വെക്കുമ്പോൾ തന്നെ അവർ അത് തട്ടിമാറ്റുന്നുണ്ട്. ഇത് ആവർത്തിച്ചപ്പോഴും കൈ തട്ടിമാറ്റേണ്ടി വന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്ത് ന്യായീകരണം പറഞ്ഞാലും സുരേഷ് ഗോപിയുടെ പ്രവൃത്തി അംഗീകരിക്കാൻ കഴിയാത്തതാണ്. ഇത് അത്യന്തം അപലപനീയമാണെന്നും മാധ്യമപ്രവർത്തകയ്ക്കൊപ്പം യൂണിയൻ ഉറച്ചുനിൽക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.