സുരേഷ് ഗോപി മുരളീ മന്ദിരത്തിൽ; കെ. കരുണാകരൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി
text_fieldsതൃശൂർ: കോൺഗ്രസ് നേതാവ് കെ. കരുണാകരന്‍റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുരളീ മന്ദിരത്തിലെത്തിയ സുരേഷ് ഗോപി പത്മജ വേണുഗോപാലിനൊപ്പമാണ് കരുണാകരന്‍റെ സ്മൃതി മണ്ഡപത്തിൽ എത്തിയത്. ബി.ജെ.പി ജില്ലാ നേതാക്കളും സുരേഷ് ഗോപിക്കൊപ്പം ഉണ്ടായിരുന്നു.
കേരളത്തിലെ കോൺഗ്രസിന്‍റെ പിതാവായാണ് കെ. കരുണാകരനെ കാണുന്നതെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. ഇന്ദിര ഗാന്ധിയെ ഭാരതത്തിന്‍റെ മാതാവായി കാണുന്നത് പോലെയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ധീരനായ ഭരണകർത്താവ് എന്ന നിലക്ക് കരുണാകരനോട് ആരാധനയുണ്ട്. അതിനാൽ, കരുണാകരൻ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കക്ഷിയോടും ഇഷ്ടമാണ്. രാജ്യം നൽകിയ പദവിയിൽ ഇരുന്ന് ഗുരുത്വം നിർവഹിക്കാനാണ് സ്മൃതി മണ്ഡപത്തിൽ എത്തിയത്.
ഭാരതീയതക്ക് വേണ്ടി നിലകൊള്ളുന്ന ആളെന്ന നിലയിൽ തന്‍റെ രാഷ്ട്രീയം വ്യക്തമാണ്. അത് ഉടയാൻ പാടില്ല. വ്യക്തിപരമായ കാര്യങ്ങളിൽ രാഷ്ട്രീയം പാടില്ല. ശാരദ ടീച്ചർ എന്‍റെ അമ്മയാണെങ്കിൽ അതിന് മുമ്പ് തനിക്ക് കിട്ടിയ അമ്മയാണ് കല്യാണിക്കുട്ടിയമ്മ.
2019ൽ സ്ഥാനാർഥിയായപ്പോൾ കരുണാകരന്‍റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താൻ പത്മജയോട് അനുമതി ചോദിച്ചിരുന്നു. എന്നാൽ, വ്യക്തമായ രാഷ്ട്രീയ ദിശാബോധവും ഉത്തരവാദിത്തവും ഉള്ളതിനാൽ അവർ പാടില്ലെന്നും തെറ്റാണെന്നും പറഞ്ഞു. തന്‍റെ പാർട്ടിക്കാരോട് എന്ത് പറയുമെന്നും ആ ഉത്തരവാദിത്തം തനിക്കുണ്ടെന്നും പത്മജ വ്യക്തമാക്കി. അവർ പറഞ്ഞത് ഇത്രയും കാലം താൻ മാനിച്ചെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
താൻ ഗുരുസ്ഥാനം കൽപിച്ച രണ്ട് മഹത് വ്യക്തികൾ തന്‍റെ രാഷ്ട്രീയപാതയിൽ അല്ലായിരുന്നുവെന്ന പശ്ചാത്തലത്തിൽ തനിക്ക് ഗുരുത്വം കൈമോശം വരാൻ പാടില്ല. അത് ദൈവനിന്ദയാകും. അത് മുരളീധരനോ പത്മജക്കോ തടയാൻ സാധിക്കില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
സഹോദരി പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ പോയതിന് പിന്നാലെ മുരളീമന്ദിരം സംഘി കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്നും ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ വ്യക്തമാക്കിയിരുന്നു. പത്മജ വര്‍ഗീയ കക്ഷികളുടെ കൂടെ പോയതു കൊണ്ട് ഒരിക്കലും അച്ഛന്റെ ആത്മാവ് പൊറുക്കില്ല. സഹോദരിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയെ ഒരു ഘട്ടത്തില്‍ ചതിച്ചവരുമായിട്ട്, അത് സഹോദരിയായാലും ആരായാലും കോംപ്രമൈസില്ല. അച്ഛന്‍ അന്ത്യ വിശ്രമം കൊള്ളുന്നയിടത്ത് സംഘികള്‍ നിരങ്ങാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ഒറ്റക്കെട്ടായി അതിനെ എതിര്‍ക്കുമെന്നും മുരളീധരൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.