വഖഫ് ഭേദഗതി: കൊരട്ടി മുത്തിക്ക് പട്ടും പഴവും സമർപ്പിച്ച് സുരേഷ് ഗോപി
text_fieldsകൊരട്ടി: വഖഫ് നിയമ ഭേദഗതി ബിൽ രാജ്യസഭയിൽ പാസായതിന്‍റെ സന്തോഷം പ്രകടിപ്പിക്കാൻ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കൊരട്ടി മുത്തിയുടെ ദേവാലയത്തിലെത്തി പട്ടും പൂവൻപഴവും മധുരപലഹാരങ്ങളും സമർപ്പിച്ചു. വഖഫ് നിയമ ഭേദഗതി രാജ്യസഭയിലും പാസായത് മോദി സര്‍ക്കാറിന്‍റെ മറ്റൊരു നാഴികക്കല്ലാണെന്നും പ്രധാനപ്പെട്ട ഈ വിഷയത്തില്‍ പങ്കെടുക്കാനായതിൽ വളരെ സന്തോഷമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഇനിയും കൊരട്ടിയിൽ വരുമെന്നും മുനമ്പത്തെ സമരപോരാളികള്‍ക്ക് കൊരട്ടി മുത്തിയുടെ നടയില്‍വെച്ച് ഒരു നേരത്തെ ഭക്ഷണം കൊടുക്കണമെന്ന് ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിൽനിന്ന് നെടുമ്പാശ്ശേരിയിൽ വെള്ളിയാഴ്ച രാവിലെ വിമാനമിറങ്ങിയ സുരേഷ് ഗോപി ഒമ്പതു മണിയോടെ കൊരട്ടി പള്ളിയിലെത്തി. വികാരി ഫാ. ജോണ്‍സണ്‍ കക്കാട്ട്, സഹവികാരിമാരായ ഫാ. അമല്‍ ഓടനാട്ട്, ഫാ. ജിന്‍സ് ഞാണയിൽ, കൈക്കാരന്‍മാർ എന്നിവർ സ്വീകരിച്ചു. വൈദികൻ ശിരസ്സിൽ കൈതൊട്ട് പ്രാർഥിച്ചു. വൈദികൻ നൽകിയ മാതാവിന്‍റെ രൂപവുമായാണ് സുരേഷ് ഗോപി മടങ്ങിയത്. സുരേഷ് ഗോപിയെ സ്വീകരിക്കാൻ ചാലക്കുടിയിലെ ബി.ജെ.പി നേതാക്കളും എത്തിയിരുന്നു.
കൊരട്ടി തിരുനാളിനോടനുബന്ധിച്ച് സുരേഷ് ഗോപി ഏതാനും മാസം മുമ്പ് ദേവാലയത്തിൽ എത്തിയിരുന്നു. അന്നും വികാരി സമ്മാനിച്ച മാതാവിന്റെ പ്രതിമ മുനമ്പത്തെ സമരപ്പന്തലിലാണ് സുരേഷ് ഗോപി സ്ഥാപിച്ചത്. കേന്ദ്ര സർക്കാർ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുമെന്നും അത് സംഭവിച്ചാൽ കൊരട്ടി പള്ളിയിലെത്തി മാതാവിനോട് നന്ദി പ്രകടിപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.